Marianadu Estate land will soon be allotted to about 3,000 landless Scheduled Tribes in the district.

മരിയനാട് എസ്റ്റേറ്റ് ഭൂമി ജില്ലയിലെ മൂവായിരത്തോളം ഭൂരഹിത പട്ടിക വർഗക്കാർക്കായി ഉടൻ പതിച്ച് നൽകും

വയനാട് ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. സുൽത്താൻ ബത്തേരി മരിയനാട് എസ്റ്റേറ്റ് ഭൂമി ജില്ലയിലെ മൂവായിരത്തോളം ഭൂരഹിത പട്ടിക വർഗക്കാർക്കായി ഉടൻ പതിച്ച് നൽകും.

എസ്റ്റേറ്റിലെ തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം നൽകാൻ 5 കോടി രൂപ സർക്കാർ അനുവദിച്ചതോടെയാണ് പ്രശന്ങ്ങൾക്ക് പരിഹാരമായത്. വയനാട് പാക്കേജിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചതെന്ന് പട്ടികവിഭാഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു അറിയിച്ചു.

ഭൂരഹിത പട്ടികവർഗക്കാരുടെ പുനരധിവാസത്തിനായി വയനാട് ജില്ലയിൽ കേന്ദ്രസർക്കാരിൻ്റെ അനുമതി ലഭിച്ച ഭൂമിയാണ് കേരള ഫോറസ്റ്റ് ഡവലപ്മെൻ്റ് കോർപറേഷൻ്റെ കാപ്പിത്തോട്ടമായിരുന്ന മരിയനാട് എസ്റ്റേറ്റ്. ഇവിടുത്തെ 233 ഹെക്ടർ ഭൂമിയിൽ 135 ഹെക്ടറിന് വനാവകാശ നിയമപ്രകാരം 349 കുടുംബങ്ങൾക്ക് കൈവശ രേഖ നൽകിയിരുന്നു. ബാക്കിയുള്ള സ്ഥലം കൈമാറുന്നതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് എസ്റ്റേറ്റിലെ തൊഴിലാളികൾ നടത്തുന്ന സമരം മൂലം സാധിച്ചി രുന്നില്ല.
തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തൊഴിലാളികളുടെ എല്ലാ ആനുകൂല്യങ്ങളും തിട്ടപ്പെടുത്തി സർക്കാരിലേക്ക് നിർദേശം സമർപ്പിക്കാൻ തീരുമാനമായത്. എന്നാൽ വിവിധ ആനുകൂല്യങ്ങളിലെ തർക്കങ്ങൾ മൂലം തൊഴിലാളികളുമായി ധാരണയിലെത്താനാകാതെ നീണ്ടുപോയി.
ജൂൺ 5, 10 തീയതികളിൽ തൊഴിലാളികളുമായി മന്ത്രി ഒ ആർ കേളു നടത്തിയ ചർച്ചകളിലാണ് തൊഴിലാളികൾക്ക് പ്രശ്ന പരിഹാരത്തിന് ധാരണയായത്. 141 തൊഴിലാളികളാണ് നിലവിൽ എസ്റ്റേറ്റിലുള്ളത്.

ഭൂപ്രശ്നം പരിഹരിക്കുന്നതിന് വലിയ അളവിൽ ഭൂമി ലഭ്യമായിട്ടുള്ളത് ഇവിടെയാണ്. ജില്ലയിൽ ഭൂമിക്കായി അപേക്ഷിച്ചിട്ടുള്ള കുടുംബങ്ങളിൽ 3000 പേർക്കെങ്കിലും മരിയനാട്ടിൽ ഭൂമി അളന്നു തിരിച്ച് അടിസ്ഥാന സൗകര്യങ്ങളോടെ നൽകാനാകും. ഇതിനായി വിവിധ ഗുണഭോക്തൃ സംഘടനകളുടെ യോഗവും അടുത്തു തന്നെ വിളിക്കും.

9162 പട്ടികവർഗ കുടുംബങ്ങൾക്ക് 8 680.64 ഏക്കർ ഭൂമി 9 വർഷം കൊണ്ട് എൽഡിഎഫ് സർക്കാർ നൽകി. തിരുവനന്തപുരം ജില്ലയിൽ എല്ലാ പട്ടികവർഗ കുടുംബങ്ങൾക്കും ഭൂമി ലഭ്യമാക്കി. കണ്ണൂർ, മലപ്പുറം, കൊല്ലം ജില്ലകളിലും എല്ലാ പട്ടികവർഗക്കാർക്കും ഭൂമിയെന്ന ലക്ഷ്യത്തിലേക്കും നമ്മൾ അടുക്കുകയാണെന്ന് മന്ത്രി ഒ ആർ കേളു വ്യക്തമാക്കി.