Ayyan app to help Sabarimala pilgrims

ശബരിമല തീർഥാടകർക്ക് അയ്യൻ ആപ്പുമായി വനം വകുപ്പ്. മലയാളം, തമിഴ്, കന്നഡ, തെലുഗ്, ഹിന്ദി, എന്നീ അഞ്ചു ഭാഷകളിൽ ആപ്പിന്റെ സേവനങ്ങൾ ലഭ്യമാണ്. പമ്പ,സന്നിധാനം, സ്വാമി അയ്യപ്പൻ റോഡ്, പമ്പ-നീലിമല -സന്നിധാനം-എരുമേലി-അഴുതക്കടവ് പമ്പ, സത്രം -ഉപ്പുപാറ -സന്നിധാനം എന്നീ പാതകളിൽ ലഭിക്കുന്ന സേവനങ്ങൾ ആപ്പിൽ ലഭ്യമാണ്. തെരഞ്ഞെടുക്കുന്ന റൂട്ടുകളിലെ വിവിധ മുന്നറിയിപ്പുകൾ ആപ്പിലൂടെ ലഭിക്കും. ഓൺലൈനിലും ഓഫ്‌ലൈനനിലും പ്രവർത്തിക്കുന്ന ആപ്പ് പ്ലേ സ്റ്റോർ വഴിയും കാനന പാതയുടെ കവാടങ്ങളിൽ ഉള്ള QR കോഡ് സ്‌കാൻ ചെയ്തും ഡൗൺലോഡ് ചെയ്യാം.

പരമ്പരാഗത കാനന പാതകളിലെ സേവന കേന്ദ്രങ്ങൾ, മെഡിക്കൽ എമർജൻസി യൂണിറ്റ്, താമസസൗകര്യം, എലിഫന്റ് സ്‌ക്വാഡ് ടീം, പൊതുശൗചാലയങ്ങൾ, ഓരോ താവളത്തിൽ നിന്നും സന്നിധാനത്തേയ്ക്കുള്ള ദൂരം, ഫയർഫോഴ്‌സ്, പൊലീസ് എയ്ഡ് പോസ്റ്റ്, ഇക്കോ ഷോപ്പ്, സൗജന്യ കുടിവെള്ള വിതരണ കേന്ദ്രങ്ങൾ, ഒരു സ്ഥലത്തുനിന്നും അടുത്ത കേന്ദ്രങ്ങളിലേക്കുള്ള ദൂരം എന്നിവ സംബന്ധിച്ച വിവരങ്ങൾ ആപ്പിൽ ലഭ്യമാണ്. അയ്യപ്പന്മാർ പാലിക്കേണ്ട ആചാരമര്യാദകളും പൊതുനിർദേശങ്ങളും ശബരിമല ക്ഷേത്രത്തേക്കുറിച്ചുള്ള വിവരങ്ങളും അടിയന്തര സഹായ നമ്പറുകളും ആപ്പിലുണ്ട്.

കാഞ്ഞിരപ്പളളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലെപ്പേർഡ് ടെക്ക് ലാബ് പ്രൈവറ്റ് ലിമിറ്റഡിന്റെ സാങ്കേതിക സഹായത്തോടെ പെരിയാർ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിലാണ് ആപ്പ് നിർമിച്ചത്.