പരമ്പരാഗത മൺപാത്രങ്ങൾക്ക് പുതിയ വിപണിയൊരുക്കി മൺകുരൽ വെബ്സൈറ്റ്
കളിമൺ ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി ഓൺലൈൻ മാർക്കറ്റിംഗ് പ്ലാറ്റ്ഫോം ആരംഭിച്ച് കളിമൺപാത്ര നിർമ്മാണ-വിപണന ക്ഷേമ വികസന കോർപ്പറേഷൻ. പരമ്പരാഗത ഉത്പന്നങ്ങളുടെ ആധുനികവൽക്കരണം, കൂടുതൽ വിപണന സാധ്യതകൾ എന്നിവ ലക്ഷ്യമാക്കിയാണ് ‘മൺകുരൽ'(https://mankural.com) എന്ന ഓൺലൈൻ പ്ലാറ്റ് ഫോമിന് തുടക്കമിട്ടത്. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ ലോകമെമ്പാടുമുള്ള ഉപഭോക്താക്കളിലെത്തിക്കുന്നതിനൊപ്പം കൂടുതൽ വിപണി കണ്ടെത്തി പരമ്പരാഗത തൊഴിലാളികളുടെ ക്ഷേമത്തെ പിന്തുണയ്ക്കുന്നതും ലക്ഷ്യമിട്ടാണ് വെബ്സൈറ്റിന്റെ പ്രവർത്തനം .
അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ, ചട്ടികൾ, ഡെക്കറേഷൻ ഐറ്റംസ്, ഗാർഡനിംഗ് ഐറ്റംസ്, ശിൽപ്പങ്ങൾ, തുടങ്ങി വിവിധ തരത്തിലുള്ള മൺപാത്രങ്ങൾ വൈബ്സൈറ്റിൽ ലഭിക്കും. നൂറ് രൂപയിൽ തുടങ്ങി ആയിരം രൂപയിലധികം വില വരുന്ന ഉത്പന്നങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.പരമ്പരാഗത മൺപാത്ര തൊഴിലാളികൾക്ക് സാമ്പത്തിക സ്ഥിരതയും വിശാലമായ വിപണിയും തുറന്നിട്ട് അവരുടെ സാമ്പത്തിക നില ഉയർത്താനും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും മൺപാത്ര പാരമ്പര്യത്തിന്റെ സാംസ്‌കാരിക പ്രാധാന്യം ആളുകളിലേക്ക് എത്തിക്കാനും പദ്ധതി സഹായിക്കും.