ODEPEK, a public sector body, has been tasked with coordinating foreign study scholarship matters for Scheduled Castes and Scheduled Tribes students

പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ വിദേശ പഠന സ്കോളർഷിപ്പ് കാര്യങ്ങൾ ഏകോപിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനമായ ഒഡെപെക്കിനെ ചുമതലപ്പെടുത്തി

പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ വിദേശ പഠന സ്കോളർഷിപ്പ് കാര്യങ്ങൾ ഏകോപിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനമായ ഒഡെപെക്കിനെ ചുമതലപ്പെടുത്തി. 2024 മുതലുള്ള വിദേശ പഠന അപേക്ഷകളിലെ ഏകോപനമാണ് ഒഡെപെക് നടത്തുന്നത്.

പട്ടികജാതി വിദ്യാർത്ഥികളുടെ പ്രീമെട്രിക്‌തല ലംപ്സംഗ്രാന്റ്‌, സ്റ്റൈപന്റ്‌ എന്നിവ വിതരണം നടത്തിയിട്ടുണ്ട്. യഥാസമയം അപേക്ഷ സമർപ്പിക്കുവാൻ കഴിയാത്ത വിദ്യാർത്ഥികളുടെ ലംപ്സംഗ്രാന്റ്‌, സ്റ്റൈപന്റ്‌ എന്നിവ വിതരണം നടത്തുന്നതിനുള്ള നടപടിയും സ്വീകരിച്ചു വരുന്നു.

പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ പ്രീമെട്രിക്‌തല ലംപ്സംഗ്രാന്റ്‌, സ്റ്റൈപന്റ്‌ എന്നിവ ആദ്യ പാദത്തിലേത് വിതരണം നടത്തി വരുന്നു.
പട്ടികവർഗ വിദ്യാർഥികളുടെ പോസ്റ്റ്‌ മെട്രിക്‌ സ്കോളർഷിപ്പ്‌ 25:75സംസ്ഥാന-കേന്ദ്ര അനുപാതത്തിൽ നൽകിവരുന്നു. പട്ടികജാതി വിദ്യാർഥികളുടെ പോസ്റ്റ്‌ മെട്രിക്‌ സ്കോളർഷിപ്പ്‌ 2021-22 അധ്യയന വർഷം മുതൽ കേന്ദ്രസർക്കാരിന്റെ പുതുക്കിയ മാർഗ്ഗനിർദേശപ്രകാരം 40:60 സംസ്ഥാന-കേന്ദ്ര അനുപാതത്തിലും വാർഷിക വരുമാനം 2.5 ലക്ഷംവരെ എന്ന നിബന്ധനയിലും വിദ്യാർത്ഥികളുടെ അക്കൗണ്ടിലേയ്ക്കാണ് വിതരണം ചെയ്യുന്നത്. 2.5ലക്ഷം രൂപയ്ക്ക് മുകളിൽ വരുമാനപരിധിയുള്ള വിദ്യാർത്ഥികൾക്ക് കേന്ദ്രസർക്കാർ പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് നൽകാത്ത സാഹചര്യത്തിൽ വരുമാനപരിധി ബാധകമാക്കാതെ മുഴുവൻ വിദ്യാർത്ഥികൾക്കും സംസ്ഥാന സർക്കാർ സ്കോളർഷിപ്പ് തുക പൂർണ്ണമായും അനുവദിച്ചുവരുന്നു. സംസ്ഥാന സർക്കാർ നൽകുന്ന സ്കോളർഷിപ്പ്‌ തുക കേന്ദ്രം നിശ്ചയിച്ചിട്ടുള്ള നിരക്കിനെക്കാൾ വർധിച്ച നിരക്കിലും വരുമാന പരിധി പരിഗണിക്കാതെയും സ്കോളർഷിപ്പ് നൽകുന്നതിന് സംസ്ഥാന സർക്കാർ വലിയ സാമ്പത്തിക ബാധ്യതയാണ് ഏറ്റെടുത്തത്.

പോസ്റ്റ്മെട്രിക്‌ സ്കോളർഷിപ്പ്‌ സംബന്ധിച്ച വ്യവസ്ഥകളും നിരക്കുകളും കാലോചിതമായി പരിഷ്കരിച്ചിട്ടുണ്ട്. ആയത് പ്രകാരം സംസ്ഥാനത്തെ പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക്‌ വരുമാന പരിധിയുടെ കടമ്പയില്ലാതെ തന്നെ കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ന്യൂജനറേഷൻ കോഴ്സുകൾ ഉൾപ്പടെയുള്ള എല്ലാ അംഗീകൃത കോഴ്സുകൾക്കും സ്കോളർഷിപ്പ്‌ ലഭ്യമാക്കുന്നതിന്‌ കഴിഞ്ഞിട്ടുണ്ട്‌.

കേന്ദ്രസർക്കാർ പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് 2022-23 അധ്യയന വർഷം മുതൽ PFMS (പബ്ലിക് ഫണ്ട് മോണിറ്ററിംഗ് സിസ്റ്റം) പോർട്ടൽ മുഖേന മാത്രമേ അനുവദിച്ചു നൽകാൻ പാടുളളൂ എന്ന നിബന്ധന കൊണ്ടുവന്നിരുന്നു. ഇതിന്റെ സാങ്കേതികത്വം മൂലം സ്കോളർഷിപ്പ് അനുവദിക്കുന്നതിൽ പ്രതിബന്ധങ്ങൾ നേരിടുകയും വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യുന്നതിൽ കാലതാമസം വരികയും ചെയ്തിരുന്നു.

2021 മാർച്ച് 31വരെയുള്ള പട്ടികജാതി വിദ്യാർത്ഥികളുടെ പോസ്റ്റ്-മെട്രിക് സ്കോളർഷിപ്പ് ഇനത്തിലെ കുടിശ്ശികയടക്കം 339.22 കോടി രൂപയും പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് 21.57 കോടി രൂപയും ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കൊടുത്തു തീർത്തു.
2021 ഏപ്രിൽ മുതൽ 2023മാർച്ചുവരെ പോസ്റ്റ്-മെട്രിക് സ്കോളർഷിപ്പ് ഇനത്തിൽ പട്ടികജാതി വിദ്യാർത്ഥികൾക്ക് 368 കോടിരൂപ അനുവദിച്ചിട്ടുണ്ട്. ശേഷിക്കുന്ന56.23 കോടി രൂപ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ പോസ്റ്റ്-മെട്രിക് സ്കോളർഷിപ്പ് ഇനത്തിൽ 106.45 കോടി രൂപ നൽകിയിട്ടുള്ളതും ഈയിനത്തിൽ കുടിശ്ശികയില്ലാത്തതുമാണ്.

വർഷങ്ങൾക്കുശേഷം പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള സ്പെഷ്യൽ ഇൻസന്റീവ് വർധിപ്പിച്ചു. ഓരോ കോഴ്സുകൾക്കും മുഴുവൻ മാർക്കോ ആദ്യ മൂന്ന് സ്ഥാനങ്ങളോ നേടുന്ന വിദ്യാർത്ഥികൾക്ക് മെറിറ്റോറിയസ് ഇൻസന്റീവും നൽകും. 8 മുതൽ 12-ാംക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് മാത്രം നൽകി വന്നിരുന്ന പഠനമുറി പദ്ധതിയിൽ 5 മുതൽ 7-ാംക്ലാസ്സുവരെയുള്ള വിദ്യാർത്ഥികളേയും കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥികളേയും കൂടി ഉൾപ്പെടുത്തി പദ്ധതി വിപുലീകരിച്ചു.

എം.ഫിൽ, പി.എച്ച്.ഡി കോഴ്‌സുകൾക്ക് ലഭിക്കുന്ന സ്കോളർഷിപ്പ് അപേക്ഷിക്കുന്നതിനുളള പ്രായപരിധി 33 വയസ്സിൽ നിന്നും 40 വയസ്സായും, സ്‌കോളർഷിപ്പ് ലഭിക്കുന്നതിനുളള ഉയർന്ന പ്രായപരിധി 40-ൽനിന്നും 45 വയസ്സായും ഉയർത്തി. പട്ടികജാതി വിദ്യാർത്ഥികളുടെ പ്രീ മെട്രിക് മെസ്സ് ഫീ 2850 രൂപയിൽ നിന്നും 3150 രൂപയായും പോസ്റ്റ് മെട്രിക് മെസ്സ് ഫീ 3500 രൂപയിൽ നിന്നും 3850 രൂപയായും ഈ സർക്കാർ വർധിപ്പിച്ചു.
മുൻകൂട്ടി ഫീസ് അടയ്ക്കാതെ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കുന്നതിന് ഫ്രീഷിപ്പ് കാർഡുകൾ, ഏർപ്പെടുത്തി. കൂടാതെ, വിദൂര ഓൺലൈൻ/പാർട് ടൈം/ഈവനിങ് കോഴ്സുകൾക്ക് പഠിക്കുന്നവർക്ക് ട്യൂഷൻ-പരീക്ഷാ-സ്പെഷ്യൽ ഫീസ്, പി.എച്ച്.ഡി, എം.ഫിൽ, എം.ടെക്, എം.ലിറ്റ് കോഴ്സുകളിൽ യുജിസി-ഗേറ്റ് സ്കോളർഷിപ്പ് ലഭിക്കാത്തവർക്ക് ഫെലോഷിപ്പിന്റെ 75% തുക സ്കോളർഷിപ്പ്, കണ്ടിജന്റ് ഗ്രാന്റ്, ആധാർ അധിഷ്ഠിത അറ്റൻഡൻസ് സ്കോളർഷിപ്പ് പോർട്ടലുമായി ലിങ്ക് ചെയ്യൽ തുടങ്ങിയ സംവിധാനങ്ങളും ഉന്നത വിദ്യാഭ്യാസ വിദ്യാർത്ഥികൾക്കായി ഈ സർക്കാർ നടപ്പിലാക്കി.

കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് കോഴ്‌സിന് ചേരുന്ന ഒരു പട്ടികജാതി വിദ്യാർത്ഥിക്ക് മാത്രം നൽകി വന്നിരുന്ന സ്കോളർഷിപ്പ്, ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം വിംഗ്സ് എന്ന പദ്ധതിയാവിഷ്കരിച്ച് 3 എസ്.സി., 2 എസ്.ടി., 1 ഒ.ഇ.സി. വിദ്യാർത്ഥികൾക്കുകൂടി സ്കോളർഷിപ്പ് നൽകുന്നവിധം പരിഷ്കരിച്ചു. പട്ടികവർഗ്ഗ വിദ്യാർത്ഥികളെ സിവിൽ സർവ്വീസിലേയ്ക്കു് എത്തിക്കുന്നതിനായി പ്രത്യേക പദ്ധതി ആവിഷ്കരിച്ചിച്ച് നടപ്പാക്കി. വിദ്യാർത്ഥികൾക്ക് രാജ്യത്തിനകത്തുള്ള ഏത് പരിശീലന കേന്ദ്രത്തിലും പഠനം നടത്തുവാൻ സാധിക്കുന്ന രീതിയിൽ പദ്ധതി പുനഃക്രമീകരിക്കുന്നതിനുള്ള നടപടിയാരംഭിച്ചു. ഈ പദ്ധതിക്ക് കീഴിൽ നിലവിൽ 30പട്ടികവർഗ്ഗ വിദ്യാർത്ഥികളും 30പട്ടികജാതി വിദ്യാർത്ഥികളും പഠനം നടത്തിവരുന്നു. സിവിൽ സർവ്വീസ് പ്രാഥമിക പരീക്ഷയിൽ യോഗ്യത നേടുന്ന പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാർക്ക് മെയിൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനും അഭിമുഖത്തിനുമുള്ള എല്ലാ ചെലവുകളും പട്ടികജാതി- പട്ടികവർഗ്ഗ വികസന വകുപ്പുകൾ വഹിക്കും.
ലോകത്തിന്റെ ഏതു കോണിലുമുള്ള വിദ്യാഭ്യാസ അവസരങ്ങളും പട്ടികവിഭാഗ വിദ്യാർത്ഥികൾക്കും ലഭ്യമാക്കുന്നതിനായി വിദേശ വിദ്യാഭ്യാസ പദ്ധതി വഴി പി.ജി. പഠനത്തിന് പട്ടികജാതി പട്ടികവർഗ്ഗ വിഭാഗം വിദ്യാർത്ഥികൾക്ക് 25 ലക്ഷം രൂപവരെ സ്കോളർഷിപ്പ് നൽകുന്നു. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 2023 മാർച്ച് 31വരെ 344 പട്ടികജാതി വിദ്യാർത്ഥികളും 24 പട്ടികവർഗ്ഗ വിദ്യാർത്ഥികളും 57 പിന്നാക്ക വിഭാഗക്കാരുമുൾപ്പെടെ 425 വിദ്യാർത്ഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ പഠിക്കാൻ അവസരം ലഭ്യമാക്കി. വിദേശ പഠന സൗകര്യങ്ങൾ കൂടുതൽ സുതാര്യമാക്കി, പ്രവേശന നടപടികളിൽ വിദ്യാർത്ഥികളെ സഹായിക്കാൻ സർക്കാർ ഏജൻസിയായ ഒഡപെകിനേയും ചുമതലപ്പെടുത്തി. കുറഞ്ഞ വരുമാനമുള്ളവർക്ക് കൂടുതൽ സീറ്റുകൾ മാറ്റിവെച്ചു.

എം.ആർ.എസ്.-കളിലേയും പൊതുവിദ്യാലയങ്ങളിലേയും 7, 10 എന്നീ ക്ലാസ്സുകളിൽ നിന്നും വിജയം നേടുന്ന പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ അഭിരുചി നേരത്തെ കണ്ടെത്തി ‘Catch the Young’ എന്ന ലക്ഷ്യത്തോടെ അവർക്ക് ഏറ്റവും ഗുണമേന്മയുള്ള ഉന്നത പഠനം ലഭ്യമാക്കുന്നതിനാവശ്യമായ പ്രത്യേക പദ്ധതി നടപ്പിലാക്കുന്നത് പരിശോധിച്ച് വരികയാണ്.