Advancement scheme for further education of Scheduled Castes and Scheduled Tribes

പട്ടികജാതി പട്ടികവർഗ വിഭാഗക്കാരുടെ തുടർവിദ്യാഭ്യാസത്തിന് മുന്നേറ്റം പദ്ധതി

പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിലെ പഠനം മുടങ്ങിയ കുട്ടികളുടെ തുടർവിദ്യാഭ്യാസം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയാണ് മുന്നേറ്റം. പഠനം മുടങ്ങിയവരെയും നിരക്ഷരരെയും കണ്ടെത്തി തുടർ വിദ്യാഭ്യാസം നൽകുന്നതാണ് പദ്ധതി. സാക്ഷരത മിഷൻ,പട്ടികജാതി പട്ടികവർഗ വികസന വകുപ്പുകൾ, മഹിള സമഖ്യ സൊസൈറ്റി എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ ഇടുക്കി ജില്ലയിലെ 25 പട്ടികവർഗ സാങ്കേതങ്ങളിലാണ് പദ്ധതി നടപ്പാക്കുക.

അടിമാലി ഗ്രാമപഞ്ചായത്തിലെ ചുരക്കട്ടൻ, തുമ്പിപ്പാറ, കട്ടമുടി, കുറത്തിക്കുടി, പടിക്കപ്പ്, തല നിരപ്പൻ, കുളമാംകുഴി, തട്ടേക്കണ്ണൻ, പട്ടയിടമ്പ്, പ്ലാമല, ഞാവൽപ്പാറ, ചിന്നപ്പാറ, കൊടകല്ല്, മൂന്നാർ പഞ്ചായത്തിലെ ലക്കം, ദേവികുളം പഞ്ചായത്തിലെ കുണ്ടള, മാങ്കുളം പഞ്ചായത്തിലെ താളുംകണ്ടം, വേലിയാംപാറ, കമ്പനിക്കുടി, പള്ളിവാസൽ പഞ്ചായത്തിലെ വെങ്കായപ്പാറ, മറയൂർ പഞ്ചായത്തിലെ തീർത്ഥമല, ആലാംപെട്ടി, നെല്ലിപ്പെട്ടി, കരിമുട്ടി, കാന്തല്ലൂർ പഞ്ചായത്തിലെ ചമ്പക്കാട്, ദണ്ഡുകൊമ്പ് എന്നീ പ്രദേശങ്ങളാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ളത്. ഈ പ്രദേശങ്ങളിലെ പഠനം മുടങ്ങിയവരെയും നിരക്ഷരരെയും കണ്ടെത്തി പദ്ധതിയിലൂടെ അവരെ സാക്ഷരരാക്കും. ആഗസ്റ്റ് 31 നകം പഠിതാക്കളുടെ രജിസ്‌ട്രേഷൻ പൂർത്തിയാക്കി സെപ്റ്റംബറോടെ ക്ലാസുകൾ ആരംഭിക്കും.

പ്രാഥമിക വിദ്യാഭ്യാസം നേടാത്തവരെ 4-ാം തരത്തിലേക്കും തുടർന്ന് 7-ാം തരം, 10-ാം തരം, ഹയർ സെക്കന്ററി തുല്യത കോഴ്‌സുകളിലും ചേർത്ത് തുടർവിദ്യാഭ്യാസം നൽകും. ഇതോടൊപ്പം പട്ടികജാതി പട്ടികവർഗ മേഖലകളിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, ചൂഷണം, ലഹരി ഉപയോഗം, പോഷകാഹാരക്കുറവ്, ആരോഗ്യം എന്നിവയെ അടിസ്ഥാനമാക്കി ബോധവത്കരണ പരിപാടികളും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും.

ജൻ ശിക്ഷൺ സൻസ്ഥാൻ, സമഗ്ര ശിക്ഷ കേരള, ജനമൈത്രി എക്‌സൈസ്, വനം വകുപ്പ്, ഊരുകൂട്ടങ്ങളിലെ ഇൻസ്ട്രക്ടർമാർ, ആശ വർക്കർമാർ, സാമൂഹ്യപഠന മുറികളിലെ അധ്യാപകർ, സാക്ഷരത പ്രേരക്മാർ, എസ്.സി., എസ്.ടി. പ്രമോട്ടർമാർ, കുടുംബശ്രീ അയൽകൂട്ടങ്ങൾ എന്നിവരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തും.