പരിവർത്തിത ക്രൈസ്തവരുടെ പ്രശ്നങ്ങൾ പഠിക്കാൻ പിന്നാക്ക വിഭാഗ കമീഷനെ ചുമതലപ്പെടുത്തുന്നത് പരിശോധിക്കും
പരിവർത്തിത ക്രൈസ്തവർ ഉൾപ്പെടെയുള്ള സമുദായങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന പിന്നാക്ക വിഭാഗ കമീഷനെ ചുമതലപ്പെടുത്തുന്നത് പരിശോധിക്കും . പ്രമോദ് നാരായൺ എം എൽ എയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.
പട്ടികജാതിക്കാർക്ക് സമാനമായ സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ പരിവർത്തിത ക്രൈസ്തവരെ പട്ടികജാതിയിൽ ഉൾപ്പെടുത്തുന്നതിന്, സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിലേയ്ക്ക് ശിപാർശ ചെയ്തിട്ടുണ്ടെങ്കിലും ഇതേവരെ പട്ടികജാതി പദവി ലഭ്യമായിട്ടില്ല.
തുടർന്ന് ഈ വിഭാഗത്തെ മറ്റാർഹ വിഭാഗം(OEC) പട്ടികയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗങ്ങൾക്ക് ലഭ്യമാകുന്ന വിദ്യാഭ്യാസാനുകൂല്യങ്ങളും സംസ്ഥാന സർക്കാർ സർവ്വീസിലേക്കുള്ള സംവരണത്തിൽ ക്ലാസ് IV തസ്തികയിൽ 2%വും ക്ലാസ് IV ഒഴികെയുള്ള തസ്തികയിൽ 1%വും സംവരണം അനുവദിച്ചു വരുന്നുണ്ട്.
കെ.പി.സി.ആർ. പ്രകാരം സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന സമുദായങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി, പരിവർത്തിത ക്രെെസ്തവർക്ക് ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി, ആർട്സ് & സയൻസ് ബിരുദം എന്നിവയിലെ പ്രവേശനത്തിന് പ്രത്യേകമായി 1% സംവരണവും, പ്രൊഫഷണൽ ബിരുദ കോഴ്സുകൾ, മെഡിക്കൽ ബിരുദാനന്തര ബിരുദ കോഴ്സ്, M.Tech കോഴ്സുകൾ എന്നിവയിലെ പ്രവേശനത്തിന് SIUC വിഭാഗങ്ങൾക്കൊപ്പം 1% സംവരണവും പങ്കിടുന്നുണ്ട്.
സ്കൂൾ, കോളേജ് പ്രവേശനത്തിന് പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ അഭാവത്തിൽ പ്രസ്തുത സീറ്റുകളിൽ പരിവർത്തിത കൈസ്ത്രവർ ഉൾപ്പെടുന്ന ഒ.ഇ.സി. വിഭാഗങ്ങൾക്ക് സംവരണം ലഭിക്കുന്നുണ്ട്.
9, 10 ക്ലാസുകളിൽ പഠിക്കുന്ന പരിവർത്തിത ക്രെെസ്തവ വിഭാഗ വിദ്യാർത്ഥികൾക്ക് 2023 മുതൽ ഒ.ഇ.സി. ഗ്രാന്റിന് പുറമേ, ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പുകൾക്കും (മെെനോറിറ്റി സ്കോളർഷിപ്പ് അനുവദിക്കുന്നില്ലെങ്കിൽ മാത്രം) അപേക്ഷ സമർപ്പിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നുണ്ട്. 10-ാം ക്ലാസിനുശേഷം ഒ.ഇ.സി. പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് എന്ന നിലയിൽ പട്ടികജാതി വിഭാഗങ്ങൾക്ക് ലഭിക്കുന്ന വിദ്യാഭ്യാസാനുകൂല്യങ്ങളും പരിവർത്തിത ക്രൈസ്തവർക്ക് അനുവദിക്കുന്നുണ്ട്. പട്ടികജാതി വിഭാഗങ്ങൾക്ക് സാധാരണ നിലയിൽ ലഭ്യമാകുന്ന എല്ലാ പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങളും പരിവർത്തിത ക്രൈസ്തവ വിദ്യാർത്ഥികൾക്ക് നിലവിൽ അനുവദിച്ചു വരുന്നുണ്ട്. ഇതിനും പുറമെ പിന്നാക്ക വിഭാഗ വികസന വകുപ്പ് പൊതുവായി ഒബിസി വിഭാഗങ്ങൾക്കായി നടത്തുന്ന എല്ലാ പദ്ധതികളും പരിവർത്തിത ക്രൈസ്തവർക്ക് കൂടി അനുവദിക്കുന്നതായും പറഞ്ഞു.
