Seven more school buildings have been upgraded in the district

കൂടുതല്‍ ഭൗതിക സാഹചര്യങ്ങള്‍ വേണമെന്ന ആവശ്യത്തോട് മുഖം തിരിഞ്ഞു നില്‍ക്കാന്‍ ജനപ്രതിനിധികള്‍ക്ക് ആകില്ല: മന്ത്രി കെ രാധാകൃഷ്ണന്‍

സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് നിലവില്‍ ലഭിച്ചതിനെക്കാളധികം ഭൗതിക സാഹചര്യങ്ങള്‍ വേണമെന്ന ആവശ്യത്തോട് മുഖം തിരിഞ്ഞു നില്‍ക്കാന്‍ ജനപ്രതിനിധികള്‍ക്ക് ആകില്ലെന്ന് സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ, ദേവസ്വം പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. ദേശമംഗലം ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പുതിയ കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഏഴ് സ്‌കൂളുകളാണ് മികവുറ്റതായി മാറിയത്. കേരള സര്‍ക്കാരിന്റെ നൂറുദിന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവകേരളം മിഷന്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലേതടക്കം, സംസ്ഥാനത്ത് 53 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ധനകാര്യമന്ത്രി കെ എം ബാലഗോപാല്‍ മുഖ്യപ്രഭാഷകനായി.

ദേശമംഗലം ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പുതിയ കെട്ടിടത്തിന്റെ ശിലാഫലകം മന്ത്രി കെ രാധാകൃഷ്ണന്‍ അനാച്ഛാദനം ചെയ്തു. സ്‌കൂളിന്റെ ഭൗതിക സാഹചര്യം ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ ഇനിയും ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പു നല്‍കി. നിലവില്‍ ലഭിച്ചിട്ടുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ച് കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്താന്‍ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെവി നബീസ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ എംഎല്‍എ യു ആര്‍ പ്രദീപ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ ജയരാജ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മദനമോഹനന്‍ എന്നിവര്‍ പങ്കെടുത്തു.

ജില്ലയില്‍ മൂന്ന് കോടി കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട ജി വി എച്ച് എസ് എസ് ദേശമംഗലം, പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെട്ട അരണാട്ടുകര ജിയുപിഎസ്, വടക്കാഞ്ചേരി ഓട്ടുപാറ ജിഎല്‍പിഎസ്, വെറ്റിലപ്പാറ ജിഎച്ച്എസ്എസ്, കുന്നംകുളം തയ്യൂര്‍ ജിഎച്ച്എസ്എസ്, പുതുക്കാട് ലൂര്‍ദ്ദ്പുരം ജിഎല്‍പിഎസ്, എംഎല്‍എ ഫണ്ടില്‍ ഉള്‍പ്പെട്ട ഗുരുവായൂര്‍ കടപ്പുറം ജിഎഫ് യുപിഎസ് എന്നീ സ്‌കൂളുകളാണ് ഉദ്ഘാടനം ചെയ്തത്.