Government committed to providing land to deserving people

അര്‍ഹരായവര്‍ക്ക് ഭൂമി നല്‍കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം

‘എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ’ കര്‍മ്മ പദ്ധതിയുടെ ഭാഗമായി അര്‍ഹരായ എല്ലാ ഗുണഭോക്താക്കള്‍ക്കും ഭൂമി നല്‍കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു.

മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ജില്ലാതല പട്ടയമേളയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സര്‍ക്കാര്‍ അധികാരമേറ്റശേഷം ജില്ലയില്‍ നടന്ന ഏഴ് പട്ടയ മേളകളിലായി 5413 പട്ടയങ്ങള്‍ വിതരണം ചെയ്തതായി മന്ത്രി പറഞ്ഞു. താലൂക്ക് തലത്തില്‍ സംഘടിപ്പിക്കുന്ന പട്ടയ അസംബ്ലികളില്‍ ഗുണഭോക്താക്കളും ജനപ്രതിനിധികളും ഇടപെടല്‍ നടത്തണം. ഇതര വകുപ്പുകളുടെ കൈവശമുള്ള ഭൂമിക്ക് ആവശ്യമായ രേഖകള്‍ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുന്നുണ്ട്. ഗോത്ര വിഭാഗക്കാര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിന് പ്രത്യേക ശ്രദ്ധയാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

രേഖ നല്‍കുന്നതില്‍ കാലതാമസം ഉണ്ടാവുന്നത് എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കി കൃത്യത ഉറപ്പാക്കു ന്നതിനാലാണ്.

പടിഞ്ഞാറത്തറ-പൂഴിത്തോട് ചുരമില്ലാ പാത യാഥാർഥ്യമാക്കുന്നതിന് വനമേഖലയിലുള്‍പ്പെട്ട പ്രദേശത്തെ സര്‍വ്വെ പൂര്‍ത്തിയാക്കാനുണ്ടെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു.

തുരങ്കപാത നിര്‍മ്മാണം അതിവേഗം നടപ്പാക്കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. ജില്ലയുടെ സര്‍വ്വതോന്മുഖമായ പുരോഗതിക്ക് സര്‍ക്കാര്‍ അതിവേഗം നടപടികള്‍ നടപ്പാക്കുകയാണെന്ന് മന്ത്രി പറഞ്ഞു.