Dr. B. R. Ambedkar Media Award announced

ഡോ. ബി. ആർ. അംബേദ്ക്കർ മാധ്യമ അവാർഡ് പ്രഖ്യാപിച്ചു

ഡോ. ബി. ആർ. അംബേദ്ക്കർ മധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ മന്ത്രി ഒ. ആർ. കേളു വാർത്താ സമ്മേളനത്തിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. 2023 ആഗസ്റ്റ് 16 മുതൽ 2024 ആഗസ്റ്റ് 15 വരെ പട്ടികജാതി, പട്ടികവർഗ മേഖലയിലെ ക്ഷേമ വികസന പ്രവർത്തനങ്ങളും പ്രശ്നങ്ങളും സംബന്ധിച്ച റിപ്പോർട്ടുകളും പരിപാടികളുമാണ് അവാർഡിനായി പരിഗണിച്ചത്.

അച്ചടി മാധ്യമങ്ങളിൽ അവാർഡിന് അർഹമായത് ജനയുഗം പത്രത്തിൽ പ്രസിദ്ധീകരിച്ച പൂമാലയിലെ പൂക്കൾ എന്ന പരമ്പരയാണ്. ഇടുക്കി ബ്യൂറോ ചീഫ് ആർ. സാംബനാണ് അവാർഡ് ജേതാവ്. തൊടുപുഴ പൂമാല എന്ന പട്ടികവർഗ ഗ്രാമത്തിലെ സ്കൂളിൽ സാമൂഹ്യ പ്രവർത്തകരും മറ്റും ചേർന്ന് സംഘടിപ്പിച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ആ സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങളാണ് പരമ്പരയിൽ. 30,000 രൂപയും ഫലകവുമാണ് അവാർഡ്.

രാഷ്ട്രദീപിക പാലക്കാട് ബ്യൂറോ ചീഫ് എം. വി. വസന്ത് തയ്യാറാക്കിയ അരിഞ്ഞെറിയാം രക്തക്കറുപ്പിനെ എന്ന പരമ്പര ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായി. പട്ടികവർഗ മേഖലയിൽ ബാധിച്ചുകൊണ്ടിരിക്കുന്ന അരിവാൾ രോഗത്തിന്റെ ഭീകരത വരുച്ചകാട്ടുന്ന പരമ്പരായാണിത്. 10,000 രൂപയും ഫലകവുമാണ് അവാർഡ്.

ദൃശ്യ വിഭാഗത്തിൽ മാതൃഭൂമി ന്യൂസിലെ കണ്ടന്റ് ക്രിയേറ്റർ നീതു എൻ. തയ്യാറാക്കിയ ഒരുപാടുനാളത്തെ സ്വപ്നമാണ് നിയമഗോത്രം, അതിന്റെ ആദ്യ പടിയായി വക്കീൽ കോട്ടണിയാൻ കൽപ്പന എന്ന പരമ്പരയ്ക്കാണ് അവാർഡ്. പട്ടികവർഗ വിദ്യാർഥികൾക്ക് എൽ.എൽ.ബി പ്രവേശനത്തിനായി പ്രത്യേക പരിശീലനവും മറ്റു നൽകി അവരെ ഉന്നതിയിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങളെ സംബന്ധിക്കുന്നതാണ് പരമ്പര. 30000 രൂപയും ഫലകവുമാണ് അവാർഡ്.

ശ്രവ്യ മാധ്യമ വിഭാഗത്തിൽ മാറ്റൊലി എഫ്.എം റേഡിയോയിലെ പ്രൊഡ്യൂസർ കെ. പൂർണ്ണിമയ്ക്കാണ് അവാർഡ്. പണിയ വിഭാഗക്കാർക്കിടയിൽ ഉണ്ടായ മുന്നേറ്റത്തിന്റെ പ്രയോജനപ്രദമായ റിപ്പോർട്ടാണിതെന്ന് ജൂറി വിലയിരുത്തി. 15000 രൂപയും ഫലകവുമാണ് അവാർഡ്.

ഡിസംബർ 6ന് ഉച്ചയ്ക്ക് 12ന് കെ.ടി.ഡി.സി ചൈത്രം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സ്പീക്കർ എ.എൻ ഷംസീർ മാധ്യമ അവാർഡുകൾ വിതരണം ചെയ്യും. രാവിലെ 10 മുതൽ ഇന്ത്യൻ മാധ്യമ ലോകത്തെ എസ്.എസി/എസ്.ടി പ്രാതിനിധ്യം എന്ന വിഷയത്തിൽ മാധ്യ സെമിനാർ നടക്കും. മീഡിയ അക്കാദമി ചെയർമാൻ ആ. എസ്. ബാബു, എം. വി. നികേഷ്കുമാർ, ആതിര തമ്പി, സരിത വർമ്മ, കെ. രാജേഷ് ചിറപ്പാട് തുടങ്ങിവർ സെമിനാറിൽ പങ്കെടുക്കും.

അവാർഡിന് പരിഗണനയ്ക്കുവന്ന അച്ചടി-ദൃശ്യ റിപ്പോർട്ടുകളിൽ വേണ്ടത്ര അന്വേഷണവും ജാഗ്രതയും കുറവായിരുന്നെന്ന് ജൂറി വിലയിരുത്തി. പി.ആർ.ഡി ഡയറക്ടർ ടി.വി സുഭാഷ് ചെയർമാനായ സമിതിയിൽ മാധ്യമ പ്രവർത്തകരായ കെ. പി. രവീന്ദ്രനാഥ്, പ്രിയ രവീന്ദ്രൻ, സരസ്വതി നാഗരാജൻ, രാജേഷ് കെ. എരുമേലി എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.