Necessary facilities will be prepared for Sabarimala pilgrims

ശബരിമല തീര്‍ഥാടകർക്ക് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കും

ശബരിമല തീര്‍ഥാടനം കേരളത്തിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് . വർഷം തോറും ലക്ഷകണക്കിന് ഭക്തരാണ് തീര്‍ഥാടനത്തിനായി കേരളത്തിലേക്ക് എത്തുന്നത്. അവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സജ്ജമാക്കുന്നതിന് പ്രത്യേക സംവിധാനങ്ങളാണ് അവിഷ്കരിക്കുന്നത്.

തീര്‍ഥാടന തയാറെടുപ്പുമായി ബന്ധപ്പെട്ട് ഓരോ വകുപ്പുകളുടെയും ന്യൂനതകള്‍ കണ്ടെത്തി പരിഹരിക്കും . വലിയ ജനത്തിരക്കാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. കൂടുതല്‍ തീര്‍ത്ഥാടകര്‍ക്കായി വിപുലമായ സൗകര്യമൊരുക്കും. ഭക്തന്മാര്‍ക്ക് ആവശ്യമായ സംരക്ഷണം, ആരോഗ്യപരിപാലനം തുടങ്ങിയവ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. വകുപ്പുതല കോ-ഓര്‍ഡിനേഷനായി ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിക്കും.ഏറ്റവും മികച്ച രീതിയില്‍ തീര്‍ത്ഥാടനം നടത്തുകയാണ് ലക്ഷ്യം.

പോലീസ്, എക്‌സൈസ്, ഫോറസ്റ്റ് എന്നീ വകുപ്പുകള്‍ സുരക്ഷ ശക്തമാക്കും. ആവശ്യമായ ടോയ്‌ലറ്റ് സംവിധാനം ഒരുക്കും. കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങള്‍ നിരവധിയാണ്. ഇതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുന്ന തരത്തിലുള്ള ചികിത്സ സംവിധാനം ആരോഗ്യ വകുപ്പ് ഒരുക്കും. വനം വകുപ്പ് പരമ്പരാഗത പാതയില്‍ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ തുടങ്ങും. സൗജന്യ കുടിവെള്ള വിതരണം, എക്കോ ഷോപ്പുകള്‍ എന്നിവ ആരംഭിക്കും. വന്യ ജീവികളുടെ ആക്രമണം തടയുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകള്‍ സ്ഥാപിക്കും. എലിഫന്റ് സ്‌ക്വാഡ്, സ്‌നേക് സ്‌ക്വാഡ് എന്നീ ടീമുകളെ നിയോഗിക്കും. നവംബര്‍ അഞ്ചോടു കൂടി പരമ്പരാഗത പാത സഞ്ചാരയോഗ്യമാക്കും.

വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍, പിഡബ്ല്യുഡി, കെ എസ് ഇ ബി, വകുപ്പുകള്‍ നവംബര്‍ പത്തിനു മുന്‍പായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. ആരോഗ്യ വകുപ്പ് ജീവനക്കാരുടെയും ആംബുലന്‍സിന്റെയും വിന്യാസം, മരുന്നു സംഭരണം തുടങ്ങിയ പ്രവര്‍ത്തനം ആരംഭിച്ചു. കൊതുകു നശീകരണത്തിനും പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും മുന്‍കരുതല്‍ സ്വീകരിക്കും. ആന്റി വെനം ആശുപത്രികളില്‍ ലഭ്യമാക്കും. കെ എസ് ആര്‍ ടി സി കൂടുതല്‍ ബസ് സൗകര്യമൊരുക്കും. ഫയര്‍ഫോഴ്സ്സ്‌കൂബാ ടീമിനെ നിയോഗിക്കും. സിവില്‍ ഡിഫന്‍സ് ടീമിനെയും ഇത്തവണ നിയോഗിക്കും.