New headquarters building for Kerala State Backward Classes Development Corporation

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന് പുതിയ ആസ്ഥാന മന്ദിരം

22 വർഷത്തെ കാത്തിരിപ്പിനു ശേഷം കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ ആസ്ഥാന മന്ദിരത്തിന്റെ നിർമാണ പ്രവർത്തനം ആരംഭിച്ചു. 2001ൽ ചാക്കയിലാണ് ആസ്ഥാനമന്ദിരത്തിനായി 80.50 സെന്റ് സ്ഥലം സർക്കാർ നൽകിയത്. തിരുവനന്തപുരം വിമാനത്താവള വികസനത്തിനായി ഈ സ്ഥലം വിട്ടു നൽകേണ്ടി വന്നു. പിന്നീട് 2021 ജൂൺ 9 ന് ബഹു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വഞ്ചിയൂർ വില്ലേജിലെ 25.46 സെന്റ് ഭൂമി ആസ്ഥാന മന്ദിരത്തിനായി തീരുമാനമായത്. തുടർന്ന് 2022ൽ ഭൂമി അനുവദിച്ചു.
കേരളത്തിലെ മികച്ച പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ 1995 ലാണ് സ്ഥാപിച്ചത്. നാളിതുവരെ 8 ലക്ഷം കുടുംബങ്ങൾക്കായി 6254 കോടി രൂപ വായ്പ നൽകിയിട്ടുണ്ട്. വായ്പാ തിരിച്ചടവിലും കോർപ്പറേഷന് മികച്ച റെക്കോർഡുണ്ട്. 97% തിരിച്ചടവോടെ ഇന്ത്യയിലെ സമാന സ്ഥാപനങ്ങളിൽ ഒന്നാമതാണ് കോർപ്പറേഷൻ.

കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ സാമ്പത്തികാഭിവൃദ്ധിയിൽ പ്രധാന പങ്കാണ് കോർപ്പറേഷനുള്ളത്. വായ്പ പദ്ധതികൾ കൂടുതൽ ആകർഷകമാക്കി, പലിശ നിരക്കുകൾ കുറച്ച് പരമാവധി വായ്പ നൽകി വരികയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 795 കോടിരൂപ വായ്പ നൽകി. ഈ സാമ്പത്തികവർഷം നാളിതുരെ 369 കോടിയും നൽകിയിട്ടുണ്ട്.