All scheduled castes will be made heirs of land through various schemes

വിവിധ പദ്ധതികളിലൂടെ എല്ലാ പട്ടിക വിഭാഗക്കാരെയും ഭൂമിയുടെ അവകാശികളാക്കും

ഭൂമിവാങ്ങൽ, ലാന്റ് ബാങ്ക്, നിക്ഷിപ്ത വനഭൂമി പതിച്ച് നൽകൽ, വനാവകാശ നിയമം തുടങ്ങിയ പദ്ധതികളിലൂടെ ഈ സർക്കാരിന്റെ കാലത്ത് തന്നെ എല്ലാ ഭൂരഹിത പട്ടിക വിഭാഗ കുടുംബങ്ങൾക്കും ഭൂമി നൽകാനാണ് ലക്ഷ്യമിടുന്നത്. വീട്, വഴി, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ എല്ലാവരിലുമെത്തിക്കുന്നതിനാണ് പ്രഥമ പരിഗണന.

അടുത്ത 2 വർഷത്തിനകംമുഴുവൻ പട്ടിക വിഭാഗക്കാർക്കും വീട് നൽകുന്നതിന് ലക്ഷ്യമിടുന്നു. ഈ വർഷം 440 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. വീടുകളുടെ നവീകരണം ആവശ്യമുള്ള മുഴുവൻ വീടുകളും സേഫ് പദ്ധതിയിലൂടെ നവീകരിക്കും. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് സേഫ് പദ്ധതി കൂടുതൽ വിപുലപ്പെടുത്തുന്നതാണ്.പഠനമുറി പദ്ധതിയും വിപുലീകരിക്കും.

സർക്കാർ മേഖലകളിൽ ഹോണറേറിയത്തോടെയുള്ള തൊഴിൽ പരിശീലനവും ഇന്റേൺഷിപ്പും കൂടുതൽ വിപുലപ്പെടുത്തും. കൃഷി, മൃഗസംരക്ഷണം, ഫിഷറീസ്, പത്രപ്രവർത്തനം, മീഡിയ, MBA, ലൈബ്രറി സയൻസ് തുടങ്ങിയ മേഖലകളിലേക്കും ട്രേസ് പദ്ധതി (ട്രെയിനിങ് ഫോർ കരിയർ എക്സലൻസ് ) വ്യാപിപ്പിക്കും.

എക്സൈസ് വകുപ്പിൽ പട്ടികവർഗ്ഗക്കാരിൽ നിന്നും പ്രത്യേക റിക്രൂട്ട്മെന്റ് നടത്താനുള്ള നടപടികൾ സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായി 500 വനാശ്രിത പട്ടിക വർഗക്കാരെ PSC വഴി സർക്കാർ നിയമിച്ചിരുന്നു.

പ്രീ മെട്രിക്ക്, പോസ്റ്റ് മെട്രിക്ക് തുടങ്ങി വിവിധ തലങ്ങളിലായി പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗങ്ങളിൽ നിന്നും
11 ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകി വരുന്നുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകിയതോടെ ഈ സംഖ്യ ഓരോ വർഷവും വർധിച്ചു വരികയാണ്.

മണ്ണന്തല അംബേദ്ക്കർ ഭവനിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സർവ്വീസ് എക്സാമിനേഷൻ ട്രെയ്നിംഗ് സൊസൈറ്റി (ICSETS) കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി വിപുലീകരിക്കും. ഇതിലൂടെ പഠിച്ചവരിൽ 14 പേർ സിവിൽ സർവ്വീസ് കരസ്ഥമാക്കിയിട്ടുണ്ട്. സിവിൽ സർവ്വീസ് അടക്കമുള്ള വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് മികച്ച റീഡിംഗ് റൂമും, ഡിജിറ്റൽ ലൈബ്രറി സൗകര്യവും ഒരുക്കുന്നതാണ്.

പട്ടികജാതിക്കാർക്ക് തൊഴിലുറപ്പിൽ അധിക ദിനങ്ങൾ

ദുർബല വിഭാഗങ്ങളായ വേടൻ, നായാടി, കള്ളാടി, അരുന്ധതിയാർ / ചക്ലിയാൻ എന്നീവർക്ക് അധിക തൊഴിൽ ദിനങ്ങൾ തൊഴിലുറപ്പ് പദ്ധതി വഴി ലഭ്യമാക്കും. എം.ആർ.എസുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനും മികച്ച നിലയിൽ ഉന്നത വിദ്യാഭ്യാസം നേടുന്നതിനും സഹായിക്കുന്ന മെന്ററിംഗ് പ്രോഗ്രാം ഈ വർഷം തിരഞ്ഞെടുത്ത സ്കൂളുകളിൽ ആരംഭിക്കുന്നതാണ്. അദ്ധ്യാപകർക്ക് പ്രത്യേക പരിശീലനവും അക്കാദമിക്ക് ഇൻസ്പെക്ഷനും ഏർപ്പെടുത്തും.

പട്ടികവർഗക്കാരുടെ ആരോഗ്യം, തൊഴിൽ, വിദ്യാഭ്യാസം എന്നിവ മെച്ചപ്പെടുത്തുന്നതിന് വയനാട്ടിൽ നടപ്പാക്കിയ ഡിജിറ്റലി കണക്റ്റഡ് ട്രൈബൽ പദ്ധതി ഈ വർഷം അട്ടപ്പാടിയിൽ നടപ്പാക്കുന്നതാണ്.

പട്ടികവിഭാഗക്കാരിൽ നിന്നും തെരഞ്ഞെടുത്ത സ്റ്റാർട്ടപ്പുകളിൽ നിന്നും 50 സംരംഭങ്ങളെ ഈ വർഷം പ്രവർത്തന സജ്ജമാക്കും.

പട്ടികവർഗ്ഗ ഗ്രാമങ്ങളിൽ സോളാർ വൈദ്യുതി സ്ഥാപിച്ച് വരുാനം ലഭിക്കുന്നതിനുള്ള പദ്ധതി പ്രാവർത്തികമാക്കും.

ആറളം കാർഷിക ഫാമിലെ അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി കൃഷി, മൃഗസംരക്ഷണം, ഫിഷറീസ് വകുപ്പുകളുടെ സഹകരണത്തോടെ ഈ രംഗത്തെ സാങ്കേതിക കോഴ്സുകൾ ആരംഭിക്കുന്നതിന് പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്.

ഇടമലക്കുടിയിൽ 4ജി സർവീസ് ലഭ്യമാക്കി. 4.31 കോടി ചെലവിട്ട് മൂന്നാറിൽ നിന്ന് 40 കിലോമീറ്റർ ദൂരം ഒപ്റ്റിക്കൽ ഫൈബർ കേബിൾ ഇട്ടാണ് BSNL, ഇന്റർനെറ്റ് സൗകര്യങ്ങൾ എത്തിച്ചത്. മുഴുവൻ പട്ടിക വിഭാഗ ആവാസസ്ഥലങ്ങളിലേക്കും യാത്രാ സൗകര്യവും, ഇന്റർനെറ്റ് കണക്ടിവിറ്റിയും വൈദ്യുതിയും എത്തിക്കുന്നതിനുള്ള പദ്ധതിയും 2 വർഷത്തിനകം പൂർത്തിയാക്കും.

പട്ടികവർഗ്ഗ വിഭാഗങ്ങളിലെ ഭിന്നശേഷിക്കാർക്ക് പ്രത്യേകിച്ച് മാനസിക വളർച്ചയുടെ പ്രശ്നങ്ങൾ ഉള്ളവരെ ശൈശവ സമയത്ത് കണ്ടെത്തി സഹായിക്കുന്നതിനുള്ള പദ്ധതി NIPMER ന്റെയും NISH ന്റെയും സഹായത്തോടെ ഈ വർഷം നടപ്പാക്കും.

OBC വിഭാഗത്തിൽപ്പെട്ട എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് സ്റ്റാർട്ടപ്പുകൾ ആരംഭിക്കാനും ഈ വിഭാഗത്തിലെ വിധവകൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാനുമുള്ള ധനസഹായം നൽകുന്ന പദ്ധതികൾ ഈ വർഷം മുതൽ ആരംഭിക്കും.

പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷന്റെ 3 സബ് ഓഫീസുകൾ കൂടി ഈ വർഷം ആരംഭിക്കും. പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗങ്ങളെക്കുറിച്ച് സർവ്വേ നടത്താൻ കോർപ്പറേഷനെ ചുമതലപ്പെടുത്തും..

പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ, പട്ടികജാതി പട്ടികവർഗ്ഗ കോർപ്പറേഷൻ, പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ എന്നിവിടങ്ങളിൽ കുടിശികയുള്ള മുഴുവൻ വായ്പകളിലും പിഴപ്പലിശ പൂർണ്ണമായും ഒഴിവാക്കിയും പലിശ ഇളവ് നൽകിയും തീർപ്പാക്കുന്നതിന് വായ്പാ പുനർക്രമീകരണ പദ്ധതി ഉടൻ ആരംഭിക്കും. ജൂലൈ 15 മുതൽ 100 ദിവസക്കാലം പദ്ധതി നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കും.

ഹോസ്റ്റൽ സൗകര്യങ്ങൾ ഇല്ലാത്ത സ്ഥലത്ത് വാടകയ്ക്ക് കെട്ടിടം എടുത്ത് സൗകര്യങ്ങൾ ഒരുക്കും. നിലവിലുള്ള ഹോസ്റ്റലുകളുടെ സോഷ്യൽ ആഡിറ്റ് നടത്തി കുറവുകൾ പരിഹരിക്കുന്നതിനും കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കും.

എല്ലാ പട്ടികവർഗക്കാർക്കും ആരോഗ്യ സുരക്ഷ

എല്ലാ പട്ടികവർഗക്കാരെയും കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ ചേർത്ത് സമഗ്ര ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തും

നൂതന പദ്ധതികൾ ഏറ്റെടുക്കാൻ കഴിയുന്ന വിധത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ച് എസ് സി പി / ടി എസ്പി പദ്ധതികൾ കാര്യക്ഷമമാക്കുന്നതിന് മുൻകൈയ്യെടുക്കും.

ഉന്നതി ഫെസ്റ്റ്

പട്ടിക വിഭാഗത്തിൻ്റെ തനത് കലയും സംസ്കാരവും സാഹിത്യവും പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ഉന്നതി ഫെസ്റ്റ് സംഘടിപ്പിക്കും. ഉൽപ്പന്നങ്ങളുടെ പ്രദർശനത്തിനും വിപണനത്തിനും സഹായിക്കുന്ന നിലയിൽ വിനോദ സഞ്ചാര വകുപ്പുമായി സഹകരിച്ചാകും ഉന്നതി ഫെസ്റ്റ് സംഘടിപ്പിക്കുക.