നവകേരള സദസിന്റെ തുടർച്ചയായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തുന്ന ആദിവാസി ദളിത് വിഭാഗങ്ങളുമായുള്ള മുഖാമുഖം ശനിയാഴ്ച കണ്ണൂരിൽ നടക്കും.
രാവിലെ 9.30 ന് ദിനേശ് ഓഡിറ്റോറിയത്തിലാണ് മുഖാമുഖം നടക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ മുഖാമുഖം ഉദ്ഘാടനം ചെയ്യും. പട്ടികജാതി പട്ടിക വർഗ്ഗ വികസന, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും.
ജില്ലയിൽ നിന്നും സംസ്ഥാനത്തെ ഇതര ജില്ലകളിൽ നിന്നുമായി 1200 പേർ മുഖാമുഖത്തിൽ പങ്കെടുക്കും. ആദിവാസി സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിൽ നിന്നും ഊര് മൂപ്പൻമാർ, മൂപ്പത്തിമാർ, പ്രഫഷണലുകൾ, യുവജനങ്ങൾ, സംരംഭകർ, കലാകാരന്മാർ, വിദ്യാർത്ഥികൾ തുടങ്ങിയവർ മുഖാമുഖത്തിന്റെ ഭാഗമാവും. പട്ടികജാതി മേഖലയിൽ നിന്നും എഴുന്നൂറ് പേർ, പട്ടികവർഗ്ഗ മേഖലയിൽ നിന്നും അഞ്ഞൂറ് പേർ ഉൾപ്പെടെയാണ് 1200 പേർ പങ്കെടുക്കുക.