പട്ടിക വിഭാഗക്കാരുടെ വിദേശ പഠനം : ഓസ്ട്രേലിയൻ സർവകലാശാല ചർച്ച നടത്തി
സംസ്ഥാനത്തെ പട്ടിക വിഭാഗം വിദ്യാർത്ഥികളുടെ വിദേശ പഠന സാധ്യതകൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഓസ്ട്രേലിയയിലെ സർവകലാശാലാ പ്രതിനിധികൾ മന്ത്രി ഒ ആർ കേളുവുമായി ചർച്ച നടത്തി. സിഡ്നിയിലെ ന്യൂ കാസിൽ സർവകലാശാലയിൽ നിന്നാണ് അധികൃതരെത്തിയത്.
വൈസ് ചാൻസലർ പ്രഫ. അലക്സ് സെലൻസ്കി, ഡെപ്യൂട്ടി വൈസ് ചാൻസലർ പ്രഫ. കെൻ്റ് ആൻഡേഴ്സൺ, പ്രോ വിസി പ്രഫ. കെയ്ഗ് സിമോൺസ്, പ്രഫ. അജയൻ വിനു, ഡയറക്ടർ ഡോ. ഗുർപ്രീത് സിങ്ങ് എന്നിവരാണ് ചർച്ച നടത്തിയത്. ഓഡെപെക് എംഡി കെ എ അനൂപും ചർച്ചയിൽ പങ്കെടുത്തു.
കേരളത്തിൽ നിന്ന് 825 പട്ടികവിഭാഗം വിദ്യാർത്ഥികൾ വിവിധ വിദേശ രാജ്യങ്ങളിൽ പഠിച്ചു വരുന്നു. ഓസ്ട്രേലിയയിലെ സാധ്യതകൾ മനസിലാക്കി പദ്ധതികൾ ആരംഭിക്കാമെന്ന് മന്ത്രി ഒ ആർ കേളു ചർച്ചയിൽ വ്യക്തമാക്കി. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ന്യൂ കാസിൽ സർവകലാശാലയിൽ പ്രത്യേക പരിഗണന നൽകുമെന്ന് വൈസ് ചാൻസലർ പ്രഫ. അലക്സ് സെലൻസ്കിയും അറിയിച്ചു.