വിവിധ മത്സര പരീക്ഷാ പരിശീലനങ്ങൾക്ക് (മെഡിക്കൽ/ എഞ്ചിനിയറിംഗ് എൻട്രൻസ്, സിവിൽ സർവ്വീസ്, ബാങ്കിങ് സർവ്വീസ്, GATE/MAT, UGC/NET/JRF) ധനസഹായം വകുപ്പ് മുഖേന അനുവദിക്കുന്നുണ്ട്. LLB കഴിഞ്ഞവർക്ക് അഭിഭാഷകരായി പ്രാക്ടീസ് ആരംഭിക്കുന്നതിനു കോഴ്സ് കഴിഞ്ഞു മൂന്നു വർഷം അഭിഭാഷക ഗ്രാന്റും, വിദേശ പഠന ഗ്രാന്റ ആയി പത്തുലക്ഷം രൂപയും അനുവദിക്കുന്നുണ്ട്. ഈ പദ്ധതികളുടെയെല്ലാം ആനുകൂല്യം പരിവർത്തിത ക്രൈസ്തവ വിദ്യാർത്ഥികൾക്കും ലഭിക്കുന്നുണ്ട്.
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ നടപ്പിലാക്കിവരുന്ന എല്ലാ വായ്പാപദ്ധതികളും പരിവർത്തിത ക്രൈസ്തവ സമുദായത്തിൽപ്പെട്ടവർക്കും ലഭ്യമാകുന്നുണ്ട്.
പരിവർത്തിത ക്രൈസ്തവരുടെയും പട്ടികജാതിയിലേയ്ക്കു ശിപാർശ ചെയ്യപ്പെട്ട മറ്റു സമുദായ വിഭാഗക്കാരുടേയും സാമ്പത്തിക അഭിവൃദ്ധിക്കായി കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന പരിവർത്തിത ക്രൈസ്തവ ശിപാർശിത വിഭാഗ വികസന കോർപറേഷനും നിരവധി പദ്ധതികൾ നിലവിൽ നടപ്പിലാക്കി വരുന്നുണ്ട്. വിവിധ വിദ്യാഭ്യാസ വായ്പ പദ്ധതികളും, സ്റ്റാർട്ട് വായ്പകളും നല്കിവരുന്നു.
പരിവർത്തിത-ശിപാർശിത വിഭാഗ പെൺകുട്ടികൾക്ക് 3.5% പലിശ നിരക്കിലും ആൺകുട്ടികൾക്ക് 4% പലിശ നിരക്കിലും
10 ലക്ഷം രൂപവരെ വിദേശ പഠന വായ്പയും നൽകുന്നുണ്ട്.
പരിവർത്തിത ക്രൈസ്തവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബഹു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ 01.02.2024ന് യോഗം ചേർന്നിരുന്നു. ഈ വിഭാഗം വിദ്യാർത്ഥികൾക്ക് നൽകിവന്നിരുന്ന ഇൻസന്റീവ് ഗ്രാന്റ്, 2024-25 സാമ്പത്തിക
വർഷത്തിൽ പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷന്റെ ലാഭവിഹിതത്തിൽ നിന്നും നല്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.