Certificates of skill development programs distributed

നൈപുണ്യ വികസന പരിപാടികളുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

പട്ടികജാതി വികസന വകുപ്പ് ഡിജിറ്റൽ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് നടത്തിയ നൈപുണ്യ വികസന പരിപാടികളുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. തൊഴിൽ സാധ്യതകൾ ഏറെയുള്ള ബ്ലോക്ക് ചെയിൻ, സൈബർ സെക്യുരിറ്റി, പി സി ബി ഡിസൈൻ കോഴ്സുകളിൽ പട്ടികവിഭാഗം യുവജനങ്ങളെ പ്രാവീണ്യമുള്ളവരാക്കി വിവിധ തൊഴിൽ മേഖലകളിൽ എത്തിക്കുന്നതാണ് പദ്ധതി.

ഡിജിറ്റൽ യൂണിവേഴ്സിറ്റി കാമ്പസിൽ നടന്ന പരിപാടിയിൽ പട്ടികവിഭാഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വൈസ് ചാൻസലർ ഡോ. സിസ തോമസ്, വകുപ്പ് ഡയറക്ടർ ഡി ധർമ്മലശ്രീ തുടങ്ങിയവർ സംസാരിച്ചു.

2023 – 2024 -ലെ ആദ്യ ബാച്ചിൽ പട്ടികജാതി വിഭാഗക്കാരായ 102 വിദ്യാർത്ഥികളെയാണ് പ്രവേശിപ്പിച്ചത്. 84 പേർ കോഴ്സ് പൂർത്തിയാക്കി. വിദ്യാർത്ഥികളുടെ ഫീസും താമസവും ഭക്ഷണവും വകുപ്പ് വഹിക്കും. ഇതുവരെ 31 വിദ്യാർത്ഥികൾക്ക് പ്രശസ്ത ഐ ടി സ്ഥാപനങ്ങളിലടക്കം ജോലി ഉറപ്പായിട്ടുണ്ട്. 2025-26 വർഷത്തെ അടുത്ത ബാച്ചിലേക്കുള്ള വിദ്യാർത്ഥി പ്രവേശനം തുടങ്ങി കഴിഞ്ഞു.