
ശ്രീ. കെ. രാധാകൃഷ്ണൻ
ശ്രീ. കെ. രാധാകൃഷ്ണൻ
ഇടുക്കിജില്ലയിലെ പുള്ളിക്കാനത്ത് പരേതനായ എം.സി. കൊച്ചുണ്ണിയുടെയും ചിന്നമ്മയുടെയും മകനായി 1964 മാർച്ച് 24-ന് ജനിച്ചു. അച്ഛൻ ഒരു തോട്ടം തൊഴിലാളിയായിരുന്നു. തോന്നൂർക്കര എ.യു.പി. സ്കൂളില്‍ പ്രാധമിക വിദ്യാഭ്യാസവും ചേലക്കര എസ്.എം.ടി.ജി.എച്ച്.എസില്‍ ഹൈസ്കൂൾ പഠനവും നടത്തി. വടക്കാഞ്ചേരി ശ്രീ. വ്യാസ കോളേജിലും ശ്രീ കേരള വർമ്മ കോളേജിലും തുടർ പഠനം നടത്തി. വിദ്യാർത്ഥി ജീവിതത്തിനിടെത്തന്നെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു.
രാഷ്ട്രീയജീവിതം
എസ്.എഫ്.ഐ. യിലൂടെയാണ് രാഷ്ട്രിയ പ്രവേശനം നടത്തിയത്. കേരള വർമ കോളേജിൽ യുണിറ്റ് സെക്രട്ടറി, ചേലക്കര ഏരിയ സെക്രട്ടറി, തൃശൂർ ജില്ല സെക്രട്ടറിയറ്റ് അംഗം എന്നീ സ്ഥാനങ്ങൾ എസ്.എഫ്.ഐയിൽ വഹിച്ചിട്ടുണ്ട്. ഡി.വൈ.എഫ്.ഐ. ചേലക്കര ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ഗ്രന്ഥ ശാലാ സംഘം, സമ്പൂർണ സാക്ഷരതാ യജ്ഞം എന്നിവയിൽ പങ്കാളിയായിട്ടുണ്ട്. 1991-ൽ വള്ളത്തോൾ നഗർ ഡിവിഷനിൽ നിന്നും തൃശൂർ ജില്ലാ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപെട്ടു.1996-ൽ ആദ്യമായി ചേലക്കര നിയോജകമണ്ഡലത്തിൽനിന്നും നിയമസഭാ സാമാജികനായി. 1996 -2001 സമയത്ത് ഇ.കെ. നായനാർ മന്ത്രിസഭയിൽ പട്ടിക ജാതി പട്ടിക വർഗ്ഗ ക്ഷേമം, യുവജന കാര്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയായിരുന്നു. 2001-ൽ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും പ്രതിപക്ഷ ചീഫ് വിപ്പാവുകയും ചെയ്തു. 2006-ൽ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പന്ത്രണ്ടാം നിയമസഭയിൽ സ്പീക്കറായി.2021 ൽ അഞ്ചാം തവണ ചേലക്കരയിൽ നിന്ന് 39400 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്.
പദവികള്‍
സി.പി.ഐ.(എം.) സംസ്ഥാന കമ്മിറ്റി അംഗം
സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം
ദളിത് ശോഷൻ മുക്തി മഞ്ച് അഖിലേന്ത്യ പ്രസിഡന്റ്