ശബരിമല തീർഥാടനം കേരളത്തിന്റെ യശസിനെ ഉയർത്തിപിടിക്കുന്ന തരത്തിലുള്ളതാക്കി മാറ്റണം. കോവിഡാനന്തരമുള്ള തീർഥാടനമായത് കൊണ്ട് തന്നെ തീർഥാടകരുടെ എണ്ണത്തിലെ വർധന കണക്ക് കൂട്ടി തീർഥാടനത്തിനായി മുന്നൊരുക്കങ്ങൾ നേരത്തെ തന്നെ വകുപ്പുകൾ ആരംഭിച്ചിരുന്നു. എന്നാൽ, പ്രതീക്ഷിച്ചതിലും അധികം ആളുകളാണ് ഓരോ ദിവസവും ദർശനത്തിനായി ശബരിമലയിലേക്ക് എത്തുന്നത്. ഒരു ദിവസം ഒരു ലക്ഷത്തിലധികം തീർഥാടകർ എത്തിച്ചേർന്നുകൊണ്ടിരിക്കുമ്പോൾ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായുള്ള ദീർഘനേരത്തെ ക്യു ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതിന് വേണ്ട ബദൽ സംവിധാനങ്ങൾ വേഗത്തിൽ സ്വീകരിക്കും. അതിന്റെ ഭാഗമായി കുട്ടികൾ, വയസായ സ്ത്രീകൾ, ഭിന്നശേഷിക്കാർ എന്നിവർക്കായി പ്രത്യേക ക്യു ഒരുക്കും. പ്രത്യേക ക്യു ഒരുക്കുമ്പോൾ കൂട്ടം തെറ്റി പോകുമെന്ന ആശങ്ക കൂടി കണക്കിലെടുത്തുള്ള തയാറെടുപ്പുകളായിരിക്കും നടത്തുക.
തിരക്കിന്റെ പശ്ചാത്തലത്തിൽ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദർശനത്തിനെത്തേണ്ട ഭക്തരുടെ എണ്ണം വെർച്വൽ ക്യു വഴി 90,000 എന്ന നിലയിലേക്ക് നിയന്ത്രിക്കും.മാത്രമല്ല, ക്യു കോംപ്ലക്സ്, ഫ്ളൈഓവർ എന്നിവയുടെ പ്രവർത്തനം കാര്യക്ഷമമാക്കും. ക്യു നിൽക്കുന്ന ഭക്തർക്ക് ആഹാരം, വെള്ളം, മതിയായ ടോയ്ലെറ്റ് സൗകര്യം എന്നിവ ഉറപ്പാക്കും. ഇതിലൂടെ തീർഥാടകരുടെ പ്രയാസം കുറയ്ക്കുന്നതിന് വേണ്ട എല്ലാ ഇടപെടലുകളും കാര്യക്ഷമമായി നടപ്പാക്കും. ആരോഗ്യവകുപ്പ് മികച്ച ഇടപെടലുകളാണ് നടത്തുന്നത്. ഇതുവരെ 19 ലക്ഷത്തിലധികം തീർഥാടകരാണ് എത്തിയത്. മെച്ചപ്പെട്ട വാഹനമില്ലായെന്നതാണ് കെഎസ്ആർടിസിയുമായി ബന്ധപ്പെട്ടുയർന്ന പരാതി. എന്നാൽ എല്ലാ വാഹനങ്ങളും പര്യാപ്തമാണ്. കെഎസ്ആർടിസിയുടെ പരിശോധനയ്ക്ക് ശേഷമാണ് അവ സർവീസ് നടത്തുന്നതിനായി കൊണ്ടുവന്നിട്ടുള്ളത്. മോട്ടോർ വെഹിക്കിൾ വകുപ്പിനോട് അവശ്യമെങ്കിൽ വീണ്ടും പരിശോധിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഭക്തരിൽ നിന്നും അമിത ചാർജ് ഈടാക്കുന്നില്ലെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്.
