404 Pattayas and 1391 Forest Rights Deeds were distributed in the District Pattaya Mela

404 പട്ടയങ്ങളും 1391 വനാവകാശ രേഖയും ജില്ലാ പട്ടയമേളയിൽ വിതരണം ചെയ്തു

സംസ്ഥാനത്ത് ഇനിയും പട്ടയം ലഭിക്കാത്ത കുടുംബങ്ങളുണ്ടെങ്കിൽ അവ പരിശോധിച്ച് മുഴുവൻ പേർക്കും പട്ടയം നൽകുക എന്ന ലക്ഷ്യത്തോടെ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ പട്ടയമിഷൻ ആംരഭിക്കുകയാണ്. ഇതിന്റെ ഭാഗമായി ജൂലൈയിൽ സംസ്ഥാനത്തെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും എംഎൽഎമാരുടെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും യോഗം ചേരും. നന്ദിയോട് നടന്ന ജില്ലാ പട്ടയമേളയുടെയും വനാവകാശ രേഖ വിതരണവും നടന്നു.
റവന്യൂ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ‘എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ’ പദ്ധതിയിലൂടെ ജില്ലയിൽ 404 കുടുംബങ്ങൾക്ക് പട്ടയവും ആദിവാസി വിഭാഗങ്ങളിലുള്ള 1391 കുടുംബങ്ങൾക്ക് വനാവകാശ രേഖയും ചടങ്ങിൽ കൈമാറി. ആകെ 1795 കുടുംബങ്ങൾക്കാണ് ഇതുവഴി പ്രയോജനം ലഭിച്ചത്. നെടുമങ്ങാട് 120, കാട്ടാക്കട 29, തിരുവനന്തപുരം 132, നെയ്യാറ്റിൻകര 76, ചിറയിൻകീഴ് 16, വർക്കല 31, എന്നിങ്ങനെയാണ് താലൂക്ക് അടിസ്ഥാനത്തിൽ നൽകിയ പട്ടയങ്ങൾ.

സംസ്ഥാനത്ത് സ്വന്തമായി ഭൂമിയില്ലാത്ത ആരും ഉണ്ടാകരുത് എന്ന് ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം. ഇനിയും പട്ടയം കിട്ടാത്തവരുടെ വിവരങ്ങൾ അന്വേഷിച്ച് അവ പരിശോധിക്കും. പട്ടയം നൽകാൻ ഏതെങ്കിലും ചട്ടങ്ങൾ തടസ്സമാകുന്നുണ്ടെങ്കിൽ ആ ചട്ടങ്ങൾ നിയമനിർമാണത്തിലൂടെ പരിഷ്‌കരിക്കാനും സർക്കാർ ഒരുക്കമാണ്. ആദിവാസി വിഭാഗങ്ങളുടെ പ്രശ്‌നങ്ങൾക്ക് പ്രഥമ പരിഗണനയാണ് സർക്കാർ നൽകുന്നത്.

തിരുവനന്തപുരം ജില്ലയിൽ ആദ്യമായാണ് സാമൂഹിക വനാവകാശം അനുവദിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ 27 വനാവകാശങ്ങൾ അനുവദിച്ചു. ഇതുവഴി വിവിധ ഊരുകൂട്ടങ്ങളിലുള്ളവർക്ക് അമ്പലപൂജയ്ക്കും മീൻ പിടിക്കുന്നതിനുമുള്ള അവകാശം, ചെറുവിറകുകൾ, ഈറ്റ, ഔഷധസസ്യങ്ങൾ, തീറ്റപ്പുല്ല്, ചെറുകിട വന വിഭവങ്ങൾ തുടങ്ങിയവ ശേഖരിക്കുന്നതിനുള്ള അവകാശം എന്നിവ ലഭിച്ചു.