ആഗസ്റ്റ് 9 മുതല്‍ സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15 വരെയുള്ള ഒരാഴ്ചക്കാലം കേരള സര്‍ക്കാര്‍ ഗോത്രാരോഗ്യവാരമായി ആചരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ആഗസ്റ്റ് 9 അന്താരാഷ്ട്ര ആദിവാസി ദിനമായി ഐക്യരാഷ്ട്രസഭ 1994 മുതല്‍ ആചരിച്ചുവരുന്നുണ്ട്. ഇത്തവണത്തെ ആദിവാസിദിന മുദ്രാവാക്യം “Leaving no one behind” എന്നതാണ്. പൊതു സമൂഹത്തിന്റെ പുരോഗതിയ്ക്കൊപ്പം ആദിവാസി ജനവിഭാഗത്തെയും ചേര്‍ത്തുനിര്‍ത്തുക എന്നതാണ് ഈ മുദ്രാവാക്യം ലക്ഷ്യമിടുന്നത്. ലോകത്ത് 90 രാജ്യങ്ങളിലായി 476 മില്യണില്‍പ്പരം തദ്ദേശീയ ഗോത്ര ജനവിഭാഗങ്ങള്‍ ജീവിക്കുന്നുണ്ട്. ഇത് ലോക ജനസംഖ്യയുടെ 6.2 ശതമാനം വരും. തനത് സംസ്കാരം, പാരമ്പര്യം, ഭാഷ, അറിവുകള്‍ എന്നിവയുടെ വിശാലമായ വൈവിധ്യങ്ങളുടെ അക്ഷയഖനിയാണ് ഈ ജനത. മണ്ണില്‍ ചവിട്ടി നില്ക്കുന്ന ജൈവിക ബന്ധങ്ങളിലൂന്നിയ ലോകാവബോധവും, വികസനത്തെക്കുറിയ്യുള്ള സ്വന്തമായ മുന്‍ഗണനകളും ഈ ജനവിഭാഗത്തിനുണ്ട്. തദ്ദേശീയ ഗോത്രവിഭാഗങ്ങളുടെ സ്വയം ഭരണത്തിലുള്ള പ്രദേശങ്ങള്‍ തന്നെ നിരവധി രാജ്യങ്ങളില്‍ നിലനിന്നിരുന്നു. ഇവയില്‍ പലതും സല്‍ഭരണത്തിന്റെ ഉത്തമ ഉദാഹരണങ്ങളായിരുന്നു. കാലങ്ങളായി ദാരിദ്ര്യവും, അസമത്വവും, അവഗണനയും സാമ്പത്തിക അരക്ഷിതത്വവും അനുഭവിക്കുന്ന ഈ ജനതയെ, കോവിഡ് മഹാമാരിയുടെ വര്‍ത്തമാനകാലാനുഭവങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുന്നു.
2021ലെ ലോകബാങ്ക് കണക്കനുസരിച്ച് കാര്‍ഷികോത്പാദനം കുറയുകയും ഉല്‍പ്പന്നങ്ങള്‍ വില വര്‍ധിക്കുകയും അതിന്റെ ഫലമായി ലോകത്ത് വലിയ തോതില്‍ പട്ടിണി (വിശപ്പ്) വര്‍ധിക്കുമെന്ന് പറയുന്നു. യൂണിസെഫിന്റെ കണക്കനുസരിച്ച് 2021 അവസാനമാകുമ്പോഴേയ്ക്കും 745 മില്യണ്‍ ആളുകള്‍ കടുത്ത ദാരിദ്ര്യത്തിലേയ്ക്കെത്തും. ലോകത്ത് ഓരോ മിനിറ്റിലും പതിനൊന്ന് പേര് പട്ടിണകൊണ്ട് മരണപ്പെടുമെന്നും ഇന്ത്യയും ദക്ഷിണാഫ്രിക്കയും വിശപ്പിന്റെ ഹോട് സ്പോട്ടുകളാകുമെന്നും പറയുന്നു. ജോലിയും വരുമാനവും നഷ്ടപ്പെടുന്ന ജനവിഭാഗം പെരുകുമെന്നും ലോകത്താകെ അസമത്വം വര്‍ധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
തദ്ദേശീയ ജനതയുടെ സാമൂഹികമായും സാമ്പത്തികമായുമുള്ള നേട്ടങ്ങള്‍ക്കായി സഹകരിക്കാനുള്ള ഒരു അലിഖിത ധാരണയാണ് ഈ കാലം ആവശ്യപ്പെടുന്നത്. ഈ ദിനത്തില്‍, തദ്ദേശിയ ഗോത്രജനതയെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സാമൂഹ്യ സാമ്പത്തിക സഹകരണം, പങ്കാളിത്തം, വിദ്യാഭ്യാസം, മനുഷ്യാവകാശം, വികസനം, ആരോഗ്യം എന്നിവയുടെ പ്രസക്തി പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള സന്ദേശമാണ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. ദശാബ്ദങ്ങളായി വിവിധ സമൂഹങ്ങള്‍ ഈ പ്രശ്നം അഭിമുഖീകരിക്കുകയും പരിഹാര നടപടികള്‍ക്ക് ശ്രമിക്കുകയും ചെയ്തുവരുന്നു. മാപ്പുപറയല്‍, പൊരുത്തപ്പെടല്‍, നിയമനിര്‍മ്മാണം, ഭരണഘടനാ പരിഷ്കരണങ്ങള്‍ തുടങ്ങിയ നിരവധി മാര്‍ഗ്ഗങ്ങള്‍ ഇതിന്റെ ഭാഗമായി അവലംബിച്ചു. അന്താരാഷ്ട്രതലത്തില്‍ ഗോത്ര ജനതയുടെ അവകാശങ്ങള്‍ സംബന്ധിച്ച യു.എന്‍. പ്രഖ്യാപനം, Permanent form on Indigenous Issues ന്റെ രൂപീകരണം ഇവയൊക്കെ ഇതിന്റെ ഭാഗമാണ്.
