സബ്മിഷൻ മറുപടി

കമ്മ്യൂണിസ്റ്റ് സർക്കാറുകൾ ഹിന്ദു ക്ഷേത്രങ്ങൾ കൈയ്യടക്കി എന്നും വരുമാനം ലക്ഷ്യമിട്ടാണ് ഇത് ചെയ്യുന്നതെന്നുമുള്ള സുപ്രീം കോടതി റിട്ടേർഡ് ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ പരമാര്‍ശം സംബന്ധിച്ച് ബഹു. നിയമസഭാംഗം ശ്രീ. എം.എസ്. അരുണ്‍കുമാര്‍ 31-08-2022 ല്‍ ഉന്നയിച്ച സബ്മിഷനുള്ള മറുപടി.

കമ്മ്യൂണിസ്റ്റ് സർക്കാറുകൾ ഹിന്ദു ക്ഷേത്രങ്ങൾ കൈയ്യടക്കി എന്നും വരുമാനം ലക്ഷ്യമിട്ടാണ് ഇത് ചെയ്യുന്നതെന്നുമുള്ള സുപ്രീം കോടതി റിട്ടേർഡ് ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ പരമാര്‍ശം വസ്തുതകൾക്ക് നിരക്കാത്തതും തെറ്റിദ്ധാരണയിൽ നിന്നും ഉടലെടുത്തതുമാണ് എന്നു പറയുന്നതില്‍ ഖേദമുണ്ട്.
തിരുവിതാംകൂര്‍, കൊച്ചിന്‍, മലബാര്‍, ഗുരുവായൂര്‍, കൂടല്‍ മാണിക്യം എന്നിങ്ങനെ അഞ്ച് ദേവസ്വം ബോര്‍ഡുകളാണ് സംസ്ഥാനത്തുള്ളത്. ടി ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങളിലെ വരുമാനം സര്‍ക്കാരിലേക്ക് എത്തുന്നുണ്ട് എന്ന പ്രസ്താവന തീര്‍ത്തും വസ്തുതാ വിരുദ്ധമാണ്. ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തുന്നില്ല എന്ന് മാത്രമല്ല കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി (2017-18 മുതല്‍ 2022 ആഗസ്റ്റ് 30 വരെ ) ഏകദേശം 450 കോടിയോളം രൂപ ദേവസ്വം ബോര്‍ഡുകളുമായും ക്ഷേത്രങ്ങളുമായും ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവഴിച്ചിട്ടുണ്ട്. പ്രളയം, കോവിഡ് വ്യാപനം തുടങ്ങിയവ മൂലമുണ്ടായ വരുമാന നഷ്ടത്താല്‍ സാമ്പത്തിക പ്രതിസന്ധിയിലായ ദേവസ്വം ബോര്‍ഡുകളിലെ ദൈനംദിന ചെലവുകളും ഉദ്യോഗസ്ഥരുടെ ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെയുള്ളവ മുടങ്ങാതെ നടന്നുപോയത് സര്‍ക്കാര്‍ നല്‍കിയ ധനസഹായം ഒന്നുമാത്രം ഉപയോഗപ്പെടുത്തിയാണ്.
അന്യാധീനപ്പെട്ട ദേവസ്വം ഭൂമി തിരിച്ചുപിടിക്കുന്നതിനും ക്ഷേത്ര ജീവനക്കാർക്ക് വ്യവസ്ഥാപിത രീതിയിൽ ശമ്പളം കൊടുക്കുന്നതിനും ഒരു കാലത്ത് ക്ഷേത്ര പരിസരത്തു പോലും പ്രവേശനം നിഷേധിക്കപ്പെട്ട ജനതയെ ക്ഷേത്ര ജീവനക്കാരാക്കി മാറ്റുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചത് ഇടതുപക്ഷ സർക്കാരുകളുടെ കാലത്താണ്.
ശബരിമല മാസ്റ്റർപ്ലാൻ പോലുള്ള ബൃഹത്തായ വികസന പദ്ധതികൾ കാര്യക്ഷമമായി നടത്താനും സുഗമമായ തീർത്ഥാടന സൗകര്യങ്ങൾ ഒരുക്കാനുമാണ് ഈ സർക്കാർ നിലവിൽ മുൻഗണന നൽകുന്നത്.
മേല്‍പ്പറഞ്ഞവ കൂടാതെ ഏകദേശം 118 കോടി രൂപ ചെലവില്‍ കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തിയുള്ള ശബരിമല ഇടത്താവളങ്ങളുടെ നിര്‍മ്മാണം കഴക്കൂട്ടം, ചെങ്ങന്നൂര്‍, എരുമേലി, നിലക്കല്‍, ചിറങ്ങര, ശുകപുരം, മണിയങ്കോട് എന്നീവിടങ്ങളില്‍ പുരോഗമിക്കുന്നുണ്ട്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ ഒരു മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്റ് സ്ഥാപിക്കുന്നതിനായി 25 ലക്ഷം രൂപ അനുവദിക്കുന്നതിനും ധനകാര്യ വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ, മറ്റ് കാര്യങ്ങള്‍ കൂടാതെ ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി ആഭ്യന്തര വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകള്‍ അനുവദിക്കുന്നതായ തുക ഇതിന് പുറമേയാണ്.