ഡിജിറ്റലി കണക്ടഡ് ട്രൈബല്‍ കോളനീസ്: ഇ-വിദ്യാഭ്യാസവും ഇ-ആരോഗ്യവും ഇനി ഒരു കുടകീഴിൽ
പട്ടികവർഗ്ഗ മേഖലയിലെ ജനങ്ങളുടെ ആരോഗ്യ-വിദ്യാഭ്യാസ സേവനങ്ങൾ മെച്ചപ്പെടുത്താനായി നിലവിലുള്ള സാമൂഹ്യ പഠനമുറികളെ കേന്ദ്രീകരിച്ച് പട്ടികവർഗ്ഗ വികസന വകുപ്പും, പൊതുവിദ്യാഭ്യാസവകുപ്പും, ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കേന്ദ്ര ഇലക്ട്രോണിക് വിവര സാങ്കേതിക മന്ത്രാലയത്തിനു കീഴിലെ സി-ഡാക്കും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയാണ് “ഡിജിറ്റലി കണക്റ്റഡ് ട്രൈബൽ കോളനീസ്”. ഇ-വിദ്യാഭ്യാസവും ഇ-ആരോഗ്യവും ഒറ്റകുടക്കീഴിൽ ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യ പദ്ധതിയാണിത്. പദ്ധതിയുടെ പ്രാരംഭ ഘട്ടമായി വയനാട് ജില്ലയിലെ പട്ടിക വര്‍ഗ്ഗ കോളനികളിലെ സാമൂഹ്യ പഠന മുറികളെ സ്മാര്‍ട്ടാക്കി വിദ്യാഭ്യാസം, ആരോഗ്യാവബോധം, രോഗനിര്‍ണ്ണയം എന്നിവയ്ക്ക് സഹായകരമാകുന്ന കേന്ദ്രങ്ങളാക്കും.
സാമൂഹ്യ പഠന മുറികള്‍ ഡിജിറ്റലായി മാറുന്നതോടെ ടെലി – എഡ്യൂക്കേഷൻ, ഇ – ലിറ്ററസി തുടങ്ങിയവ നടപ്പിലാക്കും. പൊതുവിദ്യാഭ്യാസവകുപ്പിന്റെ സമഗ്ര ഇ-റിസോഴ്സ് പോർട്ടൽ പദ്ധതിയുമായി ബന്ധിപ്പിക്കും. ഇ-എഡ്യൂക്കേഷൻ പദ്ധതിക്കുകീഴിൽ ജില്ലയിലെ വകുപ്പിന്റെ പ്രവർത്തനക്ഷമമായ എല്ലാ സാമൂഹ്യപഠനമുറികളും ഉൾപ്പെടുന്നണ്ടെന്ന് ഉറപ്പുവരുത്തും. ഇന്ററാക്ടീവ് ഇ-ലേണിങ് സെഷൻസ് തയ്യാറാക്കുമ്പോൾ പ്ലസ് ടൂ, SSLC വിഭാഗത്തിലെ കുട്ടികൾക്ക് പ്രാധാന്യം നൽകും. പഠന സംബന്ധമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ ജനറൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ പഠന സാഹചര്യം, അഭിരുചി എന്നിവ മനസിലാക്കി സിലബസ് അടിസ്ഥാനമാക്കി രൂപ രേഖ തയ്യാറാക്കും.
പഠന സഹായം ആവശ്യമുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നതിന് ജില്ലയിലെ എം.ആർ.എസുകളിലെ വിദ്യാർത്ഥികളുടെ പഠനസംബന്ധമായ വിവരങ്ങൾ ഉപയോഗപ്പെടുത്തും. പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്ന ഇ-ലേർണിംഗ് സെഷൻസ് ബ്രോഡ്കാസ്റ്റ് ചെയ്ത് നൽകുന്ന സംവിധാനം മറ്റു ജില്ലകളിലേക്കും എം.ആർ.എസുകളിലേക്കും പട്ടികവർഗ ഹോസ്റ്റലുകളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള സാധ്യത പരിശോധിയ്ക്കും. ഇ-ലേണിംഗ് സെഷനുകൾ തയ്യാറാക്കുന്നതിനും അവതരിപ്പിക്കുന്നതിനുമായി ജില്ലയിലെ എംആർഎസുകളിൽ നിന്നുള്ള അദ്ധ്യാപകരെയും പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട അദ്ധ്യാപക പരിശീലനം നേടിയ ഉദ്യോഗാർത്ഥികളെയും പരിഗണിക്കും.
