വിങ്സ് പദ്ധതി
എസ്.സി., എസ്.ടി., ഒ.ഇ.സി. വിദ്യാർത്ഥികൾക്ക് സൗജന്യ പൈലറ്റ് പഠനം
സമൂഹത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എസ്.സി., എസ്.ടി., ഒ.ഇ.സി. വിദ്യാർത്ഥികളുടെ പൈലറ്റ് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുകയാണ് വിങ്സ് പദ്ധതിയിലൂടെ കേരള സർക്കാർ.
തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ പൈലറ്റ് പഠനത്തിന് യോഗ്യത നേടുന്ന വിദ്യാർത്ഥികളുടെ കോഴ്സ് ഫീയാണ് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ വികസന വകുപ്പുകള്‍ ഏറ്റെടുത്തത്. വിദ്യാർത്ഥികള്‍ക്ക് കോഴ്സിന്റെ ഭാരിച്ച തുക താങ്ങാനാവാതെ വന്നതോടെയാണ് സർക്കാരിന്റെ അടിയന്തിര ഇടപെടലിലൂടെ വിങ്സ് പദ്ധതിക്ക് തുടക്കമായത്. ഏവിയേഷൻ അക്കാദമിയിൽ പട്ടികവിഭാഗത്തിൽ നിന്ന് യോഗ്യത നേടിയ അർഹതയുള്ള ഒരു വിദ്യാർത്ഥിയുടെ മുഴുവൻ ഫീസും മുൻപ് സർക്കാർ ഏറ്റെടുത്തിരുന്നു. ഇത്തവണ അഞ്ച് എസ്.സി. വിദ്യാർത്ഥികളാണ് എഴുത്തുപരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ കോഴ്സിന് യോഗ്യത നേടിയത്.
വിങ്സ് പദ്ധതി ആരംഭിച്ചശേഷമുള്ള ആദ്യ അഞ്ചുപേരുടെ പഠന ചെലവാണ് പട്ടികജാതി വകുപ്പ് ഏറ്റെടുത്തിരിക്കുന്നത്. ഇതിൽ നാല് പേർക്ക് വാണിജ്യ വിമാനം പറത്താനാണ് ആഗ്രഹമെങ്കിൽ, രാജ്യ സേവനാർത്ഥം പ്രതിരോധ സേനയുടെ ഭാഗമാകാനാണ് അഞ്ചാമത്തെയാൾക്ക് ആഗ്രഹം. പൈലറ്റ് കോഴ്സിന് വരും വർഷങ്ങളിൽ യോഗ്യത നേടുന്ന എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗക്കാരായ എല്ലാ വിദ്യാർത്ഥികളുടേയും ഫീസ് സർക്കാർ വഹിക്കും.