വന്യജീവി ആക്രമണം തടയാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളും: മന്ത്രി രാധാകൃഷ്ണന്‍
*അതിരപ്പിള്ളി കാട്ടാന ആക്രമണം; സര്‍വകക്ഷി യോഗം ചേര്‍ന്നു*
ജില്ലയില്‍ വന്യ ജീവി ആക്രമണങ്ങള്‍ തടയുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. അതിരപ്പിള്ളി കണ്ണന്‍കുഴിയില്‍ കാട്ടാന ആക്രമണത്തില്‍ അഞ്ചുവയസ്സുകാരി കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനായി ഹ്രസ്വകാല- ദീര്‍ഘകാല പ്രതിരോധ പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കും. തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി വനം വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലയിലെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഉടന്‍ ചേരുമെന്നും മന്ത്രി പറഞ്ഞു.
വന്യജീവി ആക്രമണം തടയുന്നതിന്റെ ഭാഗമായി ജില്ലയിലെ വനത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളില്‍ വാര്‍ഡ്തല ജാഗ്രതാ സമിതികള്‍ രണ്ട് ദിവസത്തിനകം പ്രവര്‍ത്തനക്ഷമമാക്കാന്‍ സര്‍വകക്ഷി യോഗം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വന്യജീവി ആക്രമണ സാധ്യത മുന്‍കൂട്ടി കണ്ട് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് സഹായകരമായ രീതിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും പ്രദേശവാസികളും തമ്മില്‍ ആശയ വിനിമയത്തിനുള്ള സംവിധാനം ശക്തിപ്പെടുത്തും. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുന്നത് തടയാന്‍ ഓരോ പ്രദേശങ്ങളിലും സിവില്‍ ഡിഫന്‍സ് സേനകളുടെ കൂടി സേവനം ലഭ്യമാക്കും. അക്രമകാരികളായ ആനകളെ കണ്ടെത്തി ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് ഉള്‍ വനത്തിലേക്ക് തുരത്തുന്നത് ഉള്‍പ്പെടെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ യോഗം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ജനങ്ങളുടെ ജീവനും കൃഷി ഉള്‍പ്പെടെയുള്ള വസ്തുവകകള്‍ക്കും ഭീഷണിയാവുന്ന വന്യമൃഗ ശല്യം തടയുന്നതിനുള്ള സ്ഥിരം സംവിധാനത്തെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഒരു വിദഗ്ധ സമിതിയെ നിയോഗിക്കാനും യോഗത്തില്‍ തീരുമാനമായി. ഹാംഗിംഗ്, സോളാര്‍ ഫെന്‍സിംഗ്, ആനമതില്‍, കിടങ്ങ് ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗങ്ങളില്‍ ജില്ലയിലെ ഓരോ പ്രദേശത്തിനും അനുയോജ്യമായവ ഏതെന്ന് കണ്ടെത്തി സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. ചാലക്കുടി, വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷനുകള്‍ക്കായി വനം വകുപ്പിന്റെ ഒരു റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ (ആര്‍ആര്‍ടി) സേവനം ലഭ്യമാക്കുന്നതിനായി നേരത്തേ സമര്‍പ്പിച്ചിട്ടുള്ള ശുപാര്‍ശ അംഗീകരിച്ചുകിട്ടുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.