പട്ടികവര്‍ഗ്ഗ മേഖലയിലെ നോണ്‍ കമ്മ്യൂണിക്കബിള്‍ രോഗങ്ങളുടെ സ്ക്രീനിംഗും ഡയബറ്റിക് റെറ്റിനോപ്പതി, ഓറല്‍ ക്യാന്‍സര്‍, സെര്‍വിക്കല്‍ ക്യാന്‍സര്‍ എന്നിവ നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ കണ്ടെത്തി ചികിത്സയ്ക്ക് വിദഗ്ധ ഉപദേശം ലഭ്യമാക്കുന്നതിനുളള ടെലി മെഡിസിന് സംവിധാനം നടപ്പിലാക്കും. റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്ത്താല്‍മോളജി തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെയാണ് ഈ വിവിധോദേശ്യ പദ്ധതി നടപ്പാക്കുന്നത്. ഇ-ഹെൽത്ത് പദ്ധതിക്ക് കീഴിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ ജില്ലയിൽ നിലവിലുള്ള ആരോഗ്യ സംവിധാനങ്ങളുടേയും, പട്ടികവർഗ്ഗ മേഖലയിൽ ആരോഗ്യരംഗത്ത് നടപ്പിലാക്കുന്ന വിവിധ കേന്ദ്ര- സംസ്ഥാന പദ്ധതികളുടെയും സംയോജന സാധ്യതകൾ ഉറപ്പുവരുത്തും. പദ്ധതിക്ക് ആവശ്യമായ നഴ്സിംഗ്, പാരാമെഡിക്കൽ സേവനങ്ങൾക്കായി പട്ടികവർഗ്ഗ വിഭാഗങ്ങളിൽ നിന്നുള്ള ആരോഗ്യ സംബന്ധിയായ പരിശീലനം ലഭിച്ച, വിദ്യാസമ്പന്നരായ യുവാക്കളുടെ പരമാവധി പ്രാതിനിധ്യം ഉറപ്പാക്കും.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പോഷക പ്രശ്നങ്ങൾ കണ്ടെത്താൻ പ്രത്യേക പഠനം നടത്തുകയും പോഷകപ്രശ്നമുള്ള കുട്ടികളെ പ്രത്യേക കേന്ദ്രങ്ങളിൽ താമസിപ്പിച്ച് ആരോഗ്യക്ഷമത ഉറപ്പാക്കുകയും ചെയ്യും. തദ്ദേശ സ്വയംഭരണം, വനം, എക്സൈസ് വകുപ്പുകളുടെ സഹകരണം പദ്ധതിയ്ക്കായി ഉപയോഗപ്പെടുത്തും. കല്പറ്റ, മാനന്തവാടി, ബത്തേരി എന്നിവിടങ്ങളിലാണ് ആദ്യഘട്ട പദ്ധതി. കേന്ദ്രസർക്കാർ 60 %, സംസ്ഥാനസർക്കാർ 40 % എന്നിങ്ങനെ വിഹിതം പങ്കിടും. കലക്ടറുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ്, പട്ടികവർഗ്ഗ വകുപ്പ്, സി-ഡാക് എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടുന്ന ജില്ലാതല നിരീക്ഷണ സമിതി പദ്ധതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തും. തുടർന്ന് പദ്ധതി കൂടുതൽ ജില്ലകളിലേയ്ക്ക് വ്യാപിപ്പിയ്ക്കും.