സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് താലൂക്ക് ആസ്ഥാനങ്ങളിൽ നടക്കുന്ന “കരുതലും കൈത്താങ്ങും” പരാതിപരിഹാര അദാലത്ത് തൃശ്ശൂർ ജില്ലയിൽ മെയ് 15 മുതൽ 26 വരെ നടക്കും.

തൃശ്ശൂരിൽ മെയ് 15നും മുകുന്ദപുരത്ത് മെയ് 16നുമാണ് അദാലത്ത്. തലപ്പിള്ളി, കൊടുങ്ങല്ലൂർ, ചാവക്കാട്, ചാലക്കുടി എന്നീ താലൂക്കുകളിൽ യഥാക്രമം മെയ് 18, 22, 23, 25 എന്നീ തീയതികളിൽ നടക്കും. കുന്നുംകുളം താലൂക്കിൽ മെയ് 26നാണ് അദാലത്ത്.

മെയ് 15 ന് തൃശൂർ താലൂക്കിലെ അദാലത്ത് നായ്ക്കനാൽ സിഎംഎസ് എച്ച്എസ്എസ് പരിസരത്തും മെയ് 16ന് മുകുന്ദപുരം താലൂക്കിലെ അദാലത്ത് ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മുൻസിപ്പൽ ടൗൺഹാളിൽ നടക്കും. മെയ് 18ന് തലപ്പള്ളി താലൂക്ക് അദാലത്ത് വടക്കാഞ്ചേരി സെന്റ് ഫ്രാൻസിസ് ഫെറോന ചർച്ച് ഹാളിലും മെയ് 22ന് കൊടുങ്ങല്ലൂർ താലൂക്ക് അദാലത്ത് കൊടുങ്ങല്ലൂർ മുൻസിപ്പൽ ടൗൺഹാളിലും നടക്കും. ചാവക്കാട് താലൂക്ക് അദാലത്ത് മെയ് 23ന് ഗുരുവായൂർ ഇന്ദിരാഗാന്ധി മുൻസിപ്പൽ ടൗൺഹാളിൽ നടക്കും. മെയ് 25ന് ചാലക്കുടി താലൂക്ക് അദാലത്ത് ചാലക്കുടി കാർമൽ എയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിലും മെയ് 26ന് കുന്നംകുളം താലൂക്ക് അദാലത്ത് കുന്നംകുളം രാജീവ് ഗാന്ധി മെമ്മോറിയൽ മുൻസിപ്പൽ ടൗൺഹാളിലും നടക്കും.

അദാലത്തിൽ ഭൂമിസംബന്ധമായ വിഷയങ്ങൾ (അതിർത്തി നിർണയം അനധികൃത നിർമാണം, ഭൂമികയ്യേറ്റം), സർട്ടിഫിക്കറ്റുകൾ/ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/നിരസിക്കൽ, തണ്ണീർതട സംരക്ഷണം, ക്ഷേമ പദ്ധതികൾ (വിവാഹ/പഠന ധനസഹായം, പെൻഷൻ മുതലായവ), പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം, സാമൂഹികസുരക്ഷാ പെൻഷൻ – കുടിശ്ശിക ലഭിക്കുക, പെൻഷൻ അനുവദിക്കുക, പരിസ്ഥിതി മലിനീകരണം/മാലിന്യ സംസ്കരണം, തെരുവുനായ സംരക്ഷണം/ശല്യം, അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റുന്നത്, തെരുവു വിളക്കുകൾ, അതിർത്തിത്തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും, വയോജന സംരക്ഷണം, കെട്ടിട നിർമാണച്ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി), പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷൻ കാർഡ് (എപിഎൽ/ബിപിഎൽ – ചികിത്സ ആവശ്യങ്ങൾക്ക്), വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/നഷ്ടപരിഹാരം, വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ച പരാതികൾ/അപേക്ഷകൾ, വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/സഹായം, കൃഷിനാശത്തിനുള്ള സഹായങ്ങൾ, കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടവ, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക/ബുദ്ധി/മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ, എൻഡോസൾഫാൻ ദുരിത ബാധിതരുടെ വിഷയങ്ങൾ, പട്ടികജാതി – പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി എന്നീ വിഷയങ്ങളിൽ പരാതികളാണ് അദാലത്തിൽ പരിഗണിക്കുന്നത്.

നിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ, പ്രെപ്പോസലുകൾ, ജോലി ആവശ്യപ്പെട്ടു കൊണ്ടുള്ളവ/പി എസ് സി സംബന്ധമായ വിഷയങ്ങൾ, ജീവനക്കാര്യം (സർക്കാർ), സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ മേലുള്ള ആക്ഷേപം, വായ്പ എഴുതിത്തള്ളൽ, സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകൾ (ചികിത്സാ സഹായം ഉൾപ്പെടെയുള്ള), പൊലീസ് കേസുകൾ, ഉദ്യോഗസ്ഥർക്കെതിരായവ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള അപേക്ഷകൾ, ഭൂമി സംബന്ധമായ പട്ടയങ്ങൾ, വസ്തുസംബന്ധമായ പട്ടയങ്ങൾ, വസ്തുസംബന്ധമായ പോക്കുവരവ്, തരംമാറ്റം, റവന്യൂ റിക്കവറി സംബന്ധമായവ എന്നി വിഷയങ്ങളിലെ പരാതികൾ അദാലത്തിൽ സ്വീകരിക്കില്ല.

മറ്റ് വിഷയങ്ങൾ സംബന്ധിച്ച പരാതികൾ വകുപ്പ് മേധാവികൾ/വകുപ്പ് സെക്രട്ടറിമാർ, വകുപ്പ് മന്ത്രിമാർ എന്നിവർക്ക് നേരിട്ടോ CMO.kerala. gov.in എന്ന വെബ് പോർട്ടലിലൂടെ മുഖ്യമന്ത്രിയ്ക്കോ സമർപ്പിക്കാം. ഉദ്യോഗസ്ഥതലത്തിൽ പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങളിൽ അദാലത്തിൽ വച്ച് മന്ത്രിമാർ തീരുമാനമെടുക്കും. അദാലത്ത് ദിവസം നേരിട്ട് ലഭിക്കുന്ന പരാതികൾ പുതിയ പരാതിയായി സ്വീകരിച്ച് തുടർ നടപടികൾ സ്വീകരിക്കും.