Kudumbasree has made great strides in the field of women empowerment - Minister Radhakrishnan

സ്ത്രീശാക്തീകരണ രംഗത്ത് കുടുംബശ്രീയിലൂടെ സാധ്യമായത് വലിയ മുന്നേറ്റം-മന്ത്രി രാധാകൃഷ്ണന്‍

സംസ്ഥാനത്ത് സ്ത്രീശാക്തീകരണ രംഗത്ത് കുടുംബശ്രീ എന്ന സംവിധാനത്തിലൂടെ സാധ്യമായത് വലിയ മുന്നേറ്റമാണെന്ന് സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പിന്നോക്ക ക്ഷേമ, ദേവസ്വം, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. ദാരിദ്രലഘൂകരണം എന്ന നിലയില്‍ ആരംഭിച്ച കുടുംബശ്രീക്ക് സമൂഹത്തിന്റെ എല്ലാ മേഖലകളിലും കടന്നുചെല്ലാന്‍ സാധിച്ചുവെന്നും സ്ത്രീശാക്തീകരണം ലക്ഷ്യം വെച്ചാണ് സര്‍ക്കാരിന്റെ ഓരോ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മൈക്രോ ക്രെഡിറ്റ് വായ്പയുടെ വിതരണോദ്ഘാടനവും വനിതാ ദിനാഘോഷവും നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസ്, തൃശൂര്‍ അതിരൂപതയുടെ എന്‍ ജി ഒ ആയ സോഷ്യല്‍ വെല്‍ഫയര്‍ സാന്ത്വനത്തിന് നല്‍കിയ ഒരു കോടി രൂപയുടെ മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം മന്ത്രി നിര്‍വ്വഹിച്ചു. സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ പവര്‍ അവാര്‍ഡ് ജേതാവും ലിംക ബുക്ക് ഓഫ് അവാര്‍ഡ് ജേതാവുമായ സിസ്റ്റര്‍ ലിസ്മിയെ സാന്ത്വനം ചെയര്‍മാന്‍ മോണ്‍. ജോസ് കോനിക്കര ആദരിച്ചു.

കിഴക്കേകോട്ട ഫാമിലി അപ്പസ്‌തോലേറ്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അഡ്വ. കെ പ്രസാദ് ആമുഖ പ്രഭാഷണം നടത്തി. സ്ത്രീ ശാക്തീകരണം എന്ന വിഷയത്തില്‍ അഡ്വ വില്ലി ക്ലാസ് നയിച്ചു. കെ എസ് ബി ഡി സി എ ജി എം വേണുഗോപാല്‍ പി എന്‍ പദ്ധതി വിശദീകരണം നടത്തി. സോഷ്യല്‍ വെല്‍ഫെയര്‍ സെന്റര്‍ സെക്രട്ടറി ഫാ ജോയ് മൂക്കന്‍ സ്വാഗതവും സാന്ത്വനം അസി. ഡയറക്ടര്‍ സിജു പുളിക്കന്‍ നന്ദിയും പറഞ്ഞു.