'Super 100' students complete study trip to Thiruvananthapuram

തിരുവനന്തപുരം പഠനയാത്ര പൂർത്തിയാക്കി ”സൂപ്പർ 100” വിദ്യാർത്ഥിനികൾ

പാലക്കാട് അട്ടപ്പാടിയിലെ പട്ടികവർഗ്ഗ വിഭാഗത്തിൽ പെടുന്ന തിരഞ്ഞെടുക്കപ്പെട്ട പെൺകുട്ടികൾക്കായി നടത്തി വരുന്ന പദ്ധതിയാണ് ”സൂപ്പർ 100”. അട്ടപ്പാടിയിലെ മുക്കാലി മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലും, അഗളി സ്‌കൂളിലും പഠിക്കുന്ന 8 മുതൽ 11 ക്ലാസുകളിലെ 108 പെൺകുട്ടികളാണ് പദ്ധതിയുടെ ഭാഗമായുള്ളത്. ഇവർക്കിടയിൽ നൈപുണ്യ വികസനത്തിനുതകുന്ന വിവിധ പരിപാടികൾ ഉൾക്കൊള്ളുന്നതാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ പദ്ധതി. അസാപ് കേരളയും പാലക്കാട് ജില്ലാ ഭരണകൂടവും റബ്ഫിലാ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ചേർന്ന് സംയുക്തമായി നടപ്പിലാക്കുന്ന ”സൂപ്പർ 100” പദ്ധതി യുടെ ഭാഗമായി തിരുവനന്തപുരത്തേക്ക് പഠനയാത്ര നടത്തി. ജനുവരി 31, ഫെബ്രുവരി 1, 2 തീയതികളിൽ നടന്ന യാത്രയിൽ തിരുവനന്തപുരം ജില്ലയിലെ വിവിധ സ്ഥലങ്ങൾ കുട്ടികൾ സന്ദർശിച്ചു. നിയമസഭാ സെക്രട്ടറി ഡോ.എൻ.കൃഷ്ണകുമാർ, ശ്രീധന്യ സുരേഷ് ഐഎഎസ്, ഇൻസ്‌പെക്ടർ ജനറൽ, രജിസ്ട്രേഷൻ വകുപ്പ്, ആൽഫ്രഡ് ഒ വി, സബ് കളക്ടർ എന്നിവർ കുട്ടികളുമായി സംവദിച്ചു. കുട്ടികളുടെ മുന്നിലുള്ള അവസരങ്ങൾ എന്തൊക്കെ എന്ന് തിരിച്ചറിയാൻ സഹായിക്കുന്നതായിരുന്നു ഈ സെഷനുകൾ. കേരള നിയമസഭ, വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സെർവിസ്സ് സെന്റർ, പ്ലാനറ്റേറിയം, അസ്ട്രോണോമിക്കൽ ഒബ്‌സർവേറ്ററി, ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് തുടങ്ങിയവ സന്ദർശിച്ചു. ഓഗ്മെന്റഡ് റിയാലിറ്റി വിർച്യുൽ റിയാലിറ്റി ഉപകരണങ്ങൾ പരിചയപ്പെടുത്തുന്ന എക്ക്‌സ്‌പെർട് സെഷനും കുട്ടികൾക്ക് ലഭ്യമാക്കി.