Social security pension for Vishwakarma category will be increased

വിശ്വകർമ്മ വിഭാഗക്കാർക്കുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ വർധിപ്പിക്കും

വിശ്വകർമ്മ വിഭാഗക്കാർക്കുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ വർധിപ്പിക്കും. വിശ്വകർമ്മ സമൂഹത്തിന്റെ സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പഠിക്കുന്നതിനായി നിയമിച്ച ഡോ. പി.എൻ. ശങ്കരൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നത് സംബന്ധിച്ച് എം. വിൻസന്റിന്റെ ശ്രദ്ധക്ഷണിക്കലിനുള്ള മറുപടിയായിട്ടായിരുന്നു പ്രസ്താവന. ശങ്കരൻ കമ്മീഷൻ റിപ്പോർട്ടിൽ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട 21 ശിപാർശകളാണ് ഉണ്ടായിരുന്നത്. ഇത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് റിപ്പോർട്ട് അംഗീകരിച്ച് തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്.

ആർട്ടിസാൻസ് ഡവലപ്മെന്റ് കോർപ്പറേഷൻ, ആർട്ടിസാൻസ് സ്കിൽ ബാങ്ക്, സഹകരണ ബാങ്കുകളിലും പൊതുമേഖല ബാങ്കുകളിലും സ്വർണ്ണ അപ്രൈസർ നിയമനം,ക്രീമിലെയർ സർട്ടിഫിക്കറ്റുകൾ, പരമ്പരാഗത വിദഗ്ധ തൊഴിലാളികളുടെ സർട്ടിഫിക്കേഷൻ, നൈപുണ്യ പരിശീലനം തുടങ്ങിയവ നടപ്പാക്കും. ആറന്മുള കണ്ണാടി പോലുള്ള കരകൗശല ഉൽപ്പനങ്ങളുടെ പ്രദർശനത്തിനായി ആറന്മുളയ്ക്ക് സമീപം മാന്നാറിൽ ബെൽ മെറ്റൽ ക്രാഫ്റ്റിന് പ്രാധാന്യം നൽകി ക്രാഫ്റ്റ് വില്ലേജ് ആരംഭിക്കും.

വിശ്വകർമ്മ പെൻഷൻ നിലവിൽ 1400/- രൂപയാണ് നൽകിവരുന്നത്. ആയത് വർധിപ്പിക്കുന്ന കാര്യം പരിശോധിച്ച് നടപടികൾ സ്വീകരിക്കുന്നതാണ്.

വിശ്വകർമ്മ വിഭാഗം ഉൾപ്പെടെയുള്ള പിന്നാക്ക ജനവിഭാഗത്തിന്റെ സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കന്നതിന് പൊതുവായി നിരവധി പദ്ധതികൾ സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്.