Katadi project to improve the quality of life of differently abled people of Scheduled Tribes

പട്ടികവർഗ വിഭാഗങ്ങളിലെ ഭിന്നശേഷിക്കാരുടെ ജീവിത നിലവാരമുയർത്താൻ കാറ്റാടി (കേരള ആക്‌സിലറേറ്റഡ് ട്രൈബൽ എബിലിറ്റി ഡവലപ്‌മെന്റ് ആൻഡ് ഇൻക്ലൂഷൻ ഇനിഷ്യേറ്റീവ്) പദ്ധതിയുമായി പട്ടികവർഗ വികസന വകുപ്പ്. സൗജന്യമായി വീൽചെയറും ഹിയറിങ്‌ എയ്ഡുകളുമടക്കം ആധുനിക സഹായക ഉപകരണങ്ങൾ ലഭ്യമാക്കുകയാണ്‌ പദ്ധതി ലക്ഷ്യമിടുന്നത്. യൂണിയൻ സർക്കാരിനു കീഴിൽ കോഴിക്കോട്‌ പ്രവർത്തിക്കുന്ന സിആർസി-കെ (കോംപോസിറ്റ് റീജ്യണൽ സെന്റർ ഫോർ സ്‌കിൽ ഡെവലപ്മെന്റ്, റീഹാബിലിറ്റേഷൻ ആൻഡ് എംപവർമെന്റ് ഓഫ് പേഴ്സൺ വിത് ഡിസെബിലിറ്റീസ്, കോഴിക്കോട്) യുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. യൂണിയൻ സർക്കാരിന്റെ എഡിഐപി (അസിസ്റ്റൻസ് ടു ഡിസേബിൾഡ് പേഴ്സൺസ് ഫോർ പർച്ചേസിംഗ്, ഫിറ്റിംഗ് ഓഫ് എയ്ഡ്സ്, അപ്ലയൻസസ്) പദ്ധതി വഴി 1,000 ഉപയോക്താക്കൾക്ക്‌ സിആർസി-കെ സഹായകോപകരണങ്ങൾ വിതരണം ചെയ്യും.

ഭിന്നശേഷി നേരത്തേ മനസ്സിലാക്കി ഇടപെടുന്നതുകൊണ്ടും വൈകല്യങ്ങളെ ലഘൂകരിക്കാനും നിത്യജീവിതത്തിൽ സഹായിക്കാനും സാധിക്കുന്ന ഉപകരണങ്ങൾ ഉപയോഗിക്കുന്നതുകൊണ്ടുമുള്ള ഗുണങ്ങളെപ്പറ്റി അവബോധമുണ്ടാക്കുകയാണ് ആദ്യം ചെയ്യുക. വീടുകൾ സന്ദർശിച്ചും തുടർപ്രവർത്തനങ്ങളിലൂടെയും എല്ലാവരുടേയും ഉൾപ്പെടുത്തൽ ഉറപ്പാക്കും. ആവശ്യമെങ്കിൽ പ്രാദേശികമായി മെഡിക്കൽ ബോർഡുകൾ രൂപികരിക്കും. മൂല്യനിർണയ-വിതരണ ക്യാംപുകൾ, അവബോധ- പരിപാടികൾ തുടങ്ങിയവ അതതിടങ്ങളിൽ സംഘടിപ്പിക്കും. പദ്ധതിയിലൂടെ ഭിന്നശേഷിക്കാരായ മുഴുവൻ പട്ടികവർഗ വിഭാഗക്കാർക്കും ആവശ്യമായ സഹകരണ ഉപകരണങ്ങൾ ലഭ്യമാക്കും. മുഴുവൻ പട്ടികവർഗക്കാർക്കും ആധികാരിക രേഖകൾ ഉറപ്പ് വരുത്തിയ വയനാട് ജില്ലയിലാണ് പദ്ധതി പ്രാരംഭഘട്ടമായി നടപ്പിലാക്കുക.