പാർക്കിംഗ് സൗകര്യം കൂടുതൽ ഒരുക്കാനുള്ള നിർദേശവും നൽകിയിട്ടുണ്ട്. 6500 വാഹനങ്ങൾക്കാണ് ഇപ്പോൾ നിലയ്ക്കലിൽ പാർക്കിംഗ് സൗകര്യമുള്ളത്. എന്നാൽ അവിടുത്തെ മണ്ണിന്റെ ഘടന അനുസരിച്ച് മഴ വരുമ്പോൾ പാർക്കിംഗിനുള്ള ബുദ്ധിമുട്ടുണ്ടാകും. അതിനുള്ള ബദൽസംവിധാനം സ്വീകരിക്കും. കൂടുതൽ പാർക്കിംഗ് സെന്ററുകൾ കണ്ടെത്താൻ വനം വകുപ്പിനോട് സഹായം തേടിയിട്ടുണ്ട്. നിലവിലുണ്ടായ പ്രയാസങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ അതത് വകുപ്പുകൾ പ്രശ്നങ്ങൾ നിലനിൽക്കുന്ന സ്പോട്ടിൽ തന്നെ പരിഹാരമുണ്ടാക്കും. ഇനിയുള്ള ദിവസങ്ങൾ വലിയ കരുതലോടെ മുന്നോട്ട് പോകും.
റവന്യുവകുപ്പിന്റെ നേതൃത്വത്തിൽ ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് എല്ലാ മുന്നൊരുക്കങ്ങളും നടത്തി. സംസ്ഥാന സർക്കാർ ശബരിമല തീർഥാടവുമായി ബന്ധപ്പെട്ട് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ തയാറാണ്. കോവിഡാനന്തരമായതുകൊണ്ട് തന്നെ എല്ലാ വിശ്വാസകേന്ദ്രങ്ങളിലും തിരക്ക് കൂടുതലാണ്.
പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലായി എമർജൻസി ഓപ്പറേഷൻ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. ദുരന്തസാധ്യതയുള്ള പന്ത്രണ്ട് പ്രദേശങ്ങൾ കണ്ടെത്തി മുന്നറിയിപ്പ് കൊടുത്തിരുന്നു.വിശുദ്ധി സേനയുടെ മികച്ച സേവനമാണ് പമ്പ, സന്നിധാനം, നിലയ്ക്കൽ, പന്തളം, കുളനട എന്നിവിടങ്ങളിലായി നടത്തുന്നത്. തിരക്ക് കൂടുന്ന സമയമാണ് ഇനി. പതിനെട്ടാംപടിയിലൂടെ തീർഥാടകരെ കയറ്റി വിടുന്നത് കുറച്ച് കൂടി വേഗത്തിലാക്കും. കോവിഡാനന്തരമുള്ള തീർഥാടനമായതുകൊണ്ട് തന്നെ കുട്ടികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണുള്ളത്. ഇതര സംസ്ഥാനത്ത് നിന്നെത്തുന്ന ഭക്തർ സന്നിധാനത്തെത്തി ദർശനം കഴിഞ്ഞ് പ്രസാദം വാങ്ങിയ ശേഷമേ മടങ്ങു. പാർക്കിംഗിന്റെ പ്രശ്നത്തിനും ഉടൻ പരിഹാരമുണ്ടാകും. കുട്ടികൾക്കും വയസായ സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ക്യു സൗകര്യം ഉറപ്പാക്കും.
തീർഥാടനപാതയിലെ 32 പഞ്ചായത്തുകൾക്കും ആറു മുനിസിപ്പാലിറ്റികൾക്കും അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായി തുക അനുവദിച്ചു. റാന്നി-പെരുനാട് പഞ്ചായത്തിൽ ഇൻഫർമേഷൻ സെന്റർ ആരംഭിക്കും. ലൈഫ് ഗാർഡുകൾ, ലൈഫ് ജാക്കറ്റുകൾ, തെരുവുവിളക്കുകൾ, മുന്നറിയിപ്പ് ബോർഡുകൾ, ഇടത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെല്ലാം ഒരുക്കി.