സുരക്ഷിത ഭവനമൊരുക്കാൻ സേഫ്
പട്ടികജാതി-പട്ടിക വർഗ വികസന വകുപ്പിൽ പുതിയ ഭവന പൂർത്തീകരണ പദ്ധതി നടപ്പാക്കുന്നു.
സുരക്ഷിതമായതും എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയതുമായ ഭവനങ്ങളൊരുക്കാൻ പട്ടിക വിഭാഗ കുടുംബങ്ങളെ പര്യാപ്തമാക്കുന്നതാണ് സേഫ് – “സെക്യൂർ അക്കോമഡേഷൻ ആന്റ് ഫെസിലിറ്റി എൻഹാൻസ്മെന്റ്” എന്നു പേരിട്ട പദ്ധതി.
നിലവിൽ വകുപ്പ് പട്ടികവിഭഗങ്ങൾക്കായി ഭവന പൂർത്തീകരണ പദ്ധതി നടപ്പാക്കുന്നുണ്ടെങ്കിലും പൂർത്തീകരിച്ച വീടുകളിൽ സുരക്ഷിതമായ മേൽക്കൂര, ശുചിത്വമുള്ള ശൗചാലയം, മികച്ച സൗകര്യങ്ങളുള്ള അടുക്കള, ടൈൽ ചെയ്ത തറ, ബലപ്പെടുത്തിയ ചുമർ, പ്ലമ്പിങ്ങ്, വയറിങ്ങ്, പ്ലാസ്റ്ററിംഗ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പടുത്താൻ പലർക്കും സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് സേഫ് പദ്ധതി.
കേവലമൊരു നിർമ്മിതിയിൽ നിന്ന് എല്ലാ സൗകര്യങ്ങളോടും കൂടിയ സമഗ്ര ഭവനങ്ങളിലേക്കുള്ള മാറ്റത്തിലൂടെ പട്ടിക വിഭാഗത്തിൽപ്പെട്ടവർക്ക് സുരക്ഷിതത്വത്തോടൊപ്പം ആത്മാഭിമാനവും കൈവരിക്കാനാകും.
വകുപ്പിൽ നിയമിതരാകുന്ന അക്രഡിറ്റഡ് എഞ്ചിനീയർമാരുടെ മേൽനോട്ടത്തിലാകും പദ്ധതി നടപ്പാക്കുക. 2007 ഏപ്രിൽ ഒന്നിനു ശേഷം പൂർത്തീകരിച്ച ഭവനങ്ങളാണ് സേഫിൽ പരിഗണിക്കുക. ഇത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ പുറപ്പെടുവിക്കും.