ആറളം ഫാം മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ 2024-2025 അധ്യയന വർഷം പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാക്കണമെന്ന് നിർദ്ദേശിച്ചു. ആറളം ഫാം പുനരധിവാസ മേഖലയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർദ്ദേശം.
ആന പ്രതിരോധ മതിൽനിർമ്മാണം പൂർത്തീകരിക്കാൻ കൃത്യമായ ഇടവേളകളിൽ അവലോകനം നടത്തണം. മതിൽ നിർമാണത്തിന്റെ ഭാഗമായ കോൺക്രീറ്റ് പ്രവൃത്തികൾ, കൂപ്പ് റോഡ് നിർമാണം എന്നിവ സമയബന്ധിതമായി പൂർത്തീകരിക്കണം. വീടുകളുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കണം. ഉപകുടുംബങ്ങൾ ഉൾപ്പെടെ എല്ലാ കുടുംബങ്ങൾക്കും റേഷൻ കാർഡ് ലഭ്യമാക്കണം.
ട്രൈബൽ വകുപ്പിന്റെ കീഴിലുള്ള ആറളം ഫാമിലും കൃഷി വകുപ്പ് ഫാമുകൾക്ക് നൽകുന്ന വേതനം ലഭ്യമാക്കണമെന്ന യൂണിയനുകളുടെ ആവശ്യം പരിഗണിക്കും. കൃഷി ഫാമുകൾക്ക് കൃഷി വകുപ്പ് ബജറ്റ് വിഹിതം നീക്കിവെക്കുന്ന മാതൃകയിൽ പട്ടികവർഗ്ഗ വികസന വകുപ്പ് നിശ്ചിത തുക കൃഷി ആവശ്യത്തിനും ഫാമിന്റെ വികസനത്തിനുമായി നീക്കിവെക്കണം.
ആറളം ഫാമിൽ സ്ഥിരമായി താമസിക്കാത്ത കുടുംബങ്ങളുടെ കൈവശരേഖ റദ്ദാക്കി, ഭൂരഹിതരായ മറ്റ് പട്ടികവർഗ്ഗക്കാർക്ക് ഭൂമി വിതരണം ചെയ്യുന്നതിന് സംയുക്ത പരിശോധന നടത്തി 1,746 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. നേരത്തെ 262 പേരുടെ പട്ടികയും തയ്യാറാക്കിയിരുന്നു. ഈ റിപ്പോർട്ടിൽ നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. പുനരധിവാസ മേഖലയിൽ താമസിക്കുന്ന 131 കുടുംബങ്ങൾക്ക് കൈവശാവകാശ രേഖ ലഭ്യമായിട്ടില്ല. ഇവരുടെ ഭൂപ്രശ്‌നം പരിഹരിക്കുന്നതിന് വിശദമായ പ്രൊപ്പോസൽ സമർപ്പിക്കാനും മുഖ്യമന്ത്രി കളക്ടറോട് നിർദ്ദേശിച്ചു.
പെൺകുട്ടികളുടെ പ്രി-മെട്രിക് ഹോസ്റ്റലിന്റെ പ്രവർത്തനം അവലോകനം ചെയ്യണം. നബാർഡ് – ആർ.ഐ.ഡി.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചുവരുന്ന പ്രി-മെട്രിക് ഹോസ്റ്റലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണം. ഏപ്രിൽ-മേയ് മാസങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളണം.