Hundreds of tribal youths got jobs through the country's first tribal employment exchange

ഇന്ത്യയിലെ ആദ്യ ട്രൈബൽ എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ച് വഴി  നൂറുകണക്കിന് ആദിവാസി യുവാക്കൾക്ക് ജോലി ലഭിച്ചു. ഗോത്രവിഭാഗത്തിലെ യുവജനങ്ങൾക്ക്‌ വിവിധ തൊഴിലുകൾ പരിചയപ്പെടുത്താനും അവരെ പുതിയ തൊഴിൽമേഖലയിലേക്ക്‌ കൈപിടിച്ചുയർത്താനും ലക്ഷ്യമിട്ട് 2018 ഒക്‌ടോബറിൽ തിരുവനന്തപുരം പാലോട് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ ട്രൈബൽ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ കം കരിയർ ഗൈഡൻസ് സെന്റർ വഴി ഇതിനകം സ്ഥിരം, താത്ക്കാലികം, ദിവസവേതന വിഭാഗങ്ങളിലായി നാനൂറ്റമ്പതിലധികം പേർക്ക്‌ നിയമനം നൽകി. എംപ്ലോയ്‌മെന്റ്‌ വകുപ്പിന്റെ ശരണ്യ, കൈവല്യ, മൾട്ടി പർപ്പസ് ജോബ് ക്ലബ്, കെഇഎസ്ആർയു, നവജീവൻ പദ്ധതികളിലൂടെ നിരവധിപ്പേർക്ക്‌ സ്വയംതൊഴിൽ വായ്‌പകളും നൽകി.

വിവിധ മേഖലകളിലെ തൊഴിൽസാധ്യതകളെക്കുറിച്ച് ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി സ്‌കൂളുകളിൽ കരിയർ ഗൈഡൻസ് ക്ലാസുകളും വിദ്യാർഥികൾക്ക് കംപ്യൂട്ടർ വിദ്യാഭ്യാസവും, യുജിസി നെറ്റ്, പിഎസ്‌സി പരീക്ഷകൾക്ക് സൗജന്യ പരിശീലനം തുടങ്ങിയവ സെന്റർ വഴി നൽകുന്നു. പെരിങ്ങമ്മല, നന്ദിയോട്, വിതുര, പാങ്ങോട് പഞ്ചായത്തുകളിലെ അഭ്യസ്തവിദ്യരായ ആദിവാസി യുവാക്കൾക്ക് സെന്റർ മുഖേന തൊഴിൽ ലഭ്യമാക്കും. വിവരങ്ങൾക്ക് 0472-2840480 teepalod@kerala.gov.in