പട്ടികജാതി, പട്ടികവർഗ്ഗ പദ്ധതികൾ ഏകോപിപ്പിച്ച് പ്രത്യേക ഘടക പദ്ധതിയായി നടപ്പാക്കുന്നതിൽ നിന്ന് കേന്ദ്രസർക്കാർ പിൻവാങ്ങിയതിനാൽ 16.8% വരുന്ന പട്ടികജാതി വിഭാഗത്തിന് ബജറ്റ് വിഹിതം കേവലം 0.23 ശതമാനം മാത്രമായി ചുരുങ്ങിയെന്ന് പട്ടികജാതി പട്ടിക വർഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു പ്രസ്താവിച്ചു. പട്ടികവർഗ്ഗ മേഖലയിലാകട്ടെ ഇത് കേവലം 0.35% മാത്രമായി ചുരുങ്ങി.
കേരളത്തെയും വയനാടിനേയും അവഗണിയ്ക്കുന്ന ബജറ്റ് ആണ് ഇത്തവണ അവതരിപ്പിച്ചത്. ഒരു വലിയ പ്രകൃതി ദുരന്തത്തിൽ നിന്നും അതിജീവിക്കാനായി പൊരുതുന്ന വയനാടിനെ ബജറ്റിൽ പരിഗണിക്കാത്തത് കേന്ദ്രം കേരളത്തോട് ചെയ്യുന്ന ക്രൂരതയാണ്.
കേന്ദ്രത്തിൻ്റെ മനുഷ്യത്വ വിരുദ്ധ സമീപനത്തിൻ്റെ ഏറ്റവും വലിയ ഉദാഹരണവുമാണ് ഈ അവഗണനയെന്നും അദ്ദേഹം പറഞ്ഞു.
പി വി ടി ജി വിഭാഗത്തിൽപ്പെടുന്ന, ദുർബലരായ പട്ടികവർഗ്ഗ വിഭാഗത്തിൽ ഉള്ള തുക പൂർണ്ണമായി അവസാനിപ്പിച്ചു. പട്ടികവർഗ്ഗ വിഭാഗങ്ങളുടെ പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് 100 കോടി രൂപയും ഫെലോഷിപ്പ് തുക 230 കോടി രൂപയും പൂർണ്ണമായും വേണ്ടെന്നുവെച്ചു. ദേശീയ സർക്കാർ കൊണ്ടുവന്ന PM-JANMAN എന്ന ഫ്ളാഗ്ഷിപ്പ് പദ്ധതിക്കും 25ൽ നിന്നും 12 കോടിയാക്കി ചുരുക്കി. പട്ടികജാതി പട്ടികവർഗ്ഗ ധനകാര്യ കോർപ്പറേഷന് ലഭ്യമായിരുന്ന 30 കോടി രൂപ 1 ലക്ഷമാക്കി ചുരുക്കി. പട്ടികജാതി കുട്ടികളുടെ പോസ്റ്റ്മെട്രിക് സ്കോളർഷിപ്പും മുൻവർഷത്തെ 6359 കോടിയിൽ നിന്നും 5900 കോടിയാക്കി ചുരുക്കി. PM AJAY പദ്ധതിയിൽ 100 കോടി രൂപയുടെ കുറവാണ് വരുത്തിയിട്ടുള്ളത്. പട്ടികജാതി പട്ടികവർഗ്ഗ മേഖലകളിൽ തൊഴിൽ സൃഷ്ടിക്കുന്നതിനുള്ള പദ്ധതികൾ മുന്നോട്ട് വെയ്ക്കാതിരിക്കുമ്പോൾ തന്നെ ഈ വിഭാഗം ആളുകൾ ഭൂരിപക്ഷം പങ്കെടുക്കുന്ന തൊഴിലുറപ്പുപദ്ധതിയിലുവർദ്ധനയില്ലെന്നും മന്ത്രി കേളു വ്യക്തമാക്കി.
1978 മുതൽ പട്ടികവിഭാഗങ്ങൾക്ക് വകയിരുത്തിയതുപോലെ പ്രത്യേക ഘടക പദ്ധതിയും പട്ടികവർഗ്ഗ ഉപപദ്ധതിയും പുനഃസ്ഥാപിക്കണമെന്നും പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വികസന വകുപ്പ് മന്ത്രി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.