സാമൂഹ്യപഠനമുറി പദ്ധതി
—
വീട്ടില്‍ പഠിക്കാന്‍ സൗകര്യങ്ങളില്ലാതെ പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാതെ വരുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അതിനുളള സംവിധാനം ഒരുക്കുകയാണ് സര്‍ക്കാര്‍. സമൂഹത്തില്‍ പിന്നാക്കം നില്ക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികളെ വിദ്യാസമ്പന്നരാക്കാന്‍ അവരുടെ വീടിനോട് ചേര്‍ന്നാണ് പഠനമുറി നിര്‍മിക്കുന്നത്. പട്ടികജാതിക്കാര്‍ക്ക് വീടിനോട് ചേര്‍ന്ന് ഒരു പഠനമുറിയും, പട്ടികവര്‍ഗക്കാര്‍ക്ക് 30 പേര്‍ക്ക് ഒന്ന് എന്ന രീതിയില്‍ സാമൂഹ്യപഠനമുറിയുമാണ് നിര്‍മ്മിച്ചു നല്‍കുന്നത്.
2017 മുതല്‍ ആരംഭിച്ച പഠനമുറി പദ്ധതിയില്‍ 120 ചതുരശ്ര അടി വലിപ്പത്തില്‍ നിര്‍മ്മിക്കുന്ന ഒരു മുറിയ്ക്ക് 2 ലക്ഷം രൂപയാണ് ധനസഹായം ലഭിക്കുക. മേല്‍ക്കൂര കോണ്‍ക്രീറ്റ്, ചുവരുകളുടെ പ്ലാസ്റ്റര്‍, തറ ടൈല്‍ പാകുക, വാതില്‍, ജനല്‍, ഭിത്തി അലമാര, വൈദ്യുതീകരിച്ച് ലൈറ്റ്, ഫാന്‍ എന്നിവ സ്ഥാപിക്കുന്നതിനാണ് ധനസഹായം നല്‍കുന്നത്. ധനസഹായ തുക നാല് ഘട്ടങ്ങളായാണ് ലഭിക്കുക. 2017-2022 വരെ അനുവദിച്ച 29,851 പഠനമുറികളില്‍ 23,300 എണ്ണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മുന്‍സര്‍ക്കാര്‍ അനുവദിച്ചതുള്‍പ്പെടെ, ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 6472 പഠനമുറികള്‍ പൂര്‍ത്തീകരിച്ചു.
പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് സാമൂഹ്യ പഠനമുറി പദ്ധതി നടപ്പാക്കുന്നത്. 450 ചതുരശ്ര അടി വിസ്തീര്‍ണമുളള ഹാളുകളാണ് ഊരുകളില്‍ സാമൂഹ്യപഠനമുറിക്കായി തെരഞ്ഞെടുത്തിട്ടുള്ളത്. 30 കുട്ടികള്‍ക്ക് ഒരുമിച്ചിരുന്ന് ഗൃഹപാഠങ്ങള്ചെയ്യാനും പാഠഭാഗങ്ങളെ കുറിച്ചുള്ള സംശയ നിവാരണം വരുത്താനും ഈ വിഭാഗത്തിലെതന്നെ അഭ്യസ്തവിദ്യരായ യുവതീയുവാക്കളെ ട്യൂട്ടര്‍മാരായി നിയമിച്ചിട്ടുണ്ട്. മേശ, കസേര, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, സ്റ്റഡി ടേബിള്‍, എല്‍ഇഡി മോണിറ്റര്‍, ഡിസ്പ്ലേ, ലൈബ്രറി, ലഘുഭക്ഷണം എന്നീ സൗകര്യങ്ങളെല്ലാം പഠനമുറികളിലുണ്ട്.
സാമൂഹ്യപഠനമുറി പദ്ധതിയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 250 പഠനമുറികള്‍
നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ 7392 വിദ്യാര്‍ത്ഥികള്‍ പഠനം നടത്തിവരികയാണ്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 114 ഊരുകളിലായി 278 സാമൂഹ്യപഠനമുറികള്‍ അനുവദിച്ചു. അതില്‍ 28 എണ്ണം പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനു പുറമേ, സംസ്ഥാന സാക്ഷരതാമിഷന്‍ പട്ടികവര്‍ഗ വിഭാഗത്തിനായി വിവിധ വിദ്യാഭ്യാസ തുല്യതാ പരിപാടികള്‍ നടത്തുന്നുണ്ട്. പത്താംതരം പാസ്സാകുന്ന പട്ടികവര്‍ഗ പഠിതാക്കള്‍ക്ക് 3000 രൂപയും, ഹയര്‍ സെക്കന്ററി പാസ്സാകുന്നവര്‍ക്ക് 5000 രൂപയും പട്ടികവര്‍ഗ വികസന വകുപ്പ് പ്രോത്സാഹനമായി നല്‍കുന്നുണ്ട്. എല്ലാവര്ക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യം പൂര്‍ണതയിലേക്കെത്തിക്കാന്‍ മുന്നോട്ടുളള യാത്രയിലാണ് കേരള സര്‍ക്കാര്‍.