തുല്യതയ്ക്കായുള്ള പോരാട്ടം തുടരണം -സ്വാതന്ത്ര്യദിന സന്ദേശം
സ്വാതന്ത്ര്യം കൈവരിച്ച ശേഷം നാം പല മേഖലകളിലും അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ചെങ്കിലും ജനങ്ങള്‍ക്കിടയില്‍ സമത്വവും തുല്യനീതിയും കൈവരിക്കുന്നതിനായുള്ള പോരാട്ടം ശക്തമായി തുടരേണ്ടതുണ്ട്.
ചരിത്രത്തിലാദ്യമായി ഗോത്രവിഭാഗത്തില്‍ പെട്ട ഒരു വനിത രാഷ്ട്രപതിയായത് അഭിമാനകരമായ നേട്ടമാണ്. എന്നാല്‍ അപമാനകരമായ സംഭവങ്ങള്‍ രാജ്യത്ത് ഇപ്പോഴും തുടരുകയാണ്. മേല്ജാതിക്കാര് വെള്ളം കുടിക്കുന്ന പാത്രത്തില്‍ സ്പര്‍ശിച്ചുവെന്ന പേരില്‍ ഒന്‍പത് വയസ്സുകാരിയായ ദലിത് വിദ്യാര്‍ഥിയെ അധ്യാപകന് തല്ലിക്കൊന്ന സംഭവം അതിനുദാഹരണമാണ്. തുല്യതയെന്ന സങ്കല്‍പ്പം നമ്മുടെ രാജ്യത്ത് ഇപ്പോഴും അപ്രാപ്യമായി തുടരുകയാണ്.
ഇന്ത്യക്കാരെല്ലാം ഏകോദര സഹോദരന്മാരായി ജീവിക്കണമെന്ന് സ്വപ്നം കണ്ടാണ് നമ്മുടെ പൂര്‍വഗാമികള്‍ ബ്രിട്ടീഷുകാരോട് പൊരുതി ജീവന് ബലിയര്‍പ്പിച്ച് നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നത്. ഈ ദൗത്യം ശക്തമായി തുടരാന്‍ നമുക്ക് സാധിക്കണം. അതേസമയം, സാമൂഹിക നീതി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഏറെ മുന്നിലാണ് നമ്മുടെ കേരളം എന്നത് നമ്മെ സംബിന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണ്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ രണ്ടു വര്‍ഷത്തിനുശേഷമാണ് സ്വാതന്ത്ര്യദിന ആഘോഷം പൊതുജന പങ്കാളിത്തത്തോടെ സംഘടിപ്പിച്ചത്. സ്ത്രീകളും കുട്ടികളും അടക്കം വന്‍ജനാവലി സ്വാതന്ത്ര്യ ദിന പരേഡ് വീക്ഷിക്കാനെത്തിയിരുന്നു. വിവിധ സേനാവിഭാഗങ്ങളുടെ പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു.
പോലിസ് ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സ് ക്യാമ്പ് ഇന്‍സ്പെക്ടര്‍ കെ വിനോദ് കുമാര്‍ ആണ് പരേഡ് നയിച്ചത്. സബ് ഇന്‍സ്പെക്ടര്‍ രമ്യ കാര്ത്തികേയന് സെക്കന്‍ഡ് ഇന്‍ കമാന്‍ഡറായി. ഒരു വനിതാ ഉദ്യോഗസ്ഥ സെക്കന്റ് ഇന്‍ കമാന്‍ഡറാകുന്നത് ജില്ലയില്‍ ഇതാദ്യമാണ്.
