വനിത വികസന കോർപ്പറേഷൻ ഉപജില്ലാ ഓഫീസിന്റെ ഉദ്ഘാടനം
സംസ്ഥാനത്ത് സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന വനിത വികസന കോർപ്പറേഷന്റെ സേവനങ്ങൾ ചേലക്കര മണ്ഡലത്തിൽ എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന വനിത വികസന കോർപ്പറേഷൻ ഉപജില്ലാ ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് ചേലക്കര ജാനകീറാം ഓഡിറ്റോറിയത്തിൽ നിർവഹിച്ചു.
ഒരു സമൂഹത്തിന്റെ വളർച്ചയെ അടയാളപ്പെടുത്തുന്നതിൽ ആ നാട്ടിലെ സ്ത്രീകളുടെയും കുട്ടികളുടെയും വലിയ പങ്കാണുള്ളത്. അതിന് സ്ത്രീകൾ സ്വയം പര്യാപ്തരാകേണ്ടത് അനിവാര്യവുമാണ്.
വനിതകളുടെ സമഗ്ര പുരോഗതി എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്. സമൂഹത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതകളുടെ ശാക്തീകരണത്തിനായി സ്ത്രീകൾ ആരംഭിക്കുന്ന സ്വയംതൊഴിൽ സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ച് അവരെ സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. അതിനായി ലളിതമായ വ്യവസ്ഥകളോടെ സ്വയം തൊഴിൽ വായ്പ, മൈക്രോഫിനാൻസ് വായ്പ, വിദ്യാഭ്യാസ വായ്പ എന്നിവയും നൽകിവരുന്നു.
മണ്ഡലത്തിനുള്ളിലെ വനിതകളുടെ മേഖലകളിൽ നടക്കുന്ന സംരംഭകങ്ങൾക്കും, വനിത സ്വയം സഹായ സംഘങ്ങളുടെ പ്രവർത്തനങ്ങൾക്കും ചേലക്കര ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ ഇന്ന് ആരംഭിച്ച വനിത വികസന കോർപ്പറേഷൻ ഉപജില്ല ഓഫീസിന്റെ പ്രവർത്തനം വളരെയധികം പ്രയോജനകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.