Classroom Scheme- Relaxation in Beneficiary Criteria

പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പഠനമുറി പദ്ധതിയിലേക്ക് അഞ്ചു മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ കൂടി ഉൾപ്പെടുത്തി. നിലവിൽ 8 മുതൽ 12 വരെയുള്ള വിദ്യാർത്ഥികൾക്കായിരുന്നു പഠനമുറി നൽകിയിരുന്നത്.

120 ചതുരശ്രയടി വിസ്തീർണമുള്ള പഠനമുറിയെന്നത് സ്ഥല സൗകര്യമില്ലാത്ത സാഹചര്യത്തിൽ 100 ചതുരശ്രയടിയായി നിർമിക്കാമെന്നതടക്കം മാനദണ്ഡങ്ങളിൽ സമഗ്രമായ ഭേദഗതികളും വരുത്തിയിട്ടുണ്ട്. 15 വർഷം വരെ കാലപ്പഴക്കമുള്ള വീടുകളുടെ മുകളിലത്തെ നിലയിൽ പഠനമുറി നിർമിക്കാൻ സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ് നൽകാൻ പട്ടികജാതി വകുപ്പ് നിയമിച്ച അക്രഡിറ്റഡ് എഞ്ചിനീയർമാരെ ചുമതലപ്പെടുത്തി. 15 വർഷത്തിനു മേൽ പഴക്കമുള്ള വീടുകൾക്ക് എൽഎസ് ജിഡി അസി. എഞ്ചിനീയറുടെ സർട്ടിഫിക്കറ്റ് വേണം.
അപേക്ഷകൾ സ്കൂൾ മേധാവിയുടെ സാക്ഷ്യപത്രം സഹിതം പട്ടികജാതി വികസന ഓഫീസർക്ക് രക്ഷാകർത്താവ് നൽകണം. പന്ത്രണ്ടാം ക്ലാസിലെ കുട്ടികളുടെ അപേക്ഷകൾക്ക് മുഖ്യ പരിഗണന ലഭിക്കും. വീടിന്റെ വിസ്തീർണ്ണം ഏറ്റവും കുറവുള്ള കുടുംബം, ഒന്നിലധികം പെൺകുട്ടികൾ വിദ്യാർത്ഥികളായ കുടുംബം, വിധവ കുടുംബനാഥയായ കുടുംബം, കിടപ്പ് / മാരക രോഗികളുള്ള കുടുംബം, ഒന്നിലധികം വിദ്യാർത്ഥികളുള്ള കുടുംബം തുടങ്ങിയവർക്ക് മുൻഗണന ലഭിക്കും.

രണ്ട് ലക്ഷം രൂപയാണ് പഠനമുറിക്ക് നൽകുനത്. പട്ടികജാതി വിഭാഗം ജനങ്ങളുടെ സാമൂഹ്യ മുന്നേറ്റത്തിന് മികച്ച പഠന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ വിദ്യാർത്ഥികളിലേക്ക് പഠന മുറി പദ്ധതി വ്യാപിപ്പിക്കുന്നത്.