കേരളീയം പരിപാടിയുടെ ഭാഗമായി പട്ടികജാതി-പട്ടികവർഗ്ഗ , പിന്നാക്ക വിഭാഗ വികസന വകുപ്പ് യൂണിവേഴ്സിറ്റി കോളേജിൽ സംഘടിപ്പിക്കുന്ന ട്രേഡ് ഫെയർ, ഫുഡ് ഫെസ്റ്റിവൽ , മറ്റു പ്രദർശന വിപണന മേളകളും ജനപങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും വളരെ വിജയകരമായി നടന്നു വരികയാണ്. പതിനായിരങ്ങളാണ് ഇവിടേയ്ക്ക് ഒഴുകിയെത്തുന്നത്. തദ്ദേശീയ ജനതയുടെ പരമ്പരാഗത ജീവിത രീതികളും ചരിത്രവും പഠന വിധേയമാക്കാനും അടുത്തറിയാനും ഈ പ്രദർശനം സഹായിക്കുന്നുണ്ട്. ട്രേഡ് ഫെയറിന്റെ ഭാഗമായി 30 സ്റ്റാളുകളും 15 ഫുഡ് കോർട്ടുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. അവിടെ നല്ല രീതിയിൽ വിൽപ്പനയും നടക്കുന്നുണ്ട്. എന്നാൽ കനക കുന്നിൽ നടക്കുന്ന പ്രദർശന പരിപാടിയിൽ ആദിവാസി വിഭാഗത്തെ ചിത്രീകരിച്ചത് സംബന്ധിച്ചുള്ള ചില വിമർശനങ്ങൾ ഉയർന്നത് ശ്രദ്ധയിൽപ്പെട്ടു. പട്ടികവർഗ്ഗ വികസന വകുപ്പ് ഇത്തരത്തിലുള്ള ഒരു പ്രദർശനവും നടത്തുന്നില്ല. അത്തരത്തിലുള്ള എന്തെങ്കിലും കാര്യങ്ങൾ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിച്ച് ഉചിതമായ തിരുത്തലുകൾ വരുത്തും.