സ്വാതന്ത്യത്തിന്റെ വജ്രജൂബിലിയോടടുക്കുമ്പോഴും, ഇന്ത്യയിലെ നാലിലൊന്ന് വരുന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ കയ്പേറിയ ജീവിതാനുഭവങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നത്. കോര്‍പ്പറേറ്റ് ദുരയുടെ മൃഗീയതയില്‍ ഞെരിഞ്ഞ് തന്റെ മണ്ണൂം, കിടപ്പാടവും, ജീവിതവും ഉപേക്ഷിച്ച് പാലായനം ചെയ്യേണ്ടിവരുന്ന ദുരിത ചിത്രമാണ് വര്‍ത്തമാന ഇന്ത്യയിലെ ആദിവാസി ജനവിഭാഗത്തിന്റേത്. ആധിപത്യം സ്ഥാപിച്ചവര്‍ അത് നിലനിര്‍ത്താന്‍ ജാതിവെറിയും, മതഭ്രാന്തും, ദേശീയതയുമൊക്കെ എടുത്തുപയോഗിക്കുകയും ചെയ്യുക വഴി അരക്ഷിതാവസ്ഥയിലാണ് ഈ ജനത. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ എന്നിവയില്‍ പൊതു സമൂഹത്തോടൊപ്പം എത്തണമെങ്കില്‍ ഈ ജനവിഭാഗങ്ങള്‍ ഇനിയും സഞ്ചരിക്കാന്‍ ഏറെ ദൂരമുണ്ട്. ഈ വിഭാഗത്തിന്റെ ദാരിദ്ര്യവും അരക്ഷിതാവസ്ഥയും ചൂഷണം ചെയ്ത് മുന്നോട്ട് പോകാന്‍ നമുക്ക് കഴിയില്ല.
ഇന്ത്യയിലെ പൊതുസ്ഥിതിയുമായി താരതമ്യം ചെയ്താല്‍ ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന കേരളത്തിലെ ദളിത് – ആദിവാസി ജീവിതം വളരെയധികം മെച്ചപ്പെട്ടിരിക്കുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാനകാര്യങ്ങളില്‍ വലിയ മുന്നേറ്റം കേരളത്തിലെ ആദിവാസി ജനതയ്ക്ക് നേടാനായിട്ടുണ്ട്. സുസ്ഥിര വളര്‍ച്ചയുടെ ഒരു മോഡലായി കേരളം ചര്‍ച്ചചെയ്യപ്പെടാന്‍ ഈ നേട്ടങ്ങള്‍ ഇടയാക്കിയിട്ടുണ്ട്. എങ്കിലും ചില പരിമിതികള്‍ നിലനില്‍ക്കുന്നുണ്ട്. സമൂഹത്തിലെ ഒരു വിഭാഗം പിന്നോക്കം നില്ക്കുമ്പോള് മോഡല്‍ എന്ന പദത്തിന്റെ പൂര്‍ണ്ണത സാര്‍ത്ഥകമാകില്ല. അതുകൊണ്ട് ഈ വിഭാഗത്തെക്കൂടി മുഖ്യധാരയിലെത്തിച്ചേമതിയാകൂ. പട്ടിക വര്‍ഗ്ഗ വിഭാഗം പാര്‍ശ്വവല്‍ക്കരിക്കപ്പെടാന്‍ ചരിത്രപരമായ അനവധി കാരണങ്ങളുണ്ട്. ഇവര്‍ക്കൊരു സാമൂഹിക പിന്തുണ പലപ്പോഴും ലഭിക്കുന്നില്ല. സാമൂഹ്യ മൂലധനത്തിന്റെ അഭാവവും പ്രകടമാണ്. അവര്‍ക്ക് വിവിധതരത്തിലുള്ള പിന്തുണ കിട്ടുക. ഉയര്‍ത്തിക്കൊണ്ടുവരാനും സഹായിക്കാനും ആളുകളുണ്ടാവുക എന്നൊക്കെയാണ് സാമൂഹ്യമൂലധനം കൊണ്ട് ഉദ്ദേശിക്കുന്നത്.
