Pooram's 3D laser show is coming; Enjoy Thrissur Pooram every week

പൂരത്തിന്റെ ത്രീഡി ലേസർ ഷോ വരുന്നു; എല്ലാ ആഴ്ചയും തൃശൂർ പൂരം ആസ്വദിക്കാം

ലോകത്തിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായ തൃശൂർ പൂരം എല്ലാ ആഴ്ചയിലും ആസ്വദിക്കാൻ വഴിയൊരുങ്ങുന്നു. തെക്കേ ഗോപുരനടയിൽ തൃശൂർ പൂരത്തിന്റെ പ്രതിവാര ത്രീഡി ലേസർ ഷോ പ്രദർശിപ്പിക്കാനുള്ള പദ്ധതിയാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട ആലോചനാ യോഗം ചേർന്നു. യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട് സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് (സിൽക്ക്) തയ്യാറാക്കിയ സാംപിൾ വീഡിയോ പ്രദർശിപ്പിച്ചു.

ഓരോ വർഷവും ലക്ഷക്കണക്കിന് പേർ പങ്കെടുക്കുന്ന പൂരത്തിന്റെ അനുഭവങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്നവർക്ക് സ്ഥിരമായി ആസ്വദിക്കാനുള്ള അവസരമാണ് പൂരം ലേസർ ഷോയിലൂടെ ഒരുങ്ങുന്നതെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ആദ്യഘട്ടമെന്ന നിലയിൽ എല്ലാ ശനിയാഴ്ചകളിലും ഷോകൾ നടത്താനാണ് പദ്ധതി. സിൽക്കാണ് ഇതുമായി ബന്ധപ്പെട്ട പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 10 എച്ച്ഡി പ്രൊജക്ടറുടെ സഹായത്തോടെ കുടമാറ്റം, ഇലഞ്ഞിത്തറ മേളം, വെടിക്കെട്ട് ഉൾപ്പെടെ കൊടിയേറ്റം മുതൽ ഉപചാരം ചൊല്ലിപ്പിരിയുന്നത് വരെയുള്ള പൂരത്തിന്റെ എല്ലാ ചടങ്ങുകളും അതിമനോഹരമായി ലേസർഷോയിലൂടെ പുനർജനിക്കും. പൂരത്തിന്റെയും വടക്കും നാഥൻ ക്ഷേത്രത്തിന്റെയും ചരിത്രവും ഷോയിൽ ഉൾപ്പെടുത്തും.

ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന രീതിയിൽ അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ലേസർ ഷോ തയ്യാറാക്കുക. മൂന്നര കോടി രൂപയോളം ചെലവ് കണക്കാക്കപ്പെടുന്ന പദ്ധതിക്ക് ടൂറിസം വകുപ്പാണ് ഫണ്ട് ലഭ്യമാക്കുക. കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് മുതൽക്കൂട്ടാകുന്ന പദ്ധതിക്കുള്ള എല്ലാ വിധ സഹായവും പന്തുണയും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വാഗ്ദാനം ചെയ്തു. 20 മിനുട്ടിലേറെ നീണ്ടു നിൽക്കുന്ന ലേസർ ഷോയിൽ പൂരത്തിന്റെ ആഘോഷവും താളവും മേളവുമെല്ലാം പുനരാവിഷ്‌ക്കരിക്കപ്പെടും. പൂരവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും ഉൾക്കൊള്ളുന്ന വിധത്തിലായിരിക്കും ലേസർ ഷോ സംവിധാനം ചെയ്യുക.
ലേസർഷോയ്ക്കായി ഏതെങ്കിലും രീതിയിലുള്ള നിർമാണ പ്രവർത്തനങ്ങളോ സ്ഥിരം സംവിധാനങ്ങളോ ആവശ്യമില്ല. ഷോ നടക്കുന്ന സമയത്ത് സജ്ജീകരിക്കാവുന്ന വിധത്തിലുള്ള സംവധാനങ്ങളാണ് ഇതിനായി തയ്യാറാക്കുക. ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും ദേവസ്വം അധികൃതരും ക്ഷേത്ര ഭാരവാഹികളും യോഗത്തിൽ പൂർണ പിന്തുണ വാഗ്ദാനം ചെയ്തു. പൂരം ലേസർ ഷോയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ മുന്നോട്ടുവച്ച ആശയത്തിൻ മേലുള്ള പ്രാഥമിക ചർച്ച നേരത്തേ നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് പദ്ധതി തയ്യാറാക്കുന്നതിനുള്ള ചുമതല സിൽക്കിന് നൽകിയത്. നാലു മാസത്തിനകം ലേസർ ഷോ ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.