Scaffold project to mold the best professionals

സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന, പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നവരെ, ഹയർ സെക്കന്ററി പഠനത്തിന് ശേഷം ദേശീയ, അന്തർദേശീയ മത്സര പരീക്ഷകളിൽ തിളങ്ങാൻ പ്രാപ്‌തമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് സ്‌കഫോൾഡ് (Scaffold). BPL വിഭാഗത്തിലെ ഉയർന്ന പഠന നിലവാരമുള്ള വിദ്യാർഥികൾക്ക് ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനൊപ്പം നൈപുണ്യ പരിശീലനവും നൽകും. ഇതിലൂടെ ആശയവിനിമയ ശേഷി, വ്യക്തിഗത സവിശേഷതകൾ തുടങ്ങിയവ വളർത്തി മികച്ച കരിയർ ഉറപ്പുവരുത്തും. SC, ST വിഭാഗക്കാർക്കും ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കും മുൻഗണന നൽകും.

BPL വിഭാഗത്തിലെ 10-ാം തരം പരീക്ഷയിൽ 90%-ത്തിന് മുകളിൽ മാർക്ക് നേടി 11-ാം ക്ലാസിൽ പഠിക്കുന്നവരെയാണ് പരിശീലന പരിപാടിയിൽ പങ്കെടുപ്പിക്കുന്നത്. പട്ടകജാതി, പട്ടികവർഗ വിദ്യാർഥികൾക്ക് 80% മാർക്ക് മതിയാകും.

ഓരോ ജില്ലയിലെയും ഹയർസെക്കന്ററി വിദ്യാർഥികളെ പ്രത്യക ശില്പശാല നടത്തി, ഇന്റർവ്യൂ, എഴുത്തു പരീക്ഷ, വിവിധ ഗെയിമുകൾ, തുടങ്ങിയ സ്‌ക്രീനിംഗ് ടെസ്റ്റുകൾക്ക് വിധേയമാക്കി ഏറ്റവും മികച്ച വിദ്യാർഥികളെ തെരഞ്ഞെടുത്ത് വിദഗ്ധ പരിശീലനം നൽകും. നൈപുണ്യ പരിശീലനം, കരിയർ കൗൺസിലിംഗ്, ഇംഗ്ലീഷ് പരിജ്ഞാന കോഴ്‌സുകൾ, മോട്ടിവേഷൻ ക്ലാസ്സുകൾ തുടങ്ങിയ പ്രോഗ്രാമുകളിലൂടെ ആശയവിനിമയ കഴിവുകളും വ്യക്തിഗത സവിശേഷകളും വളർത്തി മികച്ച കരിയർ ഉറപ്പു വരുത്തുന്നതാണ് പദ്ധതി. സമഗ്ര ശിക്ഷ കേരളം, സംസ്ഥാന തൊഴിൽ വകുപ്പ് ,എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

മെച്ചപ്പെട്ട വിദ്യാഭ്യാസം, നൈപുണ്യ പരിശീലനം, മൃദു പരിശീലനം എന്നിവ നൽകി അവരുടെ ആശയവിനിമയ കഴിവുകൾ വ്യക്തിഗത സവിശേഷതകൾ എന്നിവ വളർത്തികൊണ്ടുവന്ന് വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറുള്ളവരും ആത്മവിശ്വാസമുള്ളവരുമാക്കി മാറ്റും. ഒരു വ്യക്തിക്ക് ഉന്നതവിദ്യാഭ്യാസം നേടുന്നതിനും, അനുയോജ്യമായ ജോലി ഏതെന്ന് തിരിച്ചറിയുന്നതിനും പ്രാപ്തനാക്കുന്നതിനും അക്കാദമിക് റെക്കോർഡ്, കുടുംബ പശ്ചാത്തലം, വൈകാരിക തലം, ജോലി ചെയ്യുന്നതിനോടുള്ള മനോഭാവം തുടങ്ങിയവയെല്ലാം തന്നെ വിശകലനം ചെയ്യുന്നതിനും ആധുനിക ശാസ്ത്രീയ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി കൗൺസിലിംഗിനും മൂല്യനിർണ്ണയം നടത്തിയും അന്തിമമായി കഴിവിനും, യോഗ്യതയ്ക്കും അനുയോജ്യമായ തൊഴിലിലേക്ക് കൈപിടിച്ച് ഉയർത്തുന്നതിനുള്ള പ്രാരംഭ ശ്രമമാണ് സ്‌കഫോൾഡ് വിഭാവനം ചെയ്യുന്നത്.