Tribal section of Pothukall Panchayat implements SEVAS scheme for holistic development of children

പാർശ്വവൽകൃത മേഖലകളിലെ കുട്ടികളുടെ സമഗ്ര വികസനം മുന്നിൽക്കണ്ട് സാധ്യമായ എല്ലാ ഏകോപന സാധ്യതകളും പ്രയോജനപ്പെടുത്തി നിശ്ചിത പാർശ്വവൽകൃത മേഖല ദത്തെടുക്കുന്ന “സേവാസ്” പദ്ധതി പോത്തുകല്ല് പഞ്ചായത്തിൽ നടപ്പിലാക്കുന്നു. സെൽഫ് എമർജിങ് വില്ലേജ് ത്രൂ അഡ്വാൻസ്ഡ് സപ്പോർട്ട് (SEVAS) എന്ന പേരിൽ സമഗ്ര ശിക്ഷാ കേരള ഈ വർഷം നടപ്പിലാക്കുന്ന പൈലറ്റ് പ്രോജക്ട് ആണ് സേവാസ് . ഓരോ ജില്ലയിലെയും പാർശ്വവൽകൃത വിഭാഗം കുട്ടികൾ അധികമായി താമസിക്കുന്ന ഒരു പഞ്ചായത്ത് ആണ് ഇപ്രകാരം ദത്തെടുക്കുന്നത്. പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം സാമൂഹ്യപങ്കാളിത്തത്തോടെ നടപ്പിലാക്കുക, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് ആത്മവിശ്വാസം നൽകി അവരെ മുന്നോട്ടു നയിക്കുക ,വിദ്യാഭ്യാസം സാംസ്കാരികാവബോധം, തൊഴിൽ നൈപുണി മേഖലകൾ എന്നിവയിൽ മികവ് നേടാൻ സഹായിക്കുക, അഞ്ചുവർഷംകൊണ്ട് എല്ലാ മേഖലകളിലും ഉന്നതിയിൽ എത്തുന്ന ഒരു സമൂഹത്തെ രൂപപ്പെടുത്തിയെടുക്കുക, വിവിധതരം പരിമിതികൾ അനുഭവിക്കുന്ന കുട്ടികൾക്ക് സാമൂഹിക പങ്കാളിത്തത്തോടെ ആത്മവിശ്വാസവും ജീവിതനൈപുണിയും നേട ത്തക്കവിധത്തിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.

വാസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് സാമൂഹികാവസ്ഥാ പഠനം നടത്തുക, പഠന ടൂളുകൾ തയ്യാറാക്കുക, ഡയറ്റ് എസ് എസ് കെ, പൊതുവിദ്യാഭ്യാസ വകുപ്പ് വിദഗ്ധർ എന്നിവരുടെ നേതൃത്വത്തിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കി ഏജൻസികൾക്ക് ചുമതല നൽകുക, വിവിധ വകുപ്പുകളുടെ പഞ്ചായത്ത് തല ഏകോപനം സാധ്യമാക്കിക്കൊണ്ട് കുട്ടികളുടെ ബേസ്ഡ്ലൈൻസ് സ്റ്റഡി നടത്തുക തുടങ്ങിയവയാണ് പ്രവർത്തന പദ്ധതി .

തദ്ദേശ സ്വയംഭരണ വകുപ്പ് ,വനിത ശിശു വികസന വകുപ്പ്, ആരോഗ്യവകുപ്പ്, സാമൂഹ്യ നീതി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് ‘ട്രൈബൽ വകുപ്പ്, എക്സൈസ് വകുപ്പ്, കേരള മഹിളാസമഖ്യസൊസൈറ്റി, വനം വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തിലൂടെ ആയിരിക്കും പദ്ധതി നടപ്പിലാക്കുന്നത്.