മികച്ച വിദ്യാഭ്യാസത്തിലൂടെ മാത്രമേ പിന്നാക്ക ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരായിലേക്ക് ഉയർത്തിക്കൊണ്ടു വരുവാൻ സാധിക്കുകയുള്ളു. പിന്നാക്ക വിഭാഗം വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ മേഖലയിൽ ദീർഘവീക്ഷണത്തോടെയുള്ള വിവിധങ്ങളായ നൂതന പദ്ധതികൾ സർക്കാർ നടപ്പിലാക്കുന്ന ഘട്ടമാണിത്.
പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗം വിദ്യാർത്ഥികൾക്ക് നിലവിൽ വിദേശ സർവകലാശാലകളിൽ ഉന്നതപഠനം നടത്തുന്നതിനായി സംസ്ഥാന സർക്കാർ സ്കോളർഷിപ്പ് നൽകുന്നുണ്ട്. സമാനമായ രീതിയിൽ കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപറേഷൻ മുഖേന പരിവർത്തിത ക്രൈസ്തവർക്കും, പട്ടികജാതിയിലേക്കു ശുപാർശ ചെയ്യപ്പെട്ടവരുമായ ജനവിഭാഗങ്ങൾക്കും കൂടി വിദേശ പഠനത്തിനായി 10 ലക്ഷം രൂപ വരെ കുറഞ്ഞ പലിശനിരക്കിൽ വായ്പ അനുവദിക്കുന്ന ഒരു പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്.
വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് 3.5% പലിശ നിരക്കിലും, ആൺകുട്ടികൾക്ക് 4 % പലിശ നിരക്കിലും, വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കൂടുതലുള്ള കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് 4 .5% പലിശ നിരക്കിലും, ആൺകുട്ടികൾക്ക് 5 % പലിശ നിരക്കിലും 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. പഠനം കഴിഞ്ഞു ആറ് മാസക്കാലയളവ് പൂർത്തിയാകുന്ന മുറക്ക് തിരിച്ചടവ് ആരംഭിക്കേണ്ടതാണ്.