തദ്ദേശ സ്വാതന്ത്ര്യസമര സേനാനി മ്യൂസിയം നാടിന്റെ അഭിമാനമാകും
തദ്ദേശീയ സ്വാതന്ത്രസമര സേനാനികളുടെയും നാടിന്റെയും അഭിമാനമായി ഗോത്രവർഗ്ഗ സ്വാതന്ത്ര സമര സേനാനി മ്യൂസിയം നിർമിക്കുന്നു. സുഗന്ധഗിരി ടി.ആർ.ഡി.എം പുനരധിവാസ ഭൂമിയിലാണ് ഗോത്രവർഗ്ഗ സ്വാതന്ത്ര സമര സേനാനി മ്യൂസിയം ആരംഭിക്കുന്നത്.
ഭാവിയിൽ മ്യൂസിയം കൽപ്പിത സർവ്വകലാശാലശാലയായി മാറ്റാൻ കഴിയുമോയെന്ന് പരിശോധിക്കും. ഇന്ത്യൻ സ്വാതന്ത്ര സമരത്തിൽ തദ്ദേശീയ ജനത നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട്. വയനാടൻ മണ്ണ് ദേശാഭിമാനത്തിന് വേണ്ടി പൊരുതി മരിച്ച ധീരന്മാരുടെ മണ്ണാണ്. ഈ ധീരദേശാഭിമാനികളോടുള്ള ആദരമാണ് ഗോത്രവർഗ്ഗ സ്വതന്ത്ര സമര സേനാനി മ്യൂസിയം. ഗോത്ര പാരമ്പര്യ കലകൾ, വാമൊഴി അറിവുകൾ, തനത് ഭക്ഷ്യ അറിവുകൾ, നൈപുണ്യ വൈദഗ്ദ്ധ്യം എന്നിവ പരിപോഷിപ്പിക്കുവാനും വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം എന്നിവയിൽ ഊന്നിയ പ്രവർത്തനോന്മുഖ ഗവേഷണ മേഖലയിലും സമുദായ പങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിക്കാനും മ്യൂസിയത്തിലൂടെ സാധിക്കണം. സാമൂഹിക മുന്നേറ്റത്തിന് വേണ്ടിയുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്. മുന്നേറാനുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ച് കൂട്ടായ മുന്നേറ്റം സൃഷ്ടിക്കുകയാണ് സംസ്ഥാന സർക്കാർ ലക്ഷ്യം വെക്കുന്നത്. ഒരു വർഷത്തിനുള്ളിൽ മ്യൂസിയത്തിന്റെ ആദ്യഘട്ട നിർമ്മാണം പൂർത്തീകരിക്കും. മ്യൂസിയത്തിന്റെ മാതൃകാ രൂപം അനാച്ഛാദനം ചെയ്തു.
കോഴിക്കോട് ചേവായൂരുള്ള പട്ടികജാതി പട്ടികവർഗ്ഗ ഗവേഷണ പരിശീലന വികസന പഠന വകുപ്പിന്റെ (കിർത്താഡ്സ്) കീഴിൽ കേന്ദ്ര – സംസ്ഥാന സർക്കാർ ധനസഹായത്തോടെയാണ് പട്ടികവർഗ്ഗ സ്വാതന്ത്ര്യ സമര സേനാനി മ്യൂസിയം പദ്ധതി നടപ്പിലാക്കുക. വൈത്തിരിയിലെ സുഗന്ധഗിരിയിൽ 20 ഏക്കർ ഭൂമിയിൽ നിർമ്മിക്കുന്ന മ്യൂസിയത്തിന്റെ നിർമ്മാണ നടത്തിപ്പ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയ്ക്കാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ 16.66 കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങൾ നടത്തുന്നത്. പഴശി കലാപ ചരിത്രത്തിൽ പഴശ്ശി രാജയോടൊപ്പം പടനയിച്ച തലക്കൽ ചന്തുവടക്കുമുള്ള ഗോത്ര സേനാനികൾ വിശദമായ ചരിത്രമാണ് മ്യൂസിയത്തിൽ ഇടം പിടിക്കുന്നത്.
തദ്ദേശീയ സമര സേനാനികളെ അടയാളപ്പെടുത്തുകയും അവരുടെ ജന്മനാടിനായുള്ള ത്യാഗ സ്മരണ നിലനിർത്തുകയും ചെയ്യുക എന്നതാണ് പട്ടികവർഗ്ഗ സ്വാതന്ത്ര്യ സമര സേനാനി മ്യൂസിയത്തിന്റെ നിർമ്മാണ ലക്ഷ്യം. പരമ്പരാഗത സങ്കൽപങ്ങൾക്ക് ഉപരിയായി മ്യൂസിയം നിർമ്മാണത്തിലെ ആധുനിക സങ്കേതങ്ങളും വിശദീകരണ സങ്കേതങ്ങളും (നരേറ്റീവ് ടെക്നിക്സ്) ഉൾപ്പെടുന്നതായിരിക്കും നിലവിലെ മ്യൂസിയം. തദ്ദേശീയ സമര സേനാനികളുടെ ചരിത്രം, ആദിവാസി സമൂഹത്തിന്റെ പൊതുവായ വളർച്ച, സാംസ്കാരിക പൈതൃകം, കലാ- സാഹിത്യ ആവിഷ്കാരങ്ങൾ, സംഗീതം, ഭക്ഷ്യ വൈവിധ്യം തുടങ്ങിയവ മ്യൂസിയ ത്തിലുണ്ടാകും. ഭാവിയിൽ തദ്ദേശീയ ജനതയുടെ കൽപിത സർവ്വ കലാശാലയാക്കാവുന്ന വിധത്തിലാണ് ആസൂത്രണം. മ്യൂസിയം പ്രവർത്തനം തുടങ്ങുമ്പോൾ ക്യൂറേറ്റർ ഉൾപ്പെടെ എല്ലാ തൊഴിലവസരങ്ങളും പട്ടികവർഗക്കാർ ക്കായി മാറ്റിവയ്ക്കും. ആദിവാസി വിഭാഗത്തിലുള്ള അഭ്യസ്തവിദ്യരെ തെരഞ്ഞെടുത്ത് പരിശീലനം നൽകും. ഗോത്രവിഭാഗങ്ങൾക്ക് കൂടുതൽ തൊഴിലിനും വരുമാനത്തിനും മ്യുസിയം അവസരമാകും.