പോലിസ് ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സ് ക്യാമ്പ്, തൃശ്ശൂര്‍ സിറ്റി ലോക്കല്‍ പോലീസ്, തൃശ്ശൂര്‍ റൂറല്‍ ലോക്കല്‍ പോലീസ്, കേരള ഫോറസ്റ്റ് ഡിവിഷന്, കേരള എക്സൈസ് ഡിവിഷന്, സെന്റ് തോമസ് കോളേജ് 23ാം കേരള ബറ്റാലിയന് എന്‍സിസി സീനിയര്‍ ബോയ്സ്, കേരള വര്‍മ കോളേജ് ഏഴാം കേരള എന്‍സിസി സീനിയര്‍ ഗേള്‍സ്, വിമല കേളേജ് ഏഴാം കേരള ബറ്റാലിയന് എന്‍സിസി സീനിയര്‍ ഗേള്‍സ്, ശ്രീ കേരള വര്‍മ കോളേജ് 24ാം കേരള ബറ്റാലിയന് എന്‍സിസി സീനിയര്‍ ബോയ്സ് പ്ലറ്റൂണുകള്‍, കൊടകര ജിഎച്ച്എസ്എസ് എസ്പിസി റൂറല്‍ ബോയ്സ്, വടക്കാഞ്ചേരി ഗവ. ഗേള്‍സ് സ്കൂള്‍ എസ്പിസി സിറ്റി ഗേള്‍സ്, നായരങ്ങാടി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ എസ്പിസി റൂറല്‍ ഗേള്‍സ് പ്ലറ്റൂണുകള്‍, കേരള ആംഡ് പോലിസ് ഒന്നാം ബറ്റാലിയന് ബ്രാസ്സ് ബാന്റ് പ്ലറ്റൂണ്‍, മുപ്ലിയം ജിവിഎച്ച്എസ്എസ് എസ്പിസി ബാന്റ് പ്ലറ്റൂണ്‍, സെന്റ് ആന്‍സ് കോണ്‍വെന്റ് എച്ച്എസ്എസ് ബാന്റ് പ്ലറ്റൂണ്‍ എന്നിവ പരേഡില്‍ അണിനിരന്നു.
സര്‍വീസ് പ്ലറ്റൂണുകളില്ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വി ആര് ഷജീവ് കുമാര്‍ നയിച്ച കേരള ഫോറസ്റ്റ് ഡിവിഷന്റെ പ്ലറ്റൂണ്‍ ഒന്നാമതെത്തി. സബ് ഇന്‍സ്പെക്ടര്‍ എം ആര് കൃഷ്ണ പ്രസാദ് നയിച്ച തൃശ്ശൂര്‍ റൂറല്‍ വനിത പോലീസിന്റെ പ്ലറ്റൂണിനാണ് രണ്ടാം സ്ഥാനം.
എന്‍ സി സി ബോയ്സ് പ്ലറ്റൂണുകളില്‍ ആദിത്യ നളിന്‍ നയിച്ച തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിന്റെ 23-ാം കേരള ബറ്റാലിയനും ടി ആര് അരുണ്‍ജിത്ത് നയിച്ച ശ്രീ കേരളവര്‍മ്മ കോളേജിന്റെ 24-ാം കേരള ബറ്റാലിയനും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
സീനിയര്‍ എന്‍ സി സി ഗേള്‍സ് പ്ലറ്റൂണുകളില്‍ മീനാക്ഷി ലാല്‍ജി നയിച്ച വിമല കോളേജ് ഒന്നാം സ്ഥാനവും വി ജെ ജിഷ നയിച്ച ശ്രീ കേരളവര്‍മ്മ കോളേജ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. എസ് പി സികളില്‍ നയ്ല ഫാത്തിമ നയിച്ച വടക്കാഞ്ചേരി ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂളിനാണ് ഒന്നാം സ്ഥാനം. ആര്‍ച്ച ഗിരീഷ് നയിച്ച നായരങ്ങാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ രണ്ടാം സ്ഥാനം നേടി. പി എം ആദിത്യ നയിച്ച സെന്റ് ആന്‍സ് കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, അഞ്ജന റോസ് നയിച്ച മുപ്ലിയം ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവ ആദ്യ സ്ഥാനങ്ങളില്‍ എത്തി.
സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ഥികള്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു.
മേയര്‍ എം കെ വര്‍ഗീസ്, പി ബാലചന്ദ്രന് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ ആര് ആദിത്യ, റൂറല്‍ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്റെ, ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്, ജില്ലാ ഡെവലപ്മെന്റ് കമ്മീഷണര്‍ ശിഖ സുരേന്ദ്രന്, ആര്‍ഡിഒ പി എ വിഭൂഷണ്‍, തഹസില്‍ദാര്‍ ടി ജയശ്രീ, ഡെപ്യൂട്ടി കലക്ടര്‍ (ദുരന്ത നിവാരണം) കെ എസ് പരീത്, എല്‍ എ ഡെപ്യൂട്ടി കലക്ടര്‍ യമുനാദേവി തുടങ്ങിവര്‍ പങ്കെടുത്തു.