The progress of the schemes for Scheduled Castes and Scheduled Tribes will be evaluated every month

പട്ടികജാതി, പട്ടികവർഗക്കാർക്കായുള്ള പദ്ധതികളുടെ പുരോഗതി എല്ലാ മാസവും വിലയിരുത്തും

ജില്ലാതല അവലോകനത്തിൽ പദ്ധതികൾ സമയബന്ധിതമായി തീർക്കാൻ നിർദ്ദേശം

പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ വികസന വകുപ്പ് ജില്ലയിൽ നടപ്പാക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും വ്യക്തിഗത ആനുകൂല്യങ്ങളും സേവനങ്ങളും വേഗത്തിൽ ലഭ്യമാക്കണമെന്നും പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു പറഞ്ഞു.
പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പദ്ധതികളുടെ ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാരിന്റെ 100 ദിന കർമ പരിപാടിയുടെ ഭാഗമായാണ് അവലോകനയോഗം സംഘടിപ്പിച്ചത്. സാംസ്‌കാരിക, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനും അവലോകന യോഗത്തിൽ പങ്കെടുത്തു.
സമൂഹത്തിലെ ഏറ്റവും പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്‌നങ്ങളാണ് മുന്നിലുള്ളതെന്ന ബോധ്യം ഉദ്യോഗസ്ഥർക്കുണ്ടാവണമെന്ന് മന്ത്രി പറഞ്ഞു. പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും ചെറിയ അശ്രദ്ധകളുണ്ട്. ഇത് പരിഹരിക്കണം. പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന് എല്ലാ മാസവും ജില്ലാതല ഓൺലൈൻ യോഗം ചേരും. അംബേദ്കർ നഗർ പദ്ധതി നടപ്പിലെ പ്രശ്‌നങ്ങൾ പരിശോധിച്ച് ഉടൻ പരിഹരിക്കും. ഉദ്യോഗസ്ഥർ ഫീൽഡ് വർക്ക് മെച്ചപ്പെടുത്തണം. വകുപ്പിന്റെ ഉന്നതി പദ്ധതിയിൽ വൈദ്യുതി, കുടിവെള്ളം, റോഡ് ലഭ്യത എന്നിവ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ ഭൂരഹിതരെ കണ്ടെത്തി ഭൂമി ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം. എല്ലാ പട്ടികജാതി കുടുംബങ്ങൾക്കും രേഖകൾ ലഭ്യമാക്കാൻ നടപടിയെടുക്കണമെന്നും ഓഫീസുകൾ ഇ ഫയൽ സംവിധാനത്തിലേക്ക് മാറണമെന്നും മന്ത്രി പറഞ്ഞു. കോർപ്പസ് ഫണ്ട് വിനിയോഗത്തിലെ അപാകത പരിഹരിക്കാൻ ജില്ലാതല മോണിട്ടറിങ് വേണം. ഒക്ടോബർ രണ്ടിന് ആരംഭിക്കുന്ന സാമൂഹ്യ ശുചിത്വ കാമ്പയിനിന്റെ ഭാഗമായി വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളിലും ശുചീകരണം നടത്തണമെന്നും മന്ത്രി പറഞ്ഞു.
പട്ടികജാതി പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളെ ഉയർത്തിക്കൊണ്ടുവരാൻ സർക്കാർ വലിയ പരിശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള ഈ അവലോകന യോഗമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ രാവിലെ 9.30 ന് ആരംഭിച്ച യോഗത്തിൽ മന്ത്രി ആമുഖ പ്രഭാഷണം നടത്തി. തുടർന്ന് ജില്ലയിലെ എം എൽ എമാരായ പി ചിത്തരഞ്ജൻ, എച്ച് സലാം, എം എസ് അരുൺ കുമാർ, ദലീമ ജോജോ, യു പ്രതിഭ എന്നിവർ സംസാരിച്ചു. മന്ത്രി പി പ്രസാദിന് വേണ്ടി പ്രതിനിധി സംസാരിച്ചു. പ്രീ മെട്രിക് ഹോസ്റ്റലുകളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തണം, കോർപസ് ഫണ്ടിന്റെ ഗുണം ജനങ്ങൾക്ക് കൃത്യമായി ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണം, പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് പോലുള്ള വ്യക്തിഗത ആനുകൂല്യങ്ങൾ വേഗത്തിലാക്കണം, അംബേദ്കർ നഗറുകൾക്ക് 25 വീടുകൾ വേണമെന്ന മാനദണ്ഡം 15 ആയി കുറക്കണം, കോർപസ് ഫണ്ട് റിവ്യു ചെയ്യാൻ ജനപ്രതിനിധികൾക്ക് അവസരം വേണം, ജില്ലയിൽ സ്ഥിരമായി എസ് സി ഓഫീസർ വേണം, മായിത്തറയിലെ പണി പൂർത്തിയായ എസ് സി ഹോസ്റ്റൽ തുറന്നുകൊടുക്കണം തുടങ്ങിയ നിർദേശങ്ങൾ എംഎൽഎമാർ മുന്നോട്ടുവെച്ചു. വകുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മണ്ഡലത്തിൽ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളും എംഎൽഎമാർ പങ്കുവെച്ചു.

