കുഞ്ചിപ്പെട്ടി അരി വിപണിയിൽ
അടിമാലി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ പൂർണ്ണമായും ആദിവാസിവിഭാഗങ്ങൾ മാത്രം ഉൾക്കൊള്ളുന്ന പ്രദേശമാണ് കട്ടമുടി കുഞ്ചിപെട്ടി. മുതുവാൻ വിഭാഗത്തിൽപ്പെട്ട ആളുകളാണ് ഇവിടെയുള്ളത്. വനത്താൽ ചുറ്റപ്പെട്ട ഏകദേശം ഇരുപത് ഏക്കറിൽ കൂടുതൽ വ്യാപിച്ചുകിടക്കുന്ന പാടശേഖരമാണുള്ളത്. ഈ വർഷം നെൽകൃഷി മൂന്നിരട്ടിയായി വർധിച്ചിട്ടുണ്ട്. കർഷകരുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. ഈ വർഷം മുതൽ വിപുലമായ വേനൽക്കാല പച്ചക്കറി കൃഷി ആരംഭിക്കാനാണ് പാടശേഖര സമിതി ഉദ്ദേശിക്കുന്നത്. കട്ടമുടിക്കുടി പാടശേഖരസമിതിയും പൊൻകതിർ കൃഷിക്കൂട്ടവും സംയുക്തമായാണ് കൃഷിയിറക്കുക. അടിമാലി കൃഷിഭവന്റെയും ശാന്തൻപാറ കൃഷിവിജ്ഞാൻ കേന്ദ്രയുടെയും നേതൃത്വത്തിൽ പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു കഴിഞ്ഞു.
കട്ടമുടിക്കുടി പാടശേഖരത്തിൽ വിളഞ്ഞ നെല്ല് ഇനിമുതൽ “കുഞ്ചിപ്പെട്ടി അരി” എന്ന ബ്രാൻഡിൽ വിപണിയിലെത്തും. പൂർണ്ണമായും വനത്താൽ ചുറ്റപ്പെട്ട പാടശേഖരത്തിൽ വിളഞ്ഞ നെല്ല് ഈ വർഷം മുതൽ പൊതുവിപണിയിൽ ലഭ്യമാക്കുന്നതിനാണ് ശ്രമം. വ്യാവസായിക അടിസ്ഥാനത്തിൽ നെല്ല് സംസ്കരിക്കുന്നതിനുള്ള പദ്ധതി ഉടൻ ആരംഭിക്കും. ഇതോടൊപ്പം ഉത്തരവാദിത്ത ഫാം ടൂറിസം പദ്ധതികൾ കൂടി നടപ്പിലാക്കുന്നതിനുള്ള ആലോചനയിലാണ് പാടശേഖരസമിതി.