കേരളത്തില്‍ നിരവധി പദ്ധതികള്‍ ഈ വിഭാഗത്തിന്റെ വികസനത്തിനായി നടപ്പിലാക്കിയിട്ടുണ്ട്. പുരോഗതിയുണ്ടായിട്ടുണ്ടെങ്കിലും, ചെലവഴിച്ച കോടികളുടെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ആനുപാതികനേട്ടം ഈ മേഖലയില്‍ കൈവരിച്ചിട്ടുണ്ടോ എന്ന ചോദ്യം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. കുറേ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും, കുറേയധികം പണം ചെലവഴിക്കുകയും ചെയ്തുകൊണ്ടുമാത്രം ആദിവാസികള്‍ രക്ഷപ്പെടാന്‍ പോവുന്നില്ല. ചെലവഴിക്കപ്പെടുന്ന തുക കൃത്യമായി വിനിയോഗിക്കപ്പെടുന്നുണ്ടോ എന്നതു സംബന്ധിച്ച് ഒരു സോഷ്യല്‍ ഓഡിറ്റ് അനിവാര്യമാണ്.
കേരള സര്‍ക്കാര്‍ പട്ടികവര്‍ഗ്ഗ മേഖലയില്‍ ലക്ഷ്യ ബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്.
പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിന് അര്‍ഹമായ ഭൂമി നല്കുന്നതിനുമുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. ഫണ്ട് വിനിയോഗത്തിലെ സുതാര്യതക്കുറവും, ദുര്‍വിനിയോഗവും പരിഹരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കും ഭൂമിയും വീടും നല്‍കും. വനാവകാശനിയമം ഫലപ്രദമായി നടപ്പിലാക്കും. ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് വിവിധ നടപടികള്‍ സ്വീകരിക്കും. കുടുംബത്തിലൊരാള്‍ക്ക് ജോലി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കും. ലഹരി വിരുദ്ധ പ്രചാരണം ശക്തമാക്കും. ഓണ്‍ലൈന്‍ പഠനത്തിന് ഡിജിറ്റല്‍ സൗകര്യങ്ങളില്ലാത്ത പട്ടികവര്‍ഗ്ഗ വിഭാഗം കുട്ടികള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് അതേര്‍പ്പെടുത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. സാമൂഹ്യനീതിയിലൂന്നിയ വികസന കാഴ്ചപ്പാട് പട്ടികവര്‍ഗ്ഗ മേഖലയിലെ മുന്നേറ്റത്തിന് വേഗത നല്‍കുമെന്ന് ഗവണ്മെന്റ് വിശ്വസിക്കുന്നു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ അന്താരാഷ്ട്ര ആദിവാസി ഗോത്ര വര്‍ഗ്ഗ ദിനത്തിന് ഏറെ പ്രസക്തിയുണ്ട്. അതിനാലാണ് കേരളത്തില്‍ സംസ്ഥാന ഗവണ്മെന്റ് ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഗോത്രവിഭാഗം ജനതയുടെ ആരോഗ്യ സംരക്ഷണത്തിന് മുഖ്യ പ്രാധാന്യം നല്‍കികൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് പ്രസക്തമെന്ന് സര്‍ക്കാര്‍ കരുതുന്നു. അതുകൊണ്ടുതന്നെ “ആദിവാസി ജനത-ആരോഗ്യ ജനത” എന്ന സന്ദേശമുയര്‍ത്തി വിവിധ വകുപ്പുുകളുടെ സഹായത്തോടെ ഗോത്രാരോഗ്യവാരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതോടനുബന്ധിച്ച് മെഡിക്കല്‍ ക്യാമ്പുകള്‍, രോഗനിര്‍ണ്ണയ ക്ലിനിക്കുകള്‍, ലഹരി വിരുദ്ധ പ്രചാരണങ്ങള്‍, ശുചിത്വ പരിപാടികള്‍, ഗോത്രഭാഷ – ലിപി – ഊരുകളുടെ ചരിത്രം രേഖപ്പെടുത്തി സംരക്ഷിക്കല്‍, പാരമ്പര്യ വൈദ്യന്മാരെ ആദരിക്കല്‍, ചികിത്സയ്ക്ക് പ്രോത്സാഹനം നല്കാന് നടപടി തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം 09.08.2021 ന് ഉച്ചയ്ക്ക് 12.30ന് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വ്വഹിക്കും.
അകറ്റി നിര്‍ത്തേണ്ടവരല്ല ചേര്‍ത്തു പിടിക്കേണ്ടവരാണ് പ്രാക്തന ഗോത്ര വിഭാഗങ്ങളെന്ന് ഉറപ്പാക്കാന്‍ ഈ വാരാചരണത്തിലൂടെയും തുടര്‍പ്രവര്‍ത്തനങ്ങളിലൂടെയും നമുക്ക് കഴിയേണ്ടതുണ്ട്. അതിനായുള്ള യത്നങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങളുടേയും പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നു.