തുടർന്ന് പട്ടികജാതി വികസന വകുപ്പ്, പട്ടികവർഗ വികസന വകുപ്പ്, പിന്നാക്ക വിഭാഗ വകുപ്പ് ജില്ലാതല ഓഫീസർമാർ പ്രസന്റേഷൻ നടത്തി. ജില്ലയിലെ 573 അതിദാരിദ്ര്യ പട്ടികജാതി കുടുംബങ്ങളിൽ 374 എണ്ണം അതിദാരിദ്ര്യത്തിൽ നിന്ന് മുക്തി നേടിയതായി ജില്ലാതല ഓഫീസർ അറിയിച്ചു. പട്ടികജാതി വികസന വകുപ്പ് 2024-25 ലെ പദ്ധതികൾക്കായി അനുവദിച്ച 21.69 കോടിയിൽ 17.98 കോടി ചെലവഴിച്ചു കഴിഞ്ഞു. പദ്ധതിത്തുകയുടെ 83 ശതമാനമാണിത്. പ്രീമെട്രിക് സ്‌കോളർഷിപ്പിനായി അനുവദിച്ചതിൽ ലംപ്‌സം ഗ്രാൻഡ് ഇനത്തിൽ 84.5 ശതമാനവും വിദ്യാഭ്യാസ സഹായത്തിൽ 94.5 ശതമാനവും ചെലവഴിച്ചു. ട്യൂഷൻ ഫീ റീ ഇമ്പേഴ്‌സ്‌മെന്റ് 100 ശതമാനവും ചെലവഴിച്ചു. ഉന്നതി ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിയിൽ ഒമ്പത് വിദ്യാർഥികൾക്കായി 1.48 കോടി ചെലവഴിച്ചു. ഭൂരഹിത പുനരധിവാസ പദ്ധതിക്കായി അനുവദിച്ച 3.82 കോടിയിൽ 2.74 കോടി ചെലവഴിച്ചു കഴിഞ്ഞു. സ്വയംതൊഴിൽ ധനസഹായം, വിദേശ തൊഴിൽ ധനസഹായം തുടങ്ങിയവയിലും 100 ശതമാനം തുക ചെലവഴിച്ചു. അനുവദിച്ച അംബേദ്കർ ഗ്രാമങ്ങളിൽ 51 എണ്ണത്തിൽ 30 എണ്ണം പൂർത്തീകരിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. ലൈഫ് ഭവന പദ്ധതിയിൽ ആകെ അനുവദിച്ച 836 എണ്ണത്തിൽ 819 ഉം പൂർത്തിയായിട്ടുണ്ട്. ജില്ലയിലെ 61.5 ശതമാനം പട്ടികജാതി വീടുകളിൽ ഹോം സർവേ പൂർത്തിയായതായും അറിയിച്ചു.