കൂടുതല്‍ മെച്ചപ്പെട്ട ഡിജിറ്റല്‍ പഠന സൗകര്യം നല്‍കി ആദിവാസി കുട്ടികളെ ഉന്നത നിലവാരത്തിലേയ്ക്ക് ഉയര്‍ത്തി കൊണ്ടുവരുമെന്ന് പട്ടികജാതി പട്ടിക വര്‍ഗക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കാരിക്കടവ് – ശാസ്താംപൂവം മേഖലകളിലെ ഗോത്ര വിഭാഗത്തിന് വേണ്ടി നിര്‍മിച്ച ഇ-ബ്രിഡ്ജ്, സൗജന്യ വൈഫൈ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ മുന്നിലെത്തിക്കാനും അവരുടെ ജീവിത നിലവാരം ഉയര്‍ത്താനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആദിവാസി മേഖലകളിലെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയുടെ പോരായ്മകള്‍ നികത്തുന്നതിനുള്ള പരിശ്രമങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍നടന്നുവരുന്നുണ്ടന്നും മന്ത്രി പറഞ്ഞു. വനമേഖലകളില്‍ ഇന്റര്‍നെറ്റ്ലഭ്യമാക്കുന്നതിനായിസര്‍ക്കാര്‍ ഭൂമിയില്‍ ടവറുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കും. വനമേഖലകളില്‍ ഇന്റര്‍നെറ്റ് സൗകര്യം ഒരുങ്ങുന്നതോടെ ഈ പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന് തന്നെ പഠിക്കാനുള്ള സാഹചര്യം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. എം എല്‍ എ കെ കെ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. 2021 എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ കാടര്‍ വിഭാഗത്തില്‍പ്പെട്ട അഞ്ജന മോഹനനെ മന്ത്രി ആദരിച്ചു.
മറ്റത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി വി എച്ച് ഹബീബ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആര്‍ രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി എസ് പ്രിന്‍സ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഇ കെ സദാശിവന്‍, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ഉണ്ണികൃഷ്ണന്‍, വിവിധ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ട്രൈബല്‍ ഡെവലപ്മന്റ് ഓഫീസര്‍ സന്തോഷ്‌കുമാര്‍, ബി എസ് എന്‍ എല്‍ ജനറല്‍ മാനേജര്‍ വി സുദര്‍ശന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മറ്റത്തൂര്‍ പഞ്ചായത്തിലെ 2021- 22 വര്‍ഷത്തെ തനത് വിഹിതവും ട്രൈബല്‍ ഡെവലപ്‌മെന്റ് ഫണ്ടും ചേര്‍ത്ത് അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കിയിരിക്കുന്നത്. വെള്ളിക്കുളങ്ങര ബിഎസ്എന്‍എല്‍ എക്‌സ്‌ചേഞ്ച് പരിധിയില്‍ വരുന്ന ചൊക്കന പ്രദേശത്ത് നിന്ന് 12 കിലോമീറ്റര്‍ വനത്തിലൂടെ ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ വലിച്ചാണ് ആദിവാസി കോളനിയില്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.