Patara drinking water project submitted

പാട്ടാറ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

ദേശമംഗലം ഗ്രാമപഞ്ചായത്തിൽ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തും ഭൂജല വകുപ്പും സംയുക്തമായി നടപ്പിലാക്കിയ പാട്ടാറ കുടിവെള്ള പദ്ധതി നിലവിൽ വന്നു. പഞ്ചായത്തിലെ 13ആം വാർഡിനെ സമ്പൂർണ കുടിവെള്ള ലഭ്യതയുള്ള വാർഡ് ആയും പ്രഖ്യാപിച്ചു.

ഭൂജലവകുപ്പിന്റെ 2022 – 23 സാമ്പത്തിക വർഷത്തെ ഭൂതലാധിഷ്ഠിത കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി 8,53,057 രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഭൂജല വകുപ്പ് മുഖേന നിർമ്മിച്ച 110 എംഎം വ്യാസമുള്ള കുഴൽക്കിണർ ആണ് പദ്ധതിയുടെ ജല സ്രോതസ്. മണിക്കൂറിൽ 5000 ലിറ്റർ എന്ന കണക്കിൽ ദിവസേന 4 മണിക്കൂറിൽ 20000 ലിറ്റർ ആണ് നിർദേശിക്കപ്പെട്ടിട്ടുള്ള ജലലഭ്യത. കുഴൽക്കിണറിൽ 5 എച്ച്പി ശേഷിയുള്ള പമ്പ് ഉപയോഗിച്ചാണ് 150 മീറ്റർ അകലെ നിർമ്മിച്ചിരിക്കുന്ന 5000 ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിൽ കുടിവെള്ളം എത്തിക്കുന്നത്. ജല വിതരണത്തിനായി 526 മീറ്റർ നീളത്തിൽ വിതരണ ശൃംഖലയും 15 ഹൗസ് കണക്ഷനുകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആവശ്യാനുസരണം ഹൗസ് കണക്ഷനുകളുടെ എണ്ണം എസ്റ്റിമേറ്റ് പ്രകാരം 21 വരെ ഉയർത്താവുന്നതാണ്.