Smooth pilgrimage .... Pleasant pilgrimage ....

സുഗമമായ തീർത്ഥാടനം….ആനന്ദകരമായ പുണ്യദർശനം….

പത്തു നാൾ മുമ്പ് സന്നിധാനത്തും പമ്പയിലും കണ്ടതിൽ നിന്നേറെ വ്യത്യസ്തമാണിന്നത്തെ കാഴ്‌ചകൾ. ശാസ്താവിനെ കണ്ട് മനം നിറഞ്ഞ തീർത്ഥാടകർ വളരെ സന്തോഷത്തോടെ ശാന്തരായി മടങ്ങുന്നു. പതിവ് പരാതികളില്ല , പരിഭവങ്ങളില്ല….. എങ്ങും മുഴങ്ങുന്നത് അയ്യപ്പന്റെ ശരണ മന്ത്രങ്ങൾ മാത്രം.

ബുധനാഴ്ച വൈകിട്ട് പമ്പയിൽ നിന്ന് മടങ്ങും വരെ 93000-ത്തോളം പേർ ദർശനം നടത്തിയതായാണ് കണക്കുകൾ. സ്ത്രീകളും കുട്ടികളുമായ തീർത്ഥാടകർ ക്യൂവിൽ ഏറെ നേരം നിന്ന് ബുദ്ധിമുട്ടാതിരിക്കാൻ അവർക്ക് മുൻഗണന നൽകാനും നിർദേശിച്ചിട്ടുണ്ട്.

കോവിഡിനും ന്യൂനമർദ്ദ പേമാരികൾക്കുമിടെ സുരക്ഷിതമായ മണ്ഡല തീർത്ഥാടനകാലം ഒരുക്കാൻ വലിയ ഇടപെടലുകളാണ് സർക്കാർ നടത്തിയത്. ദേവസ്വം വകുപ്പിന്റെ ചുമതലയേറ്റതു മുതൽ 12 ലേറെ യോഗങ്ങൾ വിളിച്ച് ചേർത്ത് എല്ലാ വകുപ്പുകളെയും സുസജ്ജരാക്കി. .മുഖ്യമന്ത്രി തന്നെ രണ്ടു തവണ യോഗത്തിൽ പങ്കെടുത്തു.

അഷ്ടിക്കു വകയില്ലാതായ അമ്പലങ്ങളിലെ ജീവനക്കാരെയും പെൻഷൻകാരെയും ചേർത്തുപിടിച്ചുകൊണ്ട് പ്രതിസന്ധികൾക്കിടയിലും ശമ്പളവും പെൻഷനും നൽകി. ക്ഷേത്രങ്ങൾക്കു പുനരുദ്ധാരണ സഹായവും കൈമാറി. ശബരിമലയിൽ ശുചീകരണ തൊഴിലാളികളുടെ വേതനം കൂട്ടി.

നിലവിൽ പ്രതിദിനം 30000 പേർക്കു വരെ വെർച്ച്വൽ ക്യൂ വഴി ദർശനത്തിനെത്താം. ഇതിനു പുറമെ 5000 പേർക്ക് സ്പോട്ട് ബുക്കിങ്ങ് സൗകര്യവുമുണ്ട്. കോവിഡ് സാഹചര്യങ്ങൾ കുറച്ചുകൂടി മെച്ചപ്പെടുന്നതോടെ ഇതും വർധിപ്പിക്കണം.
പുണ്യ നദിയായ പമ്പയിലെ ജലനിരപ്പ് കുറഞ്ഞാൽ പമ്പാസ്നാനം ആരംഭിക്കാം. പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള പരമ്പരാഗത പാത വഴിയുള്ള യാത്രയും ഉടൻ തുടങ്ങാനായി വനം വകുപ്പ് അധികൃതരുമായി ചർച്ച നടത്തി. മുഖ്യമന്ത്രിയുമായും മറ്റും ആലോചിച്ച് വേഗത്തിൽ തീരുമാനമെടുക്കണം. കഴിഞ്ഞ ദിവസത്തെ മലവെള്ളപാച്ചിലിൽ തകർന്ന ഞണുങ്ങാർ പാലം പുനർനിർമിക്കുന്ന ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു.
ആന്ധ്രയിലെ വെള്ളപ്പൊക്കം മൂലം അവിടത്തെ തീർത്ഥാടകരുടെ വരവ് കുറഞ്ഞിട്ടുണ്ട്. ഡിസംബറോടെ കൂടുതൽ പേരെത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതിനനുസരിച്ച് ശരണപാതയിൽ സൗകര്യവും, സുരക്ഷയും, പാഥേയവുമൊരുക്കി സ്വാമിമാരെ നമുക്ക് വരവേൽക്കാം. സർക്കാർ ഒപ്പമുണ്ട്.