The sword was handed over in the Padmanabhapuram palace; Devotional start to Navratri festival

പത്മനാഭപുരം കൊട്ടാരത്തിൽ ഉടവാൾ കൈമാറി; നവരാത്രി എഴുന്നള്ളത്തിന് ഭക്തിനിർഭര തുടക്കം

തലസ്ഥാനത്ത് നവരാത്രി പൂജയ്ക്കായി പദ്മനാഭപുരത്തുനിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് ഭക്തിനിർഭരമായ തുടക്കം. ഘോഷയാത്രയ്ക്ക് മുന്നോടിയായി വ്യാഴാഴ്ച കാലത്ത് പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ ഉടവാൾ കൈമാറ്റം നടന്നു.

പട്ടുവിരിച്ച പീഠത്തിൽ സൂക്ഷിച്ച ഉടവാൾ സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശനിൽ നിന്ന് സ്വീകരിച്ച് ആചാരപ്രകാരം തമിഴ്നാട് കന്യാകുമാരി ജില്ലാ ടെംപിൾ ജോയിന്റ് കമ്മീഷണർ ഡി രത്‌നവേൽ പാണ്ഡ്യന് കൈമാറി. ജോയിന്റ് കമ്മീഷണറിൽ നിന്നും തമിഴ്‌നാട് ദേവസ്വം ജീവനക്കാരൻ ഉടവാൾ ഏറ്റുവാങ്ങി.

കേരള, തമിഴ്നാട് സായുധ പോലീസിന്റെ ഗാർഡ് ഓഫ് ഓണറിന് ശേഷം ഘോഷയാത്ര കൊട്ടാരമുറ്റത്തേക്ക് നീങ്ങി. തുടർന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. രാവിലെ ഒൻപതരയോടെ ആനപ്പുറത്തേറി ഘോഷയാത്രയായി സരസ്വതീ വിഗ്രഹം പുറത്തേക്ക് എഴുന്നള്ളി. തൊട്ടുപിന്നാലെ അലങ്കരിച്ച ഇരു പല്ലക്കുകളിലായി വേളിമല കുമാര സ്വാമിയും ശുചീന്ദ്രം മുന്നൂറ്റി നങ്കയും.

വ്യാഴാഴ്ച രാത്രി വിഗ്രഹങ്ങൾ കുഴിത്തുറ മഹാദേവക്ഷേത്രത്തിൽ ഇറക്കിപൂജ നടത്തും. പിറ്റേന്ന് രാവിലെ കളിയിക്കാവിളയിൽ എത്തുന്ന ഘോഷയാത്രയെ കേരള പോലീസ്, റവന്യൂ, ദേവസ്വം അധികൃതർ ചേർന്ന് വരവേൽക്കും. ഘോഷയാത്ര ഒക്ടോബർ 14 ന് വൈകിട്ട് തിരുവനന്തപുരത്തെത്തും. കുമാരസ്വാമിയെ കരമന മുതൽ വെള്ളിക്കുതിരപ്പുറത്താണ് എഴുന്നള്ളിക്കുന്നത്.

സന്ധ്യയോടെ ഘോഷയാത്ര കിഴക്കേക്കോട്ടയിൽ എത്തുമ്പോൾ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഉടവാൾ ഏറ്റുവാങ്ങി ഘോഷയാത്രയെ ആചാരപ്രകാരം വരവേൽക്കും. പദ്മതീർഥക്കുളത്തിലെ ആറാട്ടിനുശേഷം സരസ്വതി മണ്ഡപത്തിലാണ് സരസ്വതിദേവിയെ പൂജയ്ക്കിരുത്തുന്നത്. കുമാരസ്വാമിയെ ആര്യശാല ദേവീക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ദേവീക്ഷേത്രത്തിലും പൂജയ്ക്കിരുത്തും. നവരാത്രി പൂജയാനന്തരം ഒരു ദിവസത്തെ നല്ലിരുപ്പിന് ശേഷം ഒക്ടോബർ 26 ന് മൂന്ന് വിഗ്രഹങ്ങളും തിരുവനന്തപുരത്തു നിന്നും തിരിച്ചെഴുന്നള്ളത്തായി പദ്മനാഭപുരത്തേക്ക് പുറപ്പെടും.