സംസ്ഥാന പട്ടികവർഗ വികസന വകുപ്പ് നടപ്പിലാക്കി വരുന്ന അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്പ്‌മെന്റ് സ്‌കീം പ്രകാരമുള്ള സ്‌കോളർഷിപ്പിനുള്ള 2023-24 അധ്യയന വർഷത്തെ പട്ടികവർഗ വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി 2022-23 അധ്യയന വർഷം നാലാം ക്ലാസിൽ പഠനം നടത്തുന്ന സംസ്ഥാനത്തെ പട്ടികവർഗ വിദ്യാർഥികൾക്ക് മാത്രമായി മാർച്ച് 11 ഉച്ചയ്ക്ക് 2 മുതൽ 4 വരെ വിവിധ ജില്ലകളിൽ മത്സര പരീക്ഷ നടത്തും. കേരളത്തിലെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുന്നവരും വാർഷിക കുടുംബ വരുമാനം 50,000 രൂപയിൽ കവിയാത്തവരുമായ വിദ്യാർഥികൾക്ക് പങ്കെടുക്കാം. പ്രത്യേക ദുർബല ഗോത്രവിഭാഗത്തിൽപ്പെടുന്നവർക്ക് വരുമാന പരിധി ബാധകമല്ല.
പരീക്ഷയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന പട്ടികവർഗ വിദ്യാർഥികൾ തങ്ങളുടെ പേര്, രക്ഷിതാവിന്റെ പേര്, മേൽവിലാസം, സമുദായം, കുടുംബവാർഷിക വരുമാനം, വയസ്, പഠിക്കുന്ന ക്ലാസ് സ്‌കൂളിന്റെ പേര് വിലാസം തുടങ്ങിയ വിവരങ്ങൾ അടങ്ങിയ അപേക്ഷ സ്‌കൂൾ മേധാവിയുടെ സാക്ഷ്യപ്പെടുത്തൽ സഹിതം അവർ പഠിക്കുന്ന ജില്ലയിൽ പ്രവർത്തിക്കുന്ന ബന്ധപ്പെട്ട സംയോജിത പട്ടികവർഗ വികസന പ്രൊജക്ട് ഓഫീസ് (ITDP)/ ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസ് (TDO)/ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ (TEO) 2023 ഫെബ്രുവരി 20നോ അതിന് മുമ്പോ ലഭ്യമാക്കണം. നിശ്ചിത തീയതി കഴിഞ്ഞ് ലഭിക്കുന്നതോ പൂർണ വിവരങ്ങൾ രേഖപ്പെടുത്താത്തതോ ആയ അപേക്ഷകൾ പരിഗണിക്കില്ല. അപേക്ഷയോടൊപ്പം ജാതി/ വരുമാന സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതില്ല.
സംസ്ഥാനതലത്തിൽ ആകെ 200 വിദ്യാർഥികളെയാണ് തെരഞ്ഞെടുക്കുന്നത്. മത്സര പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവർ സ്‌കോളർഷിപ്പ് കൈപ്പറ്റുന്നതിന് മുമ്പായി തങ്ങളുടെ ജാതി, വരുമാന സർട്ടിഫിക്കറ്റുകളുടെ അസൽ ബന്ധപ്പെട്ട സംയോജിത പട്ടികവർഗ വികസന പ്രോജക്ട് ഓഫീസർ/ ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസർ മുമ്പാകെ ഹാജരാക്കണം.
തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും ഫർണീച്ചറും വാങ്ങുന്നതിനും പ്രത്യേക ട്യൂഷൻ നൽകുന്നതിനും അടക്കമുള്ള ധനസഹായം നൽകുന്നതാണ്. ഇവയ്ക്ക് പുറമേ 10-ാം ക്ലാസ് വരെയുള്ള പഠനത്തിന് പ്രതിമാസ സ്റ്റൈപ്പന്റും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് കേരളത്തിലെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സംയോജിത പട്ടികവർഗ വികസന പ്രോജക്ട് ഓഫീസുകൾ/ ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസുകൾ/ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് എന്നിവടങ്ങളിൽ ബന്ധപ്പെടാവുന്നതാണ്. കൂടാതെ പട്ടികവർഗ വികസന വകുപ്പിന്റെ (www.stdd.kerala.gov.in) സന്ദർശിക്കാം.