ഉന്നതി വിജ്ഞാന തൊഴിൽ പദ്ധതി -പട്ടികജാതി – പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് പുതിയകാലഘട്ടത്തിനനുസരിച്ചുള്ള തൊഴിൽ നല്കും
തൊഴിൽ സങ്കൽപങ്ങൾ മാറിവരുന്ന ഇക്കാലത്ത് വർത്തമാനകാലഘട്ടത്തെ അതിജീവിക്കാൻ കഴിയുന്ന തൊഴിലുകളാണ് പട്ടികജാതി – പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് നൽകേണ്ടത്. കേരള നോളെജ് ഇക്കോണമി മിഷൻ പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്കായി നടത്തുന്ന ഉന്നതി വിജ്ഞാന തൊഴിൽ പദ്ധതി സംസ്ഥാനതലത്തിൽ ആരംഭിച്ചു. ഏറ്റവുമധികം പരിഗണന ലഭിക്കേണ്ട അടിസ്ഥാന ജനവിഭാഗത്തെ മുന്നോട്ടുകൊണ്ടുവരാൻ ഉന്നതി തൊഴിൽ പദ്ധതി പ്രയോജനകരമാകും. പട്ടികജാതി – പട്ടികവർഗ സമൂഹത്തിന് തൊഴിൽ ലഭ്യമാക്കുന്ന പദ്ധതി ഉന്നതിയിലേക്കുള്ള ചവിട്ടുപടിയാണ്. പാർശ്വവൽക്കരിക്കപ്പെടുന്നവരുടെ ജീവിതം മെച്ചപ്പെടുത്താൻ അവർക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകേണ്ടതുണ്ട്.
ഈ സർക്കാർ വന്നതിനുശേഷം വിദേശസർവകലാശാലകളിലും ഇന്ത്യയിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിക്കാനുള്ള അവസരം പട്ടികജാതി – പട്ടികവർഗ വിദ്യാർഥികൾക്ക് ലഭ്യമായിട്ടുണ്ട്. പഠനം പൂർത്തിയാക്കി തിരിച്ചെത്തുന്നവർക്ക് ബന്ധപ്പെട്ട തൊഴിൽ നേടുന്നതിനുള്ള അവസരം ഉന്നതിവഴി നൽകാനാകും. തൊഴിൽ നേടുന്നതിനൊപ്പം തൊഴിൽദാതാക്കളായി മാറാനുള്ള അവസരം പ്രയോജനപ്പെടുത്തണം.
കേരള നോളെജ് ഇക്കോണമി മിഷനും പട്ടികജാതി – പട്ടിക വർഗ്ഗ വികസന വകുപ്പിനു കീഴിലെ ഉന്നതി കേരള എംപവർമെൻറ് സൊസൈറ്റി’യുമായി ചേർന്നാണ് ഉന്നതി തൊഴിൽ പദ്ധതി നടപ്പിലാക്കുന്നത്. തൊഴിൽ തൽപരരായ, 18 നും 59നും ഇടയിൽ പ്രായമുള്ള, പ്ലസ്ടുവോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള, പട്ടികജാതി- പട്ടികവർഗ തൊഴിലന്വേഷകരെ കണ്ടെത്തി റസിഡൻഷ്യൽ പരിശീലനത്തിലൂടെയോ ഓൺലൈൻ പരിശീലനത്തിലൂടെയോ തൊഴിൽ ലഭ്യമാക്കുവാനാണ് ഉദ്ദേശിക്കുന്നത്.
പദ്ധതിയുടെ പ്രവർത്തനങ്ങൾ നിർവഹിക്കുന്ന പട്ടികജാതി പട്ടികവർഗ്ഗ പ്രമോട്ടർമാർക